പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത് (22/04/2024).
രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി നടത്തുന്ന അധിക്ഷേപ കാമ്പയില്‍ സി.പി.എം ഏറ്റെടുത്തു; കെ.കെ ശൈലജയ്ക്ക് എതിരായ കോവിഡ്കാല കൊള്ള ഇനിയും ഉന്നയിക്കും; പൂരം ദിനത്തില്‍ കമ്മിഷണര്‍ അഴിഞ്ഞാടിയപ്പോള്‍ ആഭ്യന്തരമന്ത്രി ഉറക്കത്തിലായിരുന്നോ? കേരളത്തില്‍ യു.ഡി.എഫ് തരംഗം; ഇരുപതില്‍ ഇരുപതും ജയിക്കും.
പാലക്കാട് : തിരഞ്ഞെടുപ്പില്‍ 400 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും 300 സീറ്റ് കിട്ടുമെന്നാണ് ഇപ്പോള്‍ പറയുന്നത്. തിരുവനന്തപുരത്തെ പ്രസംഗത്തില്‍ നിങ്ങള്‍ പേടിക്കേണ്ട അധികാത്തില്‍ വരുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ബി.ജെ.പിക്ക് ഭയം തുടങ്ങി. അതിന്റെ ഭാഗമായാണ് രാജസ്ഥാനില്‍ വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത മോദി പ്രസംഗിച്ചത്. പ്രധാനമന്ത്രി വിഷം ചീറ്റുകയാണ്. ഡോ. മന്മോഹന്
സിംഗിന്റെ കാലത്ത് കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നവര്‍ക്കാണ് കൂടുതല്‍ സ്വത്ത് നല്‍കേണ്ടതെന്നും അതുകൊണ്ട് സമ്പത്ത് മുഴുവന്‍ മുസ്ലീംകള്‍ക്ക് നല്‍കണമെന്നും കോണ്‍ഗ്രസ് പറഞ്ഞെന്നാണ് മോദി പ്രസംഗിച്ചത്. തിരഞ്ഞെടുപ്പിന്റെ പ്രധാനഘട്ടത്തില്‍ വിദ്വേഷത്തിന്റെ കാമ്പയിനാണ് പ്രധാനമന്ത്രി നടത്തുന്നത്. ഈ വര്‍ഗീയ അജണ്ടയ്ക്കെതിരെയാണ് കോണ്‍ഗ്രസ് പോരാടുന്നത്. സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം വേണമെന്നാണ് ഡോ. മന്മോഹന്
സിംഗ് പറഞ്ഞത്. സമ്പത്തിന്റെ നീതി പൂര്‍വകമായ വിതരണം നടന്നാല്‍ പട്ടികജാതി പട്ടികവര്‍ഗ വിഭഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന ലഭിക്കും. സമ്പത്തിന്റെ നീതിപൂര്‍വകമായ വിനിയോഗത്തെ കുറിച്ച് ഡോ മന്മോഹന് സിംഗ് നടത്തിയ പ്രസംഗമാണ് നരേന്ദ്ര മോദി ദുര്‍വ്യാഖ്യാനം ചെയ്ത് വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നത്. തിരുവനന്തപുരത്ത് വന്ന് ക്രൈസ്തവരെ ചേര്‍ത്ത് പിടിക്കുമെന്ന് പറയുമ്പോഴും മറ്റു സംസ്ഥാനങ്ങളില്‍ ക്രൈസ്തവ ദേവാലയങ്ങളും ക്രൈസ്തവരും ആക്രമിക്കപ്പെടുകയാണ്. മണിപ്പൂരില്‍ മുന്നൂറോളം പള്ളികളാണ് കത്തിച്ചത് നൂറു കണക്കിന് പേര് കൊല്ലപ്പെട്ടു പതിനായിരങ്ങള്‍ പലായനം ചെയ്തു. എന്നിട്ടും തൃശൂരില്‍ കല്യാണത്തിന് വന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ല. മണിപ്പൂരില്‍ പോയി സ്ത്രീകളെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിച്ചത് രാഹുല്‍ ഗാന്ധി മാത്രമാണ്. നിരവധി വൈദികരും പാസ്റ്റര്‍മാരും ജയിലുകളിലാണ്. കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 26-ന് പീഡനമേറ്റ് ജയിലില്‍ മരണപ്പെട്ട ഫാദര്‍ സ്റ്റാന്‍സാമിയുടെ എന്പത്തി ഏഴാം ജന്മദിനാണ്. വര്‍ധക്യവും രോഗവും ബാധിച്ച് ഒരു ഗ്ലാസ് വെള്ളം പോലും എടുത്ത് കുടിക്കാന്‍ സാധിക്കാത്ത ആളെയാണ് ക്രൂരമായ വിധിക്ക് വിധേയമാക്കിയത്.
സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ യു.ഡി.എഫും കോണ്‍ഗ്രസും മിണ്ടിയില്ലെന്നാണ് ബി.ജെ.പി ഇന്ന് നല്കിയ പരസ്യത്തില്‍ പറയുന്നത്. സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഏറ്റവും കൂടുതല്‍ പ്രതികരിച്ചതും സമരം നടത്തിയതുമൊക്കെ കോണ്‍ഗ്രസും യു.ഡി.എഫുമാണ്. കെ.എസ്.യു, മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്മാര് നിരാഹാരസമരം ആരംഭിച്ചതിന്റെ ആറാം ദിനത്തിലാണ് കേസ് സി.ബി.ഐക്ക് വിട്ടത്. വര്‍ഗീയ പ്രചരണമാണ് മാധ്യമങ്ങളിലൂടെ ബി.ജെ.പി നടത്തുന്നത്. പ്രതിപക്ഷത്തെ പരാജയപ്പെടുത്തുന്നതിന് വേണ്ടി വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയ പ്രചരണത്തിലേക്കാണ് ബി.ജെ.പി പോകുന്നത്.
വടക്കേ ഇന്ത്യയിലേതു പോലെ തിരുവനന്തപുരത്തും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ സൂചനകള്‍ കിട്ടിയതിനെ തുടര്‍ന്നാണ് യു.ഡി.എഫ് പരാതി നല്‍കിയത്. എന്നാല്‍ ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ ബി.ജെ.പി അഴിമതി കാട്ടിയെന്നു പോസ്റ്റിട്ടയാള്‍ക്കെതിരെ മോദിയുടെ സത്പേരിന് കളങ്കമുണ്ടാക്കുന്നെന്നു കാട്ടി പിണറായിയുടെ പൊലീസ് കേരളത്തില്‍ കേസെടുക്കുകയാണ്. വര്‍ഗീയതയാണ് ബി.ജെ.പി സംസാരിക്കുന്നതെന്ന് പറഞ്ഞ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെയും പൊലീസ് കേസെടുത്തു. എന്നാല്‍ പ്രതിപക്ഷ നേതാവ് നല്കിയ 9 പരാതികളിലും കേസില്ല. ഞാന്‍ പോലും പറായാത്ത കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതെന്ന് നരേന്ദ്ര മോദി പോലും പറഞ്ഞു. മോദി സന്തോഷിപ്പിക്കാനാണ് പിണറായി രാഹുല്‍ ഗന്ധിയെ വിമര്‍ശിക്കുന്നത്. അതുകൊണ്ടാണ് പിണറായി വിജയനെ കസവ് കെട്ടിയ പേടിത്തൊണ്ടനാണെന്ന് പറഞ്ഞത്.
