ന്യൂയോർക്ക് : അമേരിക്കയിലെ മലയാളീ സംഘടനകളുടെ ഏറ്റവും വലിയ സംഘടനയായ ഫോമായുടെ ന്യൂയോർക്ക് മെട്രോ റീജിയൺ കൺവെൻഷൻ 19-ന് വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ പ്രൗഡ്ഢ ഗംഭീരമായി നടത്തുവാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ (26 North Tyson Avenue, Floral Park, New York, 11001) ഫോമാ ഭാരവാഹികളുടെയും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും നിറ സാന്നിധ്യത്തിൽ വിവിധ കലാപരിപാടികളോടെ നടത്തുവാനാണ് ക്രമീകരിച്ചിരിക്കുന്നത്. മെട്രോ റീജിയണൽ വൈസ് പ്രസിഡൻറ് (RVP) പോൾ ജോസിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് കൺവെൻഷൻ നടത്തിപ്പിനുള്ള ചുമതല വഹിക്കുന്നത്.
ആഗസ്റ്റ് 8 മുതൽ 11 വരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റ കാനായിൽ വച്ച് നടത്തപ്പെടുന്ന എട്ടാമത് ഇന്റർനാഷണൽ കൺവെൻഷന്റെ രെജിസ്ട്രേഷൻ കിക്ക് ഓഫും 2024-2026 വർഷത്തേക്കുള്ള വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന മത്സരാർത്ഥികളെ പരിചയപ്പെടുത്തുന്ന ചടങ്ങും റീജിയണൽ കൺവെൻഷനോടനുബന്ധിച്ച് നടത്തുന്നതാണ്. നയന സുന്ദരമായ കലാപരിപാടികളുടെ അകമ്പടിയോടെ നടത്തപ്പെടുന്ന കൺവെൻഷനിൽ ഫോമായുടെ അനിഷേധ്യ നേതാക്കൾ സംസാരിക്കുന്നതാണ്.
റീജിയൺ വൈസ് പ്രസിഡൻറ് പോൾ ജോസ്, റീജിയൻ ചെയർമാനും കേരളാ കൾച്ചറൽ അസോസ്സിയേഷൻ പ്രസിഡൻറുമായ ഫിലിപ്പ് മഠത്തിൽ, റീജിയൻ പ്രസിഡൻറ് അലക്സ് എസ്തപ്പാൻ, റീജിയൺ സെക്രട്ടറി മാത്യു ജോഷുവ, റീജിയൻ കൺവെൻഷൻ ചെയർമാൻ രാജേഷ് പുഷ്പരാജൻ, നാഷണൽ കമ്മറ്റി അംഗങ്ങളായ വിജി എബ്രഹാം, തോമസ് ഉമ്മൻ, കമ്മറ്റി അംഗങ്ങളായ റിനോജ് കോരുത്, ഷാജി വറുഗീസ്, എബ്രഹാം ഫിലിപ്പ്, വിമൻസ് ഫോറം ചെയർ ഡോ. ഷെറിൻ എബ്രഹാം, യൂത്ത് ഫോറം ചെയർ വരുൺ ഈപ്പൻ, വിവിധ സംഘടനാ പ്രസിഡന്റുമാർ എന്നിവരടങ്ങുന്ന സംഘടനാ സമിതിയുടെ അക്ഷീണ പ്രവർത്തനമാണ് കൺവെൻഷൻ നടത്തിപ്പിന്ന് സഹായകമായി തീർന്നത്.