വാര്‍ഡ് പുനര്‍നിര്‍ണ തീരുമാനം ഏകപക്ഷീയം; കൃത്രിമം കാട്ടാന്‍ ശ്രമിച്ചാല്‍ നിയമ നടപടി സ്വീകരിക്കും : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

തദ്ദേശ വാര്‍ഡ് പുനര്‍നിര്‍ണയം സംബന്ധിച്ച് സര്‍ക്കാരിന്റേത് ഏകപക്ഷീയ തീരുമാനമാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷവുമായി ആലോചിച്ചാണ് തീരുമാനമെടുത്തത്. എന്തെങ്കിലും കൗശലം കാണിക്കാനുള്ള വഴിയാണ് സര്‍ക്കാര്‍ തുറന്നുവയ്ക്കുന്നതെങ്കില്‍ അതിനെ നിയമപരമായി നേരിടും. പുനര്‍നിണയത്തിന്റെ പേരില്‍ കൃത്രിമം കാട്ടാന്‍ അനുവദിക്കില്ല. നിയമപരമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമെ വാര്‍ഡ് പുനര്‍നിര്‍ണയം യു.ഡി.എഫ് അനുവദിക്കൂ. മാനദണ്ഡങ്ങള്‍ ലംഘിച്ച് ഓരോരുത്തരുടെ സൗകര്യത്തിന് വാര്‍ഡ് ഉണ്ടാക്കുന്ന പഴയ രീതി പിന്തുടരാന്‍ സമ്മതിക്കില്ല.

കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ സര്‍ക്കാര്‍; ഒരു പണിയും ചെയ്യാതിരിക്കുക എന്നതാണ് എല്ലാ വകുപ്പിലും നടക്കുന്നത്; ജനം ദുരിതത്തിലായിട്ടും ആരോഗ്യവകുപ്പിന് നിസംഗത

കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. രണ്ട് ദിവസം മഴ പെയ്തപ്പോള്‍ തിരുവനന്തപുരം ഉള്‍പ്പെടെ കേരളത്തിലെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഇത് മണ്‍സൂണ്‍ അല്ല, പ്രീ മണ്‍സൂണ്‍ ആണെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. മഴക്കാല പൂര്‍വ നടപടികളൊന്നും തദ്ദേശ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ല. മഴക്കാല പൂര്‍വ ശുചീകരണം നടത്താതെ ബോധവത്ക്കരണ ജാഥകളാണ് പല സ്ഥലങ്ങളിലും നടക്കുന്നത്. ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ല. വലിയ മഴ വന്നാല്‍ കേരളത്തിലെ സ്ഥിതി എന്താകും? ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത ലൈനുകളും ജല വിതരണ പൈപ്പുകളും വിച്ഛേദിച്ചിട്ടുണ്ട്. പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ പോലുമില്ല. അശാസ്ത്രീയമായ രീതിയിലുള്ള ദേശീയപാത നിര്‍മ്മാണം വലിയ വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും ഇടയാക്കും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല.

ആരോഗ്യ രംഗത്തും ഗൗരവതരമായ വിഷയങ്ങളാണ് റിപ്പോട്ട് ചെയ്യപ്പെട്ടത്. മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം കൂടിയിട്ടും ആരോഗ്യവകുപ്പ് അധികൃതര്‍ ശ്രദ്ധിക്കുന്നില്ല. മഞ്ഞപ്പിത്തം ബാധിച്ച് പാവങ്ങളാണ് ആശുപത്രികളില്‍ കിടക്കുന്നത്. അവര്‍ക്ക് സര്‍ക്കാര്‍ ഒരു സഹായവും നല്‍കുന്നില്ല. കുറേപ്പേര്‍ മരിച്ചു. ആരും അന്വേഷിക്കുന്നില്ല. കൊടും ചൂടുളളപ്പോള്‍ നിരവധി പേരാണ് കുഴഞ്ഞു വീണ് മരിച്ചത്. നിരവധി പേര്‍ക്ക് ഹൃദയാഘാതവും പക്ഷാഘാതവും പിടിപെട്ടു. ഇതൊക്കെ കോവിഡിന് ശേഷമുള്ള പ്രശ്‌നങ്ങളാണോ, അതോ വാക്‌സിനുമായി ബന്ധപ്പെട്ട വിഷയമാണോ എന്നൊക്കെയുള്ള ആശങ്ക ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുമ്പോഴും ആരോഗ്യ വകുപ്പ് നിസംഗരായി നില്‍ക്കുകയാണ്.