അഞ്ച് വര്‍ഷം മുന്‍പ് വയനാട്ടില്‍ പതാക വിവാദമുണ്ടാക്കിയത് ബി.ജെ.പിയാണ്. ഇപ്പോള്‍ പതാക വിവാദമുണ്ടാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ബി.ജെ.പിയെ പോലെ വര്‍ഗീയധ്രുവീകരണം നടത്താനാണ് പിണറായി വിജയനും ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധി പോയ എല്ലായിടത്തും കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കൊടികളുണ്ട്. ഓരോ പ്രചരണത്തിലും കൊടി പിടിക്കണോ പ്ലക്കാര്‍ഡ് പിടിക്കണോയെന്ന് പിണറായി വിജയനും എ.കെ.ജി സെന്ററും
തീരുമാനിക്കേണ്ട. പത്ത് വര്‍ഷമായി രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി നടത്തിയ പ്രചരണം സി.പി.എം ഏറ്റെടുത്തിരിക്കുകയാണ്. 35 ദിവസമായി രാഹുല്‍- കോണ്‍ഗ്രസ് വിരുദ്ധ പ്രചരണമാണ് മുഖ്യമന്ത്രി നടത്തുന്നത്. പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് വോട്ട് ചെയ്തില്ലെന്നും രാഹുല്‍ ഗാന്ധി വിദേശത്താണെന്നുമുള്ള പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറഞ്ഞത്. കോഴിക്കോട് നടത്തിയ 40 മിനിട്ട് പ്രസംഗത്തില്‍ 38 മിനിട്ടും ബി.ജെ.പിക്കെതിരെയാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. എനിക്കെതിരെ പ്രസംഗിക്കുന്ന മുഖ്യമന്ത്രി കുറച്ചു സമയം മോദിക്കും ബി.ജെ.പിക്കും എതിരെ പ്രസംഗിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സംഘപരിവാറിനെ എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ നേതാക്കളെയും ഇ.ഡിയും സി.ബി.ഐയും വേട്ടയാടുകയാണ്. കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു നോട്ടീസ് പോലും അയച്ചിട്ടില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. അതിനെയാണ് മുഖ്യമന്ത്രിയെ അറസ്റ്റു ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി പ്രസംഗിച്ചെന്ന് സി.പി.എം പ്രചരിപ്പിക്കുന്നത്. നുണ ആവര്‍ത്തിച്ച് പറയുന്ന ഗീബല്‍സിയന്‍ തന്ത്രമാണ് മുഖ്യമന്ത്രി പയറ്റുന്നത്. തിരഞ്ഞെടുപ്പ് അജണ്ട പൗരത്വ നിയമത്തെ കുറിച്ച് മാത്രമാക്കി മാറ്റി സര്‍ക്കാരിനെതിരായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരുതെന്നാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ആഗ്രഹിക്കുന്നത്. ഒരു കോടി ആളുകള്‍ക്കാണ് പെന്ഷന് നല്‍കാനുള്ളത്. ആശുപത്രികളില്‍ മരുന്നും മാവേലി സ്റ്റോറുകളില്‍ സാധനങ്ങളുമില്ല. ക്രിസ്മസ്, വിഷു, ഈസ്റ്റര്‍, റംസാന് ചന്തകളുമില്ല. കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണത്തിനുള്ള പണം പോലും നല്‍കിയിട്ടില്ല. ഖജനാവില്‍ നയാപൈസയില്ലാതെ കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കി. റിയാസ് മൗലവി കൊലക്കേസില്‍ ആര്.എസ്.എസുകാരെ രക്ഷിക്കാന്‍ പൊലീസ് കൂട്ടുനിന്നു. വണ്ടിപ്പെരിയാറില്‍ കുഞ്ഞിനെ കൊന്നു കെട്ടിത്തൂക്കിയ ഡി.വൈ.എഫ്.ഐ നേതാവിനെ രക്ഷിക്കാന്‍ കൂട്ടുനിന്നു. വാളയാറില്‍ സി.പി.എം അനുഭാവികളെ രക്ഷിക്കാന്‍ പൊലീസ് കൂട്ടുനിന്നു. നീതിന്യായം ഈ നാട്ടിലില്ല. ഇതൊന്നും ചര്‍ച്ച ചെയ്യാതിരിക്കാനാണ് പൗരത്വത്തെ കുറിച്ച് പറയുന്നത്. പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറയുന്നതും ജനങ്ങളെ കബളിപ്പിക്കലാണ്. 19 സീറ്റില്‍ മാത്രം മത്സരിക്കുന്ന സി.പി.എം പ്രകടനപത്രിക ഇറക്കിയിരിക്കുന്നത് തന്നെ തമാശയാണ്.
