തിരുവനന്തപുരം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റായി തിരഞ്ഞെടുത്ത ജെയിംസ് കൂടലിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ. സുധാകരന്റെ നേതൃത്വത്തില്‍ കെപിസിസി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം നല്‍കി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒഐസിസി സംസ്ഥാനത്ത് നടത്തി വന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് സ്വീകരണ യോഗത്തിന് അധ്യക്ഷതവഹിച്ച് കെ. സുധാകരന്‍ പറഞ്ഞു. പ്രവാസികളുടെ വോട്ടുകള്‍ നിര്‍ണായകമാണ്.
അവരിലേക്ക് നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഒഐസിസിക്ക് കഴിഞ്ഞിട്ടുണ്ട്. ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും സംഘടനയിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുന്നതിനും ജെയിംസ് കൂടലിന്റെ നേതൃത്വത്തിന് കഴിയുമെന്ന വിശ്വാസമുണ്ട്. ഒഐസിസി പുനസംഘടന ഉടനുണ്ടാകണം. ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ളയേയും പ്രസിഡന്റ് ജെയിംസ് കൂടലിനെയും അതിന് ചുമതലപ്പെടുത്തി കഴിഞ്ഞു. ഒഐസിസി കെപിസിസിയുടെ നിയന്ത്രണത്തിലുള്ള പോഷകസംഘടനയും ഐഒസി എഐസിസിയുടെ നേതൃത്വത്തിലുള്ള പോഷകസംഘടനയുമാണ്. ഈ രണ്ടു സംഘടനകളും ഒന്നിച്ചു പ്രവര്‍ത്തിക്കുവാനുള്ള ചര്‍ച്ചകള്‍ എഐസിസിയുമായി നടത്തുമെന്നും കെ.സുധാകരന്‍ പറഞ്ഞു.
ഒഐസിസിയുടെ പ്രഥമ ഗ്ലോബല്‍ ട്രഷററായിരുന്ന ജെയിംസ് കൂടല്‍ മികച്ച സംഘാടകനാണെന്ന് സ്വാഗത പ്രസംഗം നടത്തിയ ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. ഒഐസിസിയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് അദ്ദേഹവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. ജെയിംസ് കൂടലിന്റെ സംഘാടനാപാടവവും അനുഭവപരിചയവവും സംഘടനയെ കരുത്തുള്ളതാക്കുമെന്നും കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളേയും ചേര്‍ത്തുപിടിച്ച് മുന്നേറാനാകും ശ്രമിക്കുന്നതെന്ന് നന്ദി പ്രസംഗത്തില്‍ ജെയിംസ് കൂടല്‍ പറഞ്ഞു. സംഘടനയെ കൂടുതല്‍ കരുത്തുള്ളതാക്കും. പ്രവാസികളുടെ ക്ഷേമത്തിനും മുന്നേറ്റത്തിനുമായുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും ജെയിംസ് കൂടല്‍ പറഞ്ഞു.
അലിപേട്ട ജമീല, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടി. യു. രാധാകൃഷ്ണന്‍, അഡ്വ സുബോദ്, വി.ടി. ബൽറാം , മുന്‍ മന്ത്രി പന്തളം സുധാകരന്‍, ആന്റോ ആന്റണി, കെപിസിസി പഴകുളം മധു, എം.എം. നസീര്‍, എം. ജെ ജോബ്, പത്തനംതിട്ട ഡിസിസി അധ്യക്ഷൻ സതീഷ് കൊച്ചുപറമ്പില്‍, കെപിസിസി സെക്രട്ടറി എൻ ഷൈലാജ്, ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ചന്ദ്രശേഖരൻ തുടങ്ങിയവര്‍ പങ്കെടുത്തു .
Report : T P VIJAYAN