ലോക്സഭാ തിരഞ്ഞെടുപ്പിലെ ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് പ്രകാശനം ചെയ്തു. തിരഞ്ഞെടുപ്പ് സമ്പൂർണ്ണമായും മാലിന്യ മുക്തമാക്കുക, നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക് ഉൽപന്നങ്ങളും നിരോധിത ഫ്ലക്സുകളും തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാതിരിക്കുക, തിരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുക എന്നിവയാണ് ഹരിത തിരഞ്ഞെടുപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ.
പോളിംഗ് സ്റ്റേഷനുകളിലും ബൂത്തുകളിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളായ ഡിസ്പോസിബിൾ ഗ്ലാസ്സ്, പ്ലേറ്റ്, ഇല, സ്പൂൺ, സ്ട്രോ, പ്ലാസ്റ്റിക് അലങ്കാര വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നില്ലെന്ന് ഹരിത തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉറപ്പാക്കും.
കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര, ജില്ലാ ശുചിത്വ മിഷൻ കോ ഓഡിനേറ്റർ നിഫി എസ്. ഹക്, നവകേരളം കർമപദ്ധതി 2 ജില്ലാ കോ ഓഡിനേറ്റർ എസ്. രഞ്ജിനി, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി.എച്ച് ഷൈൻ, ശുചിത്വമിഷൻ അസിസ്റ്റന്റ് കോഓഡിനേറ്റർ കെ.ജെ ലിജി എന്നിവർ പങ്കെടുത്തു.