കാസർകോട് മണ്ഡലത്തിൽ ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രത്തിന്റെ (ഇവിഎം) കമ്മീഷനിങ്ങിന്റെ ഭാഗമായി നടത്തിയ മോക്പോളിൽ ഒരു സ്ഥാനാർഥിക്ക് അധിക വോട്ട് ലഭിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. പരാതി ഉയർന്നതിനെത്തുടർന്ന് ഇതുസംബന്ധിച്ച് കാസർകോട് ജില്ലാ കളക്ടറിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു.
തിരഞ്ഞെടുപ്പിനായി ഇവിഎം സജ്ജമാക്കുന്ന പ്രക്രിയയാണ് കമ്മീഷനിങ്. അസി. റിട്ടേണിങ് ഓഫീസർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ(ബെൽ) നിന്നുള്ള എൻജിനീയർമാരാണ് ഇത് നിർവഹിക്കുന്നത്. സ്ഥാനാർഥികളുടെയോ സ്ഥാനാർഥികൾ നിയോഗിക്കുന്ന
ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് കമ്മീഷനിങ് പ്രക്രിയ നടക്കുന്നത്. ഇത് പൂർണമായും വെബ്കാസ്റ്റ് ചെയ്യുന്നുമുണ്ട്.
കാസർകോട് മണ്ഡലത്തിൽ നടന്ന കമ്മീഷനിങ്ങിന്റെ ഭാഗമായി നടത്തിയ മോക്പോളിനിടെ അധികമായി വിവിപാറ്റ് സ്ലിപ് പുറത്തുവന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. യന്ത്രങ്ങൾ സജ്ജമാക്കിയതിന് ശേഷം ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ പ്രിന്റ് എടുക്കാതിരുന്ന വിവിപാറ്റ് സ്ലിപ്പാണ് പിന്നീട് നടന്ന മോക്ക് പോളിനിടെ പുറത്തുവന്നത്.