പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയായി; കുടുംബശ്രീയ്ക്കും അഭിമാനിക്കാം

Spread the love

സ്‌കൂള്‍ തുറക്കും മുമ്പേ സംസ്ഥാനമൊട്ടാകെയുള്ള വിദ്യാലയങ്ങളില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയായപ്പോള്‍ വിദ്യാഭ്യാസ വകുപ്പിനൊപ്പം അഭിമാനം പങ്കിട്ട് കുടുംബശ്രീയും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലേക്കുള്ള 2.97 കോടി പാഠപുസ്തകങ്ങളുടെ വിതരണമാണ് 30ന് പൂര്‍ത്തിയായത്. എയ്ഡഡ് അണ്‍ എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ 13000-ത്തോളം വിദ്യാലയങ്ങളില്‍ പഠിക്കുന്ന 45 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. തുടര്‍ച്ചയായി നാലു വര്‍ഷവും പാഠപുസ്തക വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വകുപ്പിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനായതാണ് കുടുംബശ്രീയുടെ നേട്ടം.

വിദ്യാഭ്യാസ വകുപ്പും കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ബുക്ക്സ് ആന്‍ഡ് പബ്ലിഷിങ്ങ് സൊസൈറ്റി(കെ.ബി.പി.എസ്)യുമായും സഹകരിച്ചു കൊണ്ട് ഏപ്രില്‍ ആദ്യവാരത്തോടെയാണ് പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പുസ്തക വിതരണവുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുളള ഹബ്ബുകളിലേക്ക് മുന്നൂറ്റി അമ്പതോളം കുടുംബശ്രീ വനിതകളെ തിരഞ്ഞെടുത്തിരുന്നു.
പുസ്തകങ്ങള്‍ അച്ചടിച്ച് ഓരോ ജില്ലകളിലുമുള്ള ഹബ്ബുകളില്‍ എത്തിക്കുന്നതിന്റെ ചുമതല കെ.ബി.പി.എസിനാണ്. ഇവിടെ നിന്നും നല്‍കുന്ന എണ്ണത്തിന് ആനുപാതികമായി പുസ്തകങ്ങള്‍ തരം തിരിച്ച് പായ്ക്ക് ചെയ്യുന്ന ജോലികളാണ് കുടുംബശ്രീ അംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഈ പുസ്തകങ്ങള്‍ പിന്നീട് കെ.ബി.പി.എസിന്റെ നേതൃത്വത്തില്‍ ഹബ്ബുകള്‍ക്ക് കീഴിലുള്ള 3302 സൊസൈറ്റികള്‍ക്ക് നല്‍കും. തുടര്‍ന്ന് ഇവിടെ നിന്നും ഓരോ വിദ്യാലയങ്ങളിലേക്കും പുസ്തകങ്ങള്‍ എത്തിക്കുകയായിരുന്നു. കുടുംബശ്രീയുടെ കീഴിലുള്ള സൂപ്പര്‍വൈസര്‍മാര്‍ മുഖേനയാണ് ഹബ്ബിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിച്ചത്.
പാഠപുസ്തക വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ സഹായകമായിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നു കൊണ്ട് സംസ്ഥാനത്തെ കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ് ജീവനക്കാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും അക്ഷീണ പരിശ്രമങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്.

Author

Leave a Reply

Your email address will not be published. Required fields are marked *