ഗാന്ധിയും നെഹ്റുവും കാണിച്ച് തന്ന വഴികളുണ്ട്. ആ വഴികൾ മോദിക്കും സംഘപരിവാറിനും സ്വപ്നത്തിൽ പോലും കാണാനാകില്ല. സത്യഗ്രഹം, സഹനം, അഹിംസ, നിസ്സഹകരണം, സിവിൽ നിയമലംഘനം അങ്ങനെയുള്ള ഗാന്ധിയൻ ആശയസംഹിതകളുടെ പ്രയോഗം പരിവാർ സംഘടനകൾക്ക് മനസിലാകില്ല.
പക്ഷേ ലോകത്തിന് പണ്ടേ മനസിലായി. വഴിവിളക്കും ഊർജ്ജവും തിരുത്തലും സത്യവുമായി ഗാന്ധിജി ഇന്നും ലോകത്തിന് മുന്നിൽ പ്രസക്തനായി നിൽക്കുന്നു.
ഗാന്ധിയെ നിരാകരിക്കുന്നവർ രാമനെ സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുന്നവരാണ്. ഗാന്ധിയുടെ രാമനും സീതയും ഗീതാവാക്യവും സത്യാന്വേഷണങ്ങളും എല്ലാം ഇന്ത്യയായിരുന്നു.
കാലമെത്ര കഴിഞ്ഞാലും കൊലയാളികൾക്ക് കൂടെ കൂട്ടി കുടിയിരുത്താവുന്ന ഒന്നല്ല ഗാന്ധിയും അദ്ദേഹത്തിൻ്റെ മൂല്യങ്ങളും. ഗാന്ധിയെ ഓർക്കാതിരിക്കുക എന്നതാണ് സംഘപരിവാറിന് അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം.
മതഭ്രാന്ത് കത്തി പടർന്ന നവ്ഖാലിയിൽ ഗാന്ധിജി ഉയർത്തിയ ആശയങ്ങൾ മോദി ഓർക്കുന്നുണ്ടാകില്ല.
രാജ്യവും ലോകവും ഓർക്കുന്നുണ്ട്. അങ്ങനെയാണ് മരണവും കടന്ന് ഗാന്ധിജി തലമുറകളിലൂടെ ജീവിക്കുന്നത്.