കൊച്ചി: ബന്ധങ്ങള്‍ക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്നും ഒരുമിച്ച് മുന്നേറുന്നതിലൂടെ ലക്ഷ്യങ്ങള്‍ കൈവരിക്കാമെന്നുമുള്ള ആശയങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ട് ജീവനക്കാര്‍ ഒരുക്കിയ മ്യൂസിക്കല്‍ ലോഗോ അവതരിപ്പിച്ചുകൊണ്ടാണ് ഫെഡറല്‍ ബാങ്ക് ലോകസംഗീതദിനം ആഘോഷിച്ചത്. ആലാപനം മാത്രമല്ല ഗിറ്റാര്‍, കീ ബോര്‍ഡ്, ഡ്രം, തബല എന്നീ സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചതും ബാങ്കിലെ ജീവനക്കാര്‍ തന്നെയാണ്. ‘സച്ചാ ഹെ ദില്‍ കാ യെ രിശ്താ’ എന്ന് തുടങ്ങുന്ന ഗാനം തയ്യാറാക്കിയത് കോര്‍പ്പറേറ്റ് മ്യൂസിക് തയാറാക്കുന്നതില്‍ പേരു കേട്ട പ്രശസ്ത ഓഡിയോ ബ്രാന്‍ഡിംഗ് ഏജന്‍സിയായ ബ്രാന്‍ഡ് മ്യൂസിക് ആണ്. ഹിന്ദിയിലുള്ള പ്രധാന വരികള്‍ക്കൊപ്പം മലയാളം, തമിഴ്, കന്നഡ, മറാത്തി, ബംഗാളി, ഗുജറാത്തി എന്നീ ഏഴു ഭാഷകളിലായാണ് മ്യൂസിക്കല്‍ ലോഗോ ഒരുക്കിയിരിക്കുന്നത്.
‘സഹപ്രവര്‍ത്തകരുടെ കൂട്ടായ കഴിവ് ബാങ്കിനു നേട്ടമാവുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ജീവനക്കാരുടെ കഴിവിന്റെ മാത്രമല്ല, ഒരു കോര്‍പ്പറേറ്റ് സംവിധാനത്തില്‍ വ്യക്തിപരമായ കഴിവുകള്‍ എങ്ങനെയാണ് സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള കൂട്ടായ്മയിലേക്ക് നയിക്കുന്നത് എന്നതിന്റെ തെളിവ് കൂടിയാണ് ജീവനക്കാരുടെ ഈ നേട്ടം.’ ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എം വി എസ് മൂര്‍ത്തി പറഞ്ഞു. 2020 ലാണ് ഫെഡറല്‍ ബാങ്ക് മ്യൂസിക്കല്‍ ലോഗോ ഇറക്കുന്നത്. നിലവില്‍ ഓണം, ക്രിസ്മസ്, റംസാന്‍, പൊങ്കല്‍, സ്വാതന്ത്ര്യദിനം തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ച് 14 വ്യത്യസ്ത ഈണങ്ങളും പുറത്തിറക്കിക്കഴിഞ്ഞു. എടിഎമ്മിലെ കീപാഡ്, മൗസ് ക്ലിക്ക്, കൗണ്ടിംഗ് മെഷീന്‍, പ്രിന്റര്‍ തുടങ്ങി ഒരു ബാങ്ക്ശാഖക്കുള്ളില്‍ നിന്ന് ഒപ്പിയെടുത്ത ശബ്ദങ്ങള്‍ കൂട്