വരുമാനത്തില്‍ മികച്ച നേട്ടവുമായി ക്ലെയ്‌സിസ് ടെക്‌നോളജീസ്, അടുത്ത ലക്ഷ്യം ഇരട്ടി വളര്‍ച്ച

Spread the love

കൊച്ചി : യുഎസ് ബാങ്കിങ് രംഗത്തെ മുന്‍നിര ടെക്‌നോളജി സേവനദാതാക്കളിലൊന്നായ കൊച്ചി ആസ്ഥാനമായ ക്ലെയ്‌സിസ് ടെക്‌നോളജീസിന് വരുമാനത്തില്‍ മികച്ച നേട്ടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ വരുമാനം 100 കോടി രൂപ കവിഞ്ഞു. നിലവിലെ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തി അടുത്ത മൂന്ന് വര്‍ഷത്തിനകം വരുമാനം ഇരട്ടിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. യുഎസിലെ മുന്‍നിര ബാങ്കുകള്‍ക്കും ക്രെഡിറ്റ് യൂണിയനുകൾക്കും സാമ്പത്തിക സേവനങ്ങള്‍ക്കുള്ള നൂതന റോബോട്ടിക്‌സ്, എഐ അധിഷ്ഠിത സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നങ്ങളാണ് ക്ലെയ്‌സിസ് ടെക്‌നോളജീസ് നല്‍കി വരുന്നത്. 20 മുതല്‍ 25 ശതമാനം വരെ വാര്‍ഷിക വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് ക്ലെയ്‌സിസ് സ്ഥാപകനും സിഇഒയുമായ വിനോദ തരകന്‍ പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനകം വരുമാനം 200 കോടി രൂപയ്ക്കു മുകളിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“കമ്പനിയുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് യുഎസിലെ ബിസിനസില്‍ നിന്നാണ്. പതിനായിരത്തോളം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമുള്ള യുഎസ് വിപണി വെല്ലുവിളികള്‍ നിറഞ്ഞതാണ്. യൂറോപ്പിലും ഉപഭോക്താക്കളുണ്ടെങ്കിലും ഞങ്ങളുടെ 95 ശതമാനം വിപണിയും അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള വളര്‍ച്ചാ പദ്ധതികളും യുഎസ് കേന്ദ്രീകരിച്ചാണ്,” വിനോദ് തരകന്‍ പറഞ്ഞു.

യുഎസിലും പ്രവര്‍ത്തനമുള്ള കമ്പനിയുടെ പ്രധാന ജോലികളെല്ലാം കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് ഫേസ് ടുവിലുള്ള ക്ലെയ്‌സിസ് ടെക്‌നോളജീസിന്റെ സ്വന്തം കാമ്പസ് കേന്ദ്രീകരിച്ചാണ്. ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. ആകെ 1,100 ജീവനക്കാരാണ് കമ്പനിക്കുള്ളത്.
കേരളത്തിനു പുറത്ത് കോയമ്പത്തൂരിലും ഗോവയിലുമാണ് മറ്റു ഓഫീസുകള്‍.

Asha Mahadevan

Author

Leave a Reply

Your email address will not be published. Required fields are marked *