തിരുവനന്തപുരം : വായനാമാസാചരണവുമായി ബന്ധപ്പെട്ട് ഒരുമാസം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികള്‍ക്ക് രൂപം നല്‍കിയതായി പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാന്‍ അഡ്വ.പഴകുളം മധു, സെക്രട്ടറി ബിന്നി സാഹിതി എന്നിവര്‍ അറിയിച്ചു.
ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 18 ന് 4 മണിക്ക് ഇന്ദിരാഭവനില്‍ ചേരുന്ന പുസ്തക ചര്‍ച്ചയോടെ തുടക്കം കുറിക്കും. വായനാമാസാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എല്‍.എ നിര്‍വ്വഹിക്കും. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാനുമായ അഡ്വ.പഴകുളം മധു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രമുഖ യുവ എഴുത്തുകാരന്‍ ജി.ആര്‍.ഇന്ദുഗോപന്റെ ‘നാലഞ്ചുചെറുപ്പക്കാര്‍’ എന്ന പുസ്തകത്തെക്കുറിച്ചാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. ഈ ചര്‍ച്ചയില്‍ ഗ്രന്ഥകര്‍ത്താവിനോടൊപ്പം പ്രശസ്ത എഴുത്തുകാരായ ജേക്കബ് എബ്രഹാം, കെ.എ.ബീന, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൊസൈറ്റിയുടെ സെക്രട്ടറി ബിന്നി സാഹിതി എന്നിവര്‍ സംബന്ധിക്കും.
പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ വായന പരിപോഷിപ്പിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ ഗ്രന്ഥശാലകള്‍ക്ക് പുസ്തകങ്ങള്‍ നല്‍കുന്ന ഈ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും അന്നേദിവസം പി.സി.വിഷ്ണുനാഥ് എം.എല്‍.എ നിര്‍വ്വഹിക്കും.