കേരള പോലീസിന്റെ സോളാര്‍ റൂഫിംഗ് പദ്ധതി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍

Spread the love

പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപയോഗം വ്യാപമാകുന്നതിന്റെ ഭാഗമായി കേരള പൊലീസ് തിരുവനന്തപുരംചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് സോളാര്‍ റൂഫിംഗ്. ലോകോത്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്, നീന്തല്‍ക്കുളങ്ങള്‍, ഫെന്‍സിംഗ് സ്‌ക്വാഷ് അക്കാദമി തുടങ്ങി വിവിധ പരിശീലന കേന്ദ്രങ്ങളുള്‍പ്പെടുന്നതാണ് ഈ സമുച്ചയം. സ്റ്റേഡിയത്തിന്റെ ഗാലറിക്ക് പൂര്‍ണമായതും സുരക്ഷിതവുമായ മേല്‍ക്കൂര ആവശ്യമാണെന്നതിനാലാണ് ഗവണ്‍മെന്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയത്. സൂര്യപ്രകാശം നന്നായി ലഭിക്കുമെന്നതിനാല്‍ സോളാര്‍ റൂഫിംഗ് എന്ന ആശയം നടപ്പിലാക്കി. വൈദ്യുതോല്‍പ്പാദനത്തിലൂടെ ആറ് വര്‍ഷം കൊണ്ട് മുടക്കു മുതല്‍ പൂര്‍ണമായി ലഭിക്കുമെന്നതും പൂര്‍ണമായ ഊര്‍ജാവശ്യം നടക്കുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.കേരള പോലീസ് ഇന്റര്‍ഗ്രേറ്റഡ് സ്പോര്‍ട്സ് ആന്റ് ഗെയിംസ് കോംപ്ലക്സ് പ്രവര്‍ത്തിക്കുന്ന ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന്റെ ഗ്യാലറിയുടെ മേല്‍ക്കൂരയിലാണ് ഒരു മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. ഏഴരക്കോടി രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതി 6.98 കോടി രൂപ കൊണ്ട് പൂര്‍ത്തിയാക്കാനായി. ഇതില്‍ 2.75 കോടി രൂപ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ലഭ്യമാക്കിയത്. പദ്ധതി വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി വില്‍ക്കുന്നതിലൂടെ ആറു വര്‍ഷത്തിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങള്‍ക്ക് വിവിധ കായിക ഇനങ്ങള്‍ പരിശീലിക്കുന്നതിനും കളിക്കുന്നതിനും ഇവിടെ അവസരമുണ്ട്. കൂടാതെ ഒരു നീന്തല്‍ കുളവും മൂന്ന് ജിംനേഷ്യവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്ത് തന്നെ മാതൃകാപരമായ ഹരിത സ്റ്റേഡിയങ്ങളിലൊന്നായി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം മാറുകയാണ്.
പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളുടെ വ്യാപനത്തിന് എനര്‍ജി മാനേജ്മെന്റ് സെന്റര്‍, അനെര്‍ട്ട് തുടങ്ങിയ വിവിധ ഏജന്‍സികളിലൂടെ വിവിധ പദ്ധതികള്‍ ഗവണ്‍മെന്റ് നടപ്പിലാക്കി വരികയാണ്. പുരപ്പുറ സോളാര്‍ പദ്ധതിയായ സൗര, അക്ഷയോര്‍ജ ഉപകരണങ്ങളുടെ ഇ മാര്‍ക്കറ്റ് ഇടമായ www.buymysun.com, നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള അക്ഷയോര്‍ജ സേവന കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *