ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ പഠനോത്സവ ക്വിസിന്റെ ബ്ലോക്ക്, കോർപ്പറേഷൻതല മത്സരം ചൊവ്വാഴ്ച (മെയ് 7) 160 കേന്ദ്രങ്ങളിലായി നടക്കും. ഇടുക്കി അടിമാലിയിൽ യു.എൻ.ഡി.പി. പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിതകേരളം മിഷൻ സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന പഠനകേന്ദ്രത്തിന്റെ കമ്മ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് ക്വിസ് മത്സരവും പഠനോത്സവവും സംഘടിപ്പിക്കുന്നത്. പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളെ അധികരിച്ചാണ് ക്വിസ് മത്സരം. ഓൺലൈനായി രജിസ്റ്റർ ചെയ്ത 9000 ത്തിലധികം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും. ഇവിടെ നിന്നു വിജയിക്കുന്നവരെ പങ്കെടുപ്പിച്ച് നടക്കുന്ന ജില്ലാതല ക്വിസ് മത്സരം ഈ മാസം പത്തിന് ജില്ലാകേന്ദ്രങ്ങളിൽ നടക്കും. ഇതിൽ വിജയിക്കുന്ന 60 പേരെ പങ്കെടുപ്പിച്ചാണ് മേയ് 20 മുതൽ മൂന്നു ദിവസം അടിമാലിയിലും മൂന്നാറിലുമായി ജൈവവൈവിധ്യ പഠനോത്സവം സംഘടിപ്പിക്കുന്നത്.
ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി. അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പച്ചത്തുരുത്തുകളും അതിലെ ജൈവവൈവിധ്യവും പഠനോത്സവ ക്യാമ്പിന്റെ പ്രധാന ഘടകമായിരിക്കും. വിനോദവും വിജ്ഞാനവും കോർത്തിണക്കി ശില്പശാലകൾ, കുട്ടികളുടെ പഠനങ്ങൾ, ഫീൽഡ് പ്രവർത്തനങ്ങൾ, പാട്ടുകൾ, കളികൾ, നൈപുണ്യ വികസനം എന്നിവ ഉൾപ്പെടുത്തിയാണ് പഠന ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് നവകേരളം കർമപദ്ധതി കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സണുമായ ഡോ. ടി.എൻ. സീമ അറിയിച്ചു.