ഇത്രയും കെടുകാര്യസ്ഥതയുള്ള സര്‍ക്കാര്‍ വേറെ എവിടെയുണ്ട്? ഒരു പണിയും ചെയ്യാതിരിക്കുക എന്നതാണ് എല്ലാ വകുപ്പിലും നടക്കുന്നത്. ആരോഗ്യവകുപ്പിലെ ഒരോ വിഷയങ്ങളിലും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുള്ള മന്ത്രിയുടെ ഉത്തരവുകളെല്ലാം ചേര്‍ത്താല്‍ ഒരു പുസ്തകം ഇറക്കാം. ഒരു റിപ്പോര്‍ട്ടിലും നടപടിയില്ല. എന്തു നടന്നാലും അപ്പോള്‍ റിപ്പോര്‍ട്ട് ചോദിക്കും. ആറാം വിരല്‍ മുറിക്കാന്‍ പോയ കുട്ടിയുടെ നാവ് അറുത്തുമാറ്റിയ ഓപ്പറേഷന്‍ തിയേറ്ററാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേത്. ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിനയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. സര്‍ക്കാരിനെതിരെ സമരം ചെയ്തതിനാല്‍ നഷ്ടപരിഹാരം നല്‍കില്ലെന്നത് ആരോഗ്യമന്ത്രിയുടെ വാശിയാണ്. അഞ്ച് വര്‍ഷം കത്രികയും വയറ്റിലിട്ട് നടന്ന് ആറാമത്തെ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന സ്ത്രീയോട് എത്ര ക്രൂരമായാണ് പെരുമാറുന്നത്? ആശുപത്രികളില്‍ മരുന്നും സ്റ്റെന്റും ഇല്ല. ഇത്രയും അനാഥത്വമാണ് സംസ്ഥാനത്തുള്ളത്.

കേരളം ഗുണ്ടകളുടെ കൈപ്പിടിയിലാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പുമായി ഒരു ബന്ധവുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. പൊലീസ് നിസാഹായരായി നില്‍ക്കുകയാണ്. രണ്ടായിരത്തോളം ഗുണ്ടകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. ഏത് സമയത്തും ആരും കൊല ചെയ്യപ്പെടാമെന്ന സ്ഥിതിയാണ്. ഗുണ്ടകളെത്തി വീടുകള്‍ അടിച്ചു പൊളിക്കുകയാണ്. ലഹരി സംഘങ്ങളുടെയും ഗുണ്ടകളുടെയും നിയന്ത്രണത്തിലാണ് കേരളം. ഗുണ്ടകളെ പേടിച്ച് കാപ്പ നിയമം പോലും നടപ്പാക്കുന്നില്ല. ക്രൂരമായ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. പ്രായ വ്യത്യാസമില്ലാതെ ക്രൂരമായാണ് ലഹരി മരുന്നിന് അടിമകളായ ഗുണ്ടകള്‍ ആക്രമിക്കുന്നത്. ഇവിടെയും സര്‍ക്കാരിന് കെടുകാര്യസ്ഥതയാണ്. പാര്‍ട്ടി നേതാക്കളാണ് പൊലീസിനെ ഭരിക്കന്നത്. പന്തീരാങ്കാവില്‍ പെണ്‍കുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും പരാതിയുമായി എത്തിയ പിതാവിനെ എസ്.എച്ച്.ഒ പരിഹസിച്ചു. നടപടി എടുക്കണമെന്ന് കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടും പ്രതിക്ക് നാട് വിടാനുള്ള സൗകര്യം പൊലീസ് ഒരുക്കിക്കൊടുത്തു. പരാതിയുമായി ഒരു സ്ത്രീക്കും പൊലീസ് സ്റ്റേഷനുകളില്‍ പോകാനാകാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്.

സംസ്ഥാനത്ത് നഴ്‌സിങ് പ്രവേശനം താറുമാറായി. 14 സര്‍ക്കാര്‍ നഴ്‌സിങ് കോളജുകളും 142 സ്വകാര്യ കോളജുകളുമാണുള്ളത്. സ്വകാര്യ കോളജുകള്‍ക്കൊന്നും സര്‍വകലാശാലയും നഴ്‌സിങ് കൗണ്‍സിലും അഫിലിയേഷന്‍ നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ പ്രവേശന നടപടികളുമായി മുന്നോട്ട് പോകാനാകുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ പ്രവേശന നടപടികള്‍ ആരംഭിച്ചു. അന്യ സംസ്ഥാന നഴ്‌സിങ് കോളജ് ലോബിക്ക് വേണ്ടിയാണോ കേരളത്തിലെ നഴ്‌സിങ് പ്രവേശനം അട്ടിമറിച്ചത്? നേരത്തെ ഒറ്റ അപേക്ഷ നല്‍കിയാല്‍ 50 കോളജുകളിലെ പ്രവേശനത്തിന് പരിഗണിക്കുമായിരുന്നു. ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള കേളജുകളിലേക്കും ഒരു അപേക്ഷ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓരോ കോളജിലേക്കും പ്രത്യേകമായി അപേക്ഷയും അതിനായി പ്രത്യേക അപേക്ഷ ഫീസും നല്‍കണം. 2017 മുതലുള്ള ഓരോ അപേക്ഷാഫോമിനും 18% ജി.എസ്.ടി നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ജി.എസ്.ടി പിരിക്കേണ്ടെന്ന ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ നടപടി. നഴ്‌സിങ് കോളജിലെ പ്രവേശനം വഴിയാധാരമായിട്ടും പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല.

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *