റേഷന്‍ മസ്റ്ററിങ് സ്തംഭനം; പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

Spread the love

റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് രണ്ടാം ദിവസവും മുടങ്ങിയത് പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും ഭക്ഷ്യ വകുപ്പ് മന്ത്രിക്കും കത്ത് നല്‍കി. മസ്റ്ററിങ് നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനും റേഷന്‍ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിനും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

കത്ത് പൂര്‍ണരൂപത്തില്‍.

റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് തുടര്‍ച്ചയായ രണ്ടാം ദിവസവും മുടങ്ങിയത് അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടു കാണുമല്ലോ.

ജോലിക്ക് പോകാതെയാണ് സാധാരണക്കാരായ കാര്‍ഡുടമകള്‍ ഇന്നലെയും ഇന്നും മസ്റ്ററിങിന് വേണ്ടി റേഷന്‍ കടകള്‍ക്ക് മുന്നില്‍ കാത്തുനിന്ന് നിരാശരായി മടങ്ങിയത്. മുന്നൊരുക്കമോ വേണ്ടത്ര ജഗ്രതയോ കാട്ടാതെയുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് ഇരകളാകുന്നത് സാധാരണ മനുഷ്യരാണെന്ന് ഓര്‍ക്കണം. പെന്‍ഷനോ മറ്റ് ഒരു തരത്തിലുള്ള സര്‍ക്കാര്‍ സഹായങ്ങളോട ലഭിക്കാതെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നവരുടെ തുച്ഛ വരുമാനം പോലും ഇല്ലാതാക്കിയുള്ള ഇത്തരം ഇടപെടലുകള്‍ അംഗീകരിക്കാനാകില്ല. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കാന്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണം.

ഇ പോസ് സംവിധാനത്തിന്റെ തകരാര്‍ കാരണം സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിക്കുന്നതും പതിവാണ്. ഐ.ടി മിഷന് കീഴിലെ സെര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കാത്തതാണ് പ്രതിസന്ധന്ധിക്ക് കാരണമാകുമെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ഇപ്പോള്‍ ഭക്ഷ്യവകുപ്പും ഇക്കാര്യം സമ്മതിക്കുന്നു. 1.54 കോടി ആളുകളാണ് മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ അംഗങ്ങളായുള്ളത്. മസ്റ്ററിങ് എങ്ങനെ നടത്താമെന്നതിനെ കുറിച്ച് സര്‍ക്കാരിന് ഇപ്പോഴും കൃത്യമായ മറുപടിയില്ല. വൈകിയാണ് സംസ്ഥാന സര്‍ക്കാര്‍ വൈകിയാണ് മസ്റ്ററിങ് നടപടികള്‍ ആരംഭിച്ചതെന്ന പരാതിയുണ്ട്.

നിലവിലെ സാങ്കേതിക സംവിധാനത്തില്‍ മസ്റ്ററിങ് സാധ്യമല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. മികച്ച സെര്‍വര്‍ ബാക്കപ്പുമായി മസ്റ്ററിങ് നടത്താനുള്ള സാങ്കേതിക സംവിധാനം ഉണ്ടാക്കുകയാണ് ചെയ്യേണ്ടത്. മസ്റ്ററിങ് നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനും റേഷന്‍ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിനും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നു.

 

Author

Leave a Reply

Your email address will not be published. Required fields are marked *