വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം

Spread the love

രാജ്യത്തെ ആദ്യ ആഴക്കടല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം. കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡിന്റെ സെക്ഷന്‍ 7 എ അംഗീകാരം ലഭിച്ചതോടെ കയറ്റുമതിയും ഇറക്കുമതിയും സാധ്യമാകുന്ന അംഗീകൃത തുറമുഖമായി വിഴിഞ്ഞം മാറി. ബോര്‍ഡിന്റെ പന്ത്രണ്ട് മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ത്തീകരിച്ചതോടെയാണ് അംഗീകാരം ലഭിച്ചത്. ഓഫീസ് സൗകര്യങ്ങള്‍ , കെട്ടിടങ്ങള്‍, കംമ്പ്യൂട്ടര്‍ സംവിധാനം, മികച്ച സെര്‍വര്‍ റൂം ഫെസിലറ്റി, തുടങ്ങിയ നിര്‍ദ്ദേശങ്ങളെല്ലാം പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചതോടെയാണ് വിഴിഞ്ഞത്തിന് അംഗീകാരം ലഭിച്ചത്. ഇതോടെ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി വിഴിഞ്ഞം മാറും.
ഇനി സെക്ഷന്‍ 8 , സെക്ഷന്‍ 45 പ്രകാരമുള്ള അംഗീകാരങ്ങളും, പോര്‍ട്ട് കോഡുമാണ് വിഴിഞ്ഞത്തിന് ലഭിക്കാനുള്ളത്. ഇതിനുവേണ്ട സജ്ജീകരണങ്ങളും പോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് ഇന്ത്യയുടെ ആദ്യ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാനുള്ള അനുമതി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തില്‍ നിന്ന് നേരത്തെ ലഭിച്ചിരുന്നു. (ഒരു കപ്പലില്‍ നിന്ന് മറ്റൊന്നിലേക്ക് ചരക്കുകള്‍ മാറ്റിയശേഷം ചരക്കുനീക്കം നടത്തുന്ന തുറമുഖമാണ് ട്രാന്‍സ്ഷിപ്പ്മെന്റ് പോര്‍ട്ട്.) ഇന്ത്യയുടെ പ്രാദേശിക ഭാഗങ്ങളില്‍ നിന്ന് ചെറുകപ്പലുകളിലെത്തുന്ന ചരക്കുകള്‍/കണ്ടെയ്നറുകള്‍ വിഴിഞ്ഞത്തു വച്ച് വമ്പന്‍ മദര്‍ഷിപ്പുകളിലേക്ക് മാറ്റി വിദേശ തുറമുഖങ്ങളിലേക്ക് അയക്കാനാകും. വിദേശത്തുനിന്ന് മദര്‍ഷിപ്പുകളിലെത്തുന്ന കണ്ടെയ്നറുകള്‍ വിഴിഞ്ഞത്തുവച്ച് ചെറുകപ്പലുകളിലേക്ക് മാറ്റി പ്രാദേശിക തുറമുഖങ്ങളിലേക്കും അയക്കാം.വിഴിഞ്ഞം പോര്‍ട്ട് പ്രവര്‍ത്തനക്ഷമമാകുന്നതോടെ സംസ്ഥാനത്തിന്റെ ആഗോള വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുകയും വ്യാപാര വികസനത്തിന് വേഗത കൂടുകയും ചെയ്യും.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന നൈപുണ്യ പരിശീലനത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാകും വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്. അസാപ് കേരള നടത്തുന്ന വിവിധ നൈപുണ്യ കോഴ്‌സുകളും, സർക്കാരിന്റെ മറ്റു പരിശീലന പരിപാടികളും വിഴിഞ്ഞം സ്‌കിൽ പാർക്കിൽ ഉണ്ടായിരിക്കും.കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അടക്കം ജര്‍മന്‍, ഫ്രഞ്ച്, ജാപ്പനീസ് തുടങ്ങിയ വിദേശ ഭാഷകളില്‍ പ്രാവീണ്യം നേടാനനുതകുന്ന ഭാഷ കോഴ്‌സുകള്‍ അസാപ് കേരള വഴി നല്‍കും.
തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യാർത്ഥം ഹോസ്റ്റൽ സൗകര്യവും സ്‌കിൽ പാർക്കിന് അനുബന്ധമായി ഒരുക്കിയിട്ടുണ്ട്. 18 കോടി 20 ലക്ഷം രൂപ ചെലവിൽ രണ്ടു നിലകളിലായി, 21,570 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. 16,387 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നാലു നിലകളിലാണ് ഹോസ്റ്റൽ ബ്ലോക്ക്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും, ലാബ് സൗകര്യങ്ങളും കെട്ടിടത്തിന്റെ പ്രത്യേകതയാണ്. വിദ്യാർത്ഥികൾക്കായി ലോക്കർ സൗകര്യമുള്ള ചെയിഞ്ചിങ് മുറികൾ, മീറ്റിംഗ് റൂമുകൾ, പ്രത്യേക സെർവർ റൂമോടുകൂടിയ ഐ.ടി ലാബ് സൗകര്യം എന്നിവ തയ്യാറാക്കിയിട്ടുണ്ട്.

ഭിന്നശേഷിസൗഹൃദമായാണ് സ്കിൽ പാർക്ക്. ലിഫ്റ്റ്, ഭിന്നശേഷിക്കാർക്കായുള്ള ടോയ്‌ലറ്റ് സൗകര്യം, കാഴ്ച പരിമിതിയുള്ളവർക്കുള്ള ടൈലുകൾ എന്നിവയും പ്രത്യേകം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒന്നര ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയും മഴവെള്ളം പുനരുപയോഗിക്കാൻ ഫിൽറ്റർ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിനായി 20 കെഎൽഡി സ്വീവേജ് ട്രീറ്റ്‌മെൻ്റ് പ്ലാൻ്റും ‌സജ്ജമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനുള്ള കോഴ്സ്, ഫിറ്റ്നസ് ട്രെയ്നിങ്, മറൈൻ സ്ട്രക്ചറൽ ഫിറ്റർ,ജനറൽ ഡ്യൂട്ടി അസിസ്റ്റൻ്റ് ,ഹെയർ സ്റ്റൈലിങ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ബ്യൂട്ടി തെറാപ്പിസ്റ്റ്, തയ്യൽ, എന്നീ നൈപുണ്യ വികസന കോഴ്സുകളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രാൻസിറ്റ് കാമ്പസ് വിലാസം : ടിസി -1776, രാഖി, ഐആർ ബിൽഡിംഗ്, മുക്കോല, തിരുവനന്തപുരം.
ASAP കമ്മ്യൂണിറ്റി സ്കിൽ പാർക്ക്,പനവിളക്കോട്, വിഴിഞ്ഞം,തിരുവനന്തപുരം[email protected]

Author

Leave a Reply

Your email address will not be published. Required fields are marked *