ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള മോദിയും ബിജെപിയും അഴിമതിയില്‍ മുങ്ങിക്കുളിച്ചെന്ന് എംഎം ഹസന്‍

Spread the love

അഴിമതി തൊട്ടുതീണ്ടിയിട്ടില്ലെന്നു കള്ളപ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇലക്ട്രല്‍ ബോണ്ടിന്റെ ഭാഗികമായ വിശദാംശങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ അടിമുടി അഴിമതിയില്‍ ആറാടി നില്ക്കുകയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് ഇലക്ട്രല്‍ ബോണ്ട്. മോദി സര്‍ക്കാര്‍ സമീപകാലത്ത് അനുവദിച്ച മിക്ക പദ്ധതികളിലും ഇലക്ട്രല്‍ ബോണ്ടിനെ മറയാക്കി വന്‍ അഴിമതിയാണ് നടത്തിയത്.

ഇലക്ട്രല്‍ ബോണ്ടില്‍ പണം ഇറക്കിയവര്‍ക്ക് കൂറ്റന്‍ ആനുകൂല്യങ്ങളും പദ്ധതികളുമാണ് മോദി സര്‍ക്കാര്‍ നല്കിയത്. ആന്ധ്രാപ്രദേശില്‍നിന്നുള്ള രാജ്യസഭ എംപി സിഎം രമേശിന്റെ ആര്‍പിപിഎല്‍ കമ്പനി 5 കോടിയുടെ ഇലക്ട്രല്‍ ബോണ്ട് വാങ്ങിയപ്പോള്‍ 1098 കോടി രൂപയുടെ ജലവൈദ്യുതി പദ്ധതി ഹിമാചല്‍ പ്രദേശില്‍ ലഭിച്ചു. രണ്ടുമാസം കഴിഞ്ഞപ്പോള്‍ 40 കോടിയുടെ ഇലക്ട്രല്‍ ബോണ്ടും വാങ്ങി.

ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും നിരവധി കമ്പനികളെക്കൊണ്ട് ഇലക്ട്രല്‍ ബോണ്ട് വാങ്ങിപ്പിച്ചു. നികുതിവെട്ടിപ്പ് നടത്തിയ പ്രമുഖ മരുന്നു കമ്പനികള്‍ 2022ല്‍ കൂട്ടത്തോടെ ബോണ്ട് വാങ്ങി. കോവിഡ് കാലത്ത് ജനങ്ങളെ പിഴിഞ്ഞ് ശതകോടികളുണ്ടാക്കിയ കമ്പനികളാണിവ. 30 കമ്പനികളെങ്കിലും 900 കോടി രൂപയുടെ ബോണ്ട് വാങ്ങിയിട്ടുണ്ട്.

1186 കോടി രൂപ സംഭാവന നല്കിയ മേഘ എന്‍ജിനീയറിംഗിന് താനെ ബോറിവ്ലി ഇരട്ട തുരങ്കപാത നിര്‍മിക്കാനുള്ള 14,400 കോടിയുടെ കരാര്‍ ലഭിച്ചു.
ഏറ്റവുമധികം സംഭാവന നല്കിയ (1368കോടി) ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെ ഇഡിയും ആദായനികുതി വകുപ്പും റെയ്ഡ് ചെയ്തിരുന്നു.

ഏറ്റവുമധികം ആനുകൂല്യം കൈപ്പറ്റിയ അദാനി, റിലയന്‍സ് കമ്പനികളുടെ വിശദാംശങ്ങള്‍ പുറത്തുവരാനിരിക്കുന്നു. ഈ അഴിമതി തെരഞ്ഞെടുപ്പ് വേളയില്‍ വ്യാപകമായി വിചാരണ ചെയ്യപ്പെടുമെന്ന് ഹസന്‍ പറഞ്ഞു.

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *