തൃശൂര്‍ സീറ്റ് പിണറായി ബിജെപിക്ക് സ്വര്‍ണതാലത്തില്‍ നല്‍കിയ സമ്മാനം : എംഎം ഹസന്‍

Spread the love

തിരുവനന്തപുരം: തൃശൂര്‍ ലോക്സഭാ സീറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണത്താലത്തില്‍ വെച്ച് ബിജെപിക്ക് സമ്മാനിച്ചതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഹസന്‍ രംഗത്തെത്തിയത്. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിനു കീഴിലുള്ള എല്ലാ നിയമസഭാ മണ്ഡലങ്ങളും ഇടതുമുന്നണിയുടെ കൈകളിലാണ്. എന്നാല്‍ ഇവിടെ ഗുരുവായൂര്‍ ഒഴികെ മറ്റെല്ലായിടത്തും ബിജെപി ലീഡ് നേടി. ഇക്കാര്യം ആഴത്തില്‍ പരിശോധിക്കണം. പിണറായി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരുടെ നിയോജകമണ്ഡലങ്ങളായ ഒല്ലൂരിലും ഇരിങ്ങാലക്കുടയിലും ഇടതു സ്ഥാനാര്‍ഥി പിന്നിലായി. ഇതില്‍ തന്നെ ഇരിങ്ങാലക്കുടയില്‍ മൂന്നാമതാണ് എത്തിയത്. കരുവന്നൂര്‍ ബാങ്ക് കൊള്ളയെക്കുറിച്ച് അന്വേഷണം നടത്തുമെന്നായിരുന്നു അവിടെ പ്രചാരണത്തിന് എത്തിയ മോദി പ്രസംഗിച്ചത്. എന്നിട്ട് അന്വേഷണം നടന്നോയെന്ന് ചോദിച്ച ഹസന്‍, അന്വേഷണം നടക്കാത്തതിന്റെ കാര്യം ഇപ്പോള്‍ വ്യക്തമായെന്നും പറഞ്ഞു.

സംസ്ഥാനത്ത് തൃശൂര്‍, ആലപ്പുഴ, ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ഇടതു വോട്ടില്‍ വന്‍ ചോര്‍ച്ചയുണ്ടായി. യുഡിഎഫിന്റെ 41 എംഎല്‍എമാരുടെ നിയോജകമണ്ഡലങ്ങളില്‍ ഒരിടത്തുപോലും ബിജെപി ലീഡ് നേടിയില്ല. വി.എസിന്റെ ജന്മനാടും ജി സുധാകരന്റെ തട്ടകവും അതിലുപരി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമെന്ന് അവര്‍ അവകാശപ്പെടുന്നതുമായ ആലപ്പുഴയിലെ കായംകുളം മണ്ഡലത്തില്‍ സിപിഎം മൂന്നാം സ്ഥാനത്തേയക്ക് പിന്തള്ളപ്പെട്ടു. തിരുവനന്തപുരത്ത് മതേതരവോട്ടര്‍മാര്‍ ഒറ്റക്കെട്ടായി നിന്നതിനാലാണ് സിപിഎം-ബിജെപി അന്തര്‍ധാര പൊളിഞ്ഞത്. തോല്‍വിയെക്കുറിച്ച് പരിശോധിക്കുമെന്ന് പറയുന്ന സിപിഎമ്മും മുഖ്യമന്ത്രിയും ഇക്കാര്യങ്ങളാണ് ആഴത്തില്‍ പഠിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് ശ്രമിച്ചത്. വടകരയില്‍ വര്‍ഗീയ കലാപത്തിനുള്ള എല്ലാ പ്രചരണവും

നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഴുവന്‍ പ്രസംഗങ്ങളിലും കോണ്‍ഗ്രസിനേയും രാഹുലിനേയും ആക്രമിക്കാനാണ് സമയം കണ്ടെത്തിയത്. സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി നടത്തിയ പ്രചാരണത്തിന് അനുകൂലമായ നിലപാട് എടുക്കാന്‍ പോലും പിണറായി തയാറായില്ല. അത് എന്തിന് വേണ്ടിയായിരുന്നുവെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. സ്വാര്‍ത്ഥ താല്‍പര്യമായിരുന്നോ അതോ തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളിലെ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനായിരുന്നോ എന്ന് മുഖ്യമന്ത്രിയാണ് പറയേണ്ടത്. വടകരയില്‍ ഷാഫി പറമ്പിലിനെ വര്‍ഗീയവാദിയാക്കാനുള്ള നീക്കമാണ് സിപിഎം നടത്തിയത്. എന്നാല്‍ ജനങ്ങള്‍ ഇത് പുച്ഛത്തോടെ തള്ളിക്കളഞ്ഞു. വ്യാജ വീഡിയോ ഉണ്ടാക്കിയും കാഫിര്‍ പോസ്റ്റ് പ്രചരിപ്പിച്ചും സിപിഎം നടത്തിയ പ്രചരണങ്ങള്‍ക്ക് വടകരയിലെ ജനങ്ങള്‍ നല്‍കിയ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും സിപിഎമ്മും മാപ്പുപറയണം. തൃശൂരിലേയും ആലത്തൂരിലേയും പരാജയങ്ങള്‍ യുഡിഎഫ് പരിശോധിക്കുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ വോട്ടുകളെല്ലാം ഇടതുമുന്നണിക്ക് കിട്ടിയെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവന, ആടിനറിയാമോ അങ്ങാടി വാണിഭം എന്നേ കരുതാനാകൂ. വോട്ടു ചോര്‍ച്ചയെക്കുറിച്ച് അദ്ദേഹവും ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. ഭരണഘടനയും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ഗാന്ധി വോട്ടു ചോദിച്ചത്. ആ ആഹ്വാനത്തിന് പിന്നില്‍ കേരളത്തിലെ ജനവിഭാഗങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്നതാണ് യുഡിഎഫിന്റെ വിജയത്തിനാധാരം. ദളിത്, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ യുഡിഎഫിന് വലിയ പിന്തുണയാണ് നല്‍കിയത്. അതേസമയം, മുഖ്യമന്ത്രിയാകട്ടെ ഭരണഘടനയെക്കുറിച്ചും പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്ന മോദിയെക്കുറിച്ചും ഒരക്ഷരം മിണ്ടാതെ കോണ്‍ഗ്രസിനെയും രാഹുല്‍ഗാന്ധിയെയും കുറ്റപ്പെടുത്തുകയായിരുന്നു. രാഹുല്‍ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന് ഒരു എംഎല്‍എയെക്കൊണ്ട് പറയിപ്പിച്ചു. ചിഹ്നം സംരക്ഷിക്കാന്‍ വോട്ടു ചെയ്യണമെന്നായിരുന്നു എ.കെ ബാലന്റെ ആവശ്യം.

Author

Leave a Reply

Your email address will not be published. Required fields are marked *