ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക : മന്ത്രി വീണാ ജോര്‍ജ്

Spread the love

നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.

യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക.

തിരുവനന്തപുരം: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ വിഭാഗത്തിലുള്ളവര്‍ കഴിയുന്നതും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കുക. നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാല്‍ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

അന്തരീക്ഷ താപനില തുടര്‍ച്ചയായി സാധാരണയില്‍ കൂടുതല്‍ ഉയര്‍ന്നു നില്‍ക്കുന്നതിനേയാണ് ഉഷ്ണതരംഗം എന്ന് പറയുന്നത്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.

· രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
· കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ളവര്‍ ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
· അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
· പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.
· ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. യാത്രാ വേളയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.
· നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
· കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുക. തിളപ്പിച്ചാറ്റിയ വെള്ളം നല്ലത്.
· കുട്ടികള്‍ക്ക് ധാരാളം വെള്ളം നല്‍കുക.
· പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധമായിരിക്കണം.
· പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആര്‍.എസ്. ലായനി, സംഭാരം തുടങ്ങിയവ നല്ലത്.
· കുട്ടികളെയോ വളര്‍ത്തു മൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
· സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാല്‍ വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.
· ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.
· തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക.
· ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കുക.
· ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.

Author

Leave a Reply

Your email address will not be published. Required fields are marked *