പിണറായി വിജയന്റെ വിദേശസഞ്ചാരം അണികളേയും മതേതര ജനാധിപത്യ വിശ്വാസികളെയും ഞെട്ടിപ്പിച്ചു: യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍

Spread the love

തിരു :  മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറിക്കാനുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ മുന്നിലുണ്ടാകേണ്ട സിപിഎമ്മിന്റെ രാജ്യത്തെ ഏകമുഖ്യമന്ത്രിയായ പിണറായി വിജയന്‍ സിംഗപ്പൂരിലെയും ഇന്തോനേഷ്യയിലെയും സുഖവാസ കേന്ദ്രങ്ങളില്‍ വിശ്രമത്തിനായി പറന്നത് മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകരെയും മതേതര ജനാധിപത്യ വിശ്വാസികളെയും ഞെട്ടിപ്പിച്ചതായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു.

മോദി സര്‍ക്കാരിനെ പുറത്താക്കുംവരെ വിശ്രമില്ലെന്ന ശപഥം ചെയ്ത സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുമ്പോഴാണ് പിബി അംഗം കൂടിയായ പിണറായി വിജയന്റെ വിനോദവിശ്രമത്തിനായുള്ള സ്വകാര്യവിദേശ സഞ്ചാരമെന്നും ഹസ്സന്‍ പരിഹസിച്ചു. ഐഎന്‍ടിയുസിയുടെ നേതൃത്വത്തിലുള്ള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ നെയ്യാര്‍ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎം ഹസന്‍.

മോദിക്കെതിരെ സംസാരിക്കാനുള്ള ഭയം കാരണമാണ് ബംഗാളിലും ത്രിപുരയിലും മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിന് പോകാതെ മുഖ്യമന്ത്രി പിറണായി വിജയന്‍ വിനോദയാത്രയ്ക്ക് കുടുംബസമേതം പറന്നത്.ഗുരുതര അഴിമതി ആരോപണങ്ങളുടെ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള പിണറായിയുടെ ഒളിച്ചോട്ടം മോദിയെയും ബിജെപിയെയും സഹായിക്കാനാണ്.

പ്രപഞ്ച സൃഷ്ടാവായ ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചു എന്ന സിപിഎം നേതാവിന്റെ പരാമര്‍ശം പിണറായിയെ ദൈവം ആയിട്ടാണ് പാര്‍ട്ടിക്കാര്‍ കാണുന്നത് എന്നതിനുള്ള തെളിവാണ്.ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍നിന്ന് വിശ്രമിക്കാന്‍ പിണറായി വിദേശത്തേക്ക് പോയത് ആസ്തി കൂടിയത് കൊണ്ടായിരിക്കുമെന്നും സംശയം പ്രകടിപ്പിച്ച ഹസന്‍ പിണറായി ഭരണത്തില്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെയും ആസ്തി വര്‍ദ്ധിച്ചെന്നും ചൂണ്ടിക്കാട്ടി. യോഗത്തില്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് മുന്‍ എംപി കെ പി ധനപാലന്‍ അധ്യക്ഷന്‍ ആയിരുന്നു. വര്‍ക്കിംഗ് പ്രസിഡന്റ് സിബിക്കുട്ടി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *