സ്വന്തം പാര്‍ട്ടിതാല്‍പ്പര്യങ്ങളെക്കാള്‍ രാജ്യത്തിന്റെ ഐക്യത്തിനും ജനങ്ങളുടെ സമാധാനത്തിനും പ്രാധാന്യം നല്‍കിയ ഭരണാധികാരിയാണ് രാജീവ് ഗാന്ധിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. കെപിസിസിയില്‍ സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
ഇന്ന് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവര്‍ സ്വന്തം പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നു. ജനങ്ങളെ വര്‍ഗീയവത്കരിക്കുന്നു. രാജീവ് ഗാന്ധിയുടെ ഭരണകാലയളവില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഭ്യന്തര പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും വ്യാപകമായിരുന്നു.രക്തപ്പുഴ ഒഴുകിയിരുന്ന ഇവിടങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അദ്ദേഹം
സ്വന്തം പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ പോലും ബലികഴിച്ച് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി. അധികാരം നിലനിര്‍ത്താന്‍ നിരപരാധികളായ ജനങ്ങളുടെ ജീവന്‍ നഷ്ടമാകരുതെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ പേരില്‍ പാര്‍ട്ടിക്ക് ഉണ്ടാകുന്ന ഏത് നഷ്ടവും വലുതല്ലെന്ന് രാജീവ് ഗാന്ധി ഉറച്ച് വിശ്വസിച്ചു. ധീരമായ നടപടികളിലൂടെ രാജീവ് ഗാന്ധി അത് നമുക്ക് കാണിച്ചുതന്നു. പഞ്ചാബിലും അസമിലും മിസോറാമിലുമൊക്കെ അദ്ദേഹം മുന്‍കൈയെടുത്ത് പരിഹരിച്ച രാഷ്ട്രീയ ഒത്തുതീര്‍പ്പുകള്‍ അതിന് ഉദാഹരണങ്ങളാണ്.ഇന്നത്തെ ഭരണാധികാരികള്‍ രാജീവ് ഗാന്ധിയുടെ ഭരണമികവുകള്‍ കണ്ടുപഠിക്കണമെന്നും എകെ ആന്റണി പറഞ്ഞു.
രാജീവ് ഗാന്ധി ഇന്ത്യയുടെ ഭാവിയെ സ്വപ്‌നം കണ്ട ഭരണാധികാരിയായിരുന്നു. ഇന്ന് രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ഡിജിറ്റല്‍ ഇന്ത്യയെന്ന ആശയത്തിന് അടിത്തറപാകിയതും ശാസ്ത്ര സാങ്കേതിക രംഗത്തെ വികസന കുതിപ്പിന് തുടക്കമിട്ടതും രാജീവ് ഗാന്ധിയിലെ ഭരണകര്‍ത്താവിന്റെ മികവാണ്.മഹാത്മഗാന്ധി സ്വപ്നം കണ്ട ഗ്രാമങ്ങളുടെ ശാക്തീകരണം രാജീവ് ഗാന്ധി യാഥാര്‍ത്ഥ്യമാക്കിയത് പഞ്ചായത്ത് രാജ് നിയമം നടപ്പാക്കിയാണെന്നും എകെ ആന്റണി ചൂണ്ടിക്കാട്ടി.
രാജ്യ പുരോഗതിക്കായി ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കുകയും ജനാധിപത്യ സംവിധാനങ്ങളോട് പൂര്‍ണ്ണമായും വിധേയപ്പെട്ടും പ്രവര്‍ത്തിച്ച ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധിയെന്ന് കെ.മുരളീധരന്‍ പറഞ്ഞു.
അവശ ദുര്‍ബല വിഭാഗങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കുകയും പാവപ്പെട്ടവരുടെ കുട്ടികള്‍ക്ക് മികച്ച ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുകയും ചെയ്ത പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.രാജീവ് ഗാന്ധി കൊണ്ടുവന്ന പഞ്ചായത്ത് രാജ്, കമ്പ്യൂട്ടര്‍ വത്കരണം,നവോദയ സ്‌കുളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും ആദ്യം കണ്ണുംപൂട്ടി എതിര്‍ത്തവരാണ് സിപിഎമ്മുകാര്‍. പിന്നീട് ഇതിന്റെയെല്ലാം ഏറ്റവും വലിയ ഗുണഭോക്താക്കളായി അവര്‍ മാറി.രാജീവ് ഗാന്ധിയുടെ അന്ത്യത്തോടെ ഒരു യുഗത്തിന് അവസാനമായെങ്കിലും അദ്ദേഹത്തിന്റെ മകന്‍ രാഹുല്‍ ഗാന്ധിയില്‍ രാജ്യവും ജനങ്ങളും പ്രതീക്ഷയും പ്രത്യാശയും പുലര്‍ത്തുന്നുയെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ക്രാന്തദര്‍ശിയായ രാജീവ് ഗാന്ധിയെ കുറിച്ച് സാഹിത്യകാരന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍ പ്രഭാഷണം നടത്തി.
കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ജി.എസ്.ബാബു സ്വാഗതം പറഞ്ഞു. കെപിസിസി ഭാരവാഹികളായ മരിയാപുരം ശ്രീകുമാര്‍, ജി.സുബോധന്‍,വി.എസ്.ശിവകുമാര്‍,ശരത് ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്,കെ.മോഹന്‍കുമാര്‍,മുന്‍ മന്ത്രിമാരായ പന്തളം സുധാകരന്‍,എം.ആര്‍.രഘുചന്ദ്രബാല്‍, നേതാക്കളായ വി.എസ്. ഹരീന്ദ്രനാഥ്, ആറ്റിപ്ര അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.