പാനൂരില്‍ 26 ന് യു.ഡി.എഫുകാര്‍ക്ക് നേരെ എറിയാനിരുന്ന ബോംബ് തനിയെ പൊട്ടി സി.പി.എമ്മുകാരന് മരിച്ചു. ഇതിന് പിന്നാലെ പൊട്ടിച്ച നുണ ബോംബ് ചീറ്റിപ്പോയി. അശ്ലീല വീഡിയോ ഉണ്ടെന്നാണ് എം.വി ഗോവിന്ദന് പറഞ്ഞത്. അങ്ങനെയൊരു വീഡിയോ ഉണ്ടെങ്കില്‍ നടപടി എടുക്കാമെന്ന് യു.ഡി.എഫ് പറഞ്ഞു. പൊലീസോ മാധ്യമപ്രവര്‍ത്തകരോ ഇത്തരമൊരു വീഡിയോ കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം പറഞ്ഞത് വീഡിയോ എന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്നാണ് കെ.കെ
ശൈലജ പറഞ്ഞത്. എന്നാല്‍ കെ.കെ ശൈലജ പൊലീസിന് നല്കിയ പരാതിയില്‍ വീഡിയോ ക്ലിപ്പ് പ്രചരിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. കോവിഡ് കാലത്ത് പ്രവര്‍ത്തിച്ച പി.ആര് ഏജന്‍സിയാണ് ഇതും ചെയ്തത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ കൈകാര്യം ചെയ്തിരുന്ന സംസ്ഥാനമാണ് കേരളമെന്ന് പ്രചരിപ്പിച്ചതും ഇതേ പി.ആര് ഏജന്‍സിയാണ്. 28000 പേരുടെ മരണമാണ് ആരോഗ്യമന്ത്രി മറച്ചുവച്ചത്. ഇന്ത്യയില്‍ ആളുകള്‍ മരിച്ചതിലും കോവിഡ് ബാധിച്ചതിലും രണ്ടാം സ്ഥാനത്താണ് കേരളം. എന്നിട്ടും പി.ആര് ഏജന്‍സിയെ വച്ച് അവാര്‍ഡ് വാങ്ങലും മാധ്യമങ്ങളില്‍ എഴുതലും മുഖ്യധാരാ മാധ്യമങ്ങളെ
ട്രാപ്പിലാക്കുകയുമായിരുന്നു. അതേ പി.ആര് ഏജന്‍സികളെ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പില്‍ ഞങ്ങളെയും സ്ഥാനാര്‍ത്ഥിയെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. അതൊന്നും ജനങ്ങള്‍ക്ക് മുന്നില്‍ നടക്കില്ല. 25 നാണ് സി.പി.എം ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും മൂന്നാഴ്ച പരാതി എവിടെയാണ് പൂഴ്ത്തിവച്ചത്. എന്തെങ്കിലും നടപടി എടുത്തോ? എന്നിട്ടാണ് തിരഞ്ഞെടുപ്പിന്റെ അവസാന ആഴ്ച ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ കയ്യില്‍ വച്ചാല്‍ മതി. ഞങ്ങളുടെ അടുത്ത് ചെലവാകില്ല. തൃക്കാക്കരയിലും തിരഞ്ഞെടുപ്പിന്റെ അവസാന ആഴ്ച വീഡിയോ ഇറക്കി. എന്നിട്ട് പ്രതിപക്ഷ നേതാവാണ് വീഡിയോ ഉണ്ടാക്കിയതെന്ന് പറഞ്ഞു. എന്നിട്ട് വീഡിയോ ഉണ്ടാക്കിയ ആളെ ഇതുവരെ അറസ്റ്റു ചെയ്തോ? ആര്‍ക്കെങ്കിലും എതിരെ കേസെടുത്തോ? സ്വന്തം പാര്‍ട്ടി ഓഫീസില്‍ ജില്ലാ സെക്രട്ടറിയുടെ കട്ടിലിന് അടിയില്‍ ക്യാമറ വച്ച സി.പി.എമ്മുകാര്‍ എന്തും ചെയ്യാന്‍ മടിക്കില്ല. കേന്ദ്ര കമ്മിറ്റി അംഗവും എം.എല്‍.എയും നേതാവും ആയതിനാല്‍ തനിക്കെതിരെ മാന്യമായ പ്രചരണം നടത്തണമെന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പറയുന്നത്. അവര്‍ക്കെതിരെ ഞങ്ങള്‍ അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. അഴിമതി കേസിലെ ഒന്നാം പ്രതിയാണ്. മൂന്ന് കമ്പനികളില്‍ 450 രൂപയ്ക്ക് പി.പി.ഇ കിറ്റ് കിട്ടിയ അതേ ദിവസം ബോംബെയിലെ സാന്‍ഫാര്‍മയില്‍ നിന്നും 1550 രൂപയ്ക്ക് പതിനായിരക്കണക്കിന് പി.പി.ഇ കിറ്റ് വാങ്ങിയ ആളാണ്. കോടതിയില്‍ പോയപ്പോള്‍ അന്വേഷണം നേരിടാനാണ് ഹൈക്കോടതി പറഞ്ഞത്. ഒന്നാം പ്രതിയായ അവര്‍ക്കെതിരെ ഞങ്ങള്‍ ഈ അഴിമതി ആരോപണം ഉന്നയിക്കും. എല്ലാ തെളിവുകളുമുണ്ട്. എല്ലാം മറച്ചുവച്ചാണ് പി.ആര് കാമ്പയിന് നടത്തിയത്. ഇല്ലാത്ത അശ്ലീല പോസ്റ്ററിന്റെ പേരിലാണ് കേസെടുക്കുന്നത്. മോദിയും സത്പേരിന് കളങ്കം ചാര്‍ത്തിയെന്ന് പറഞ്ഞ് കേസെടുക്കുന്ന പൊലീസ് എന്തും ചെയ്യും.
കേരളത്തില്‍ ഇരുപതില്‍ ഇരുപത് സീറ്റിലും യു.ഡി.എഫ് വിജയിക്കും. സി.പി.എമ്മിനും ബി.ജെ.പിക്കും ഉറപ്പുള്ള ഒരു സീറ്റു പോലുമില്ല. രണ്ട് സീറ്റുകളിലും കഴിഞ്ഞ തവണ വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. യു.ഡി.എഫിന് അനുകൂലമായ വലിയൊരു തരംഗം കേരളത്തിലുണ്ട്.
വര്‍ഗീയത ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള ഗൂഡാലോചനയാണ് തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് നടന്നത്. രണ്ട് മന്ത്രിമാര്‍ ക്യാമ്പ് ചെയ്യുമ്പോഴാണ് പ്രശ്നങ്ങളുണ്ടായത്. ഒരു കാലത്തും ഇല്ലാത്ത പ്രശ്നങ്ങള്‍ മനപൂര്‍വമായി ഉണ്ടാക്കി. ഇതേക്കുറിച്ച് അന്വേഷിക്കണം. കമ്മീഷണറാണോ സര്‍വപ്രതാപി? മുഖ്യമന്ത്രി എന്ന് പറയുന്ന ആള്‍ക്ക് എന്താണ് ജോലി? രാത്രി പത്തര മണി മുതല്‍ ബഹളമായിരുന്നു. രണ്ട് മന്ത്രിമാരും ഇന്റലിജന്‍സും സ്പെഷല്‍ ബ്രാഞ്ചും സ്ഥലത്തുണ്ട്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എപ്പോഴും ഉറക്കമാണോ. ആരും ഒന്നും പറഞ്ഞില്ലേ? ഡി.ജി.പി എവിടെയായിരുന്നു. ക്രമസമാധന ചുമതലയുള്ള എ.ഡി.ജി.പിയും സ്ഥലത്തുണ്ടായിരുന്നല്ലോ? നേരം പുലരുന്നതു വരെ കമ്മിഷണര്‍ക്ക് അഴിഞ്ഞാടാന്‍ വിട്ടുകൊടുക്കുന്ന ആഭ്യന്തര വകുപ്പാണോ ഇവിടെയുള്ളത്. അങ്ങനെയെങ്കില്‍ ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി ഇരിക്കരുത്. ആ സ്ഥാനം ഒഴിയണം. അവിശ്വസനീയമായ കാര്യങ്ങളാണ് നടന്നത്. തൃശൂര്‍ പൂരത്തെ വര്‍ഗീയവത്ക്കരിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുമ്പോള്‍ അവര്‍ക്ക് വളം വച്ചുകൊടുക്കരുത്. മതേതര ഉത്സവമാണ് തൃശൂര്‍ പൂരം. പകല്‍ വെളിച്ചത്തിലാണ് വര്‍ണാഭമായ വെടിക്കെട്ട് നടന്നത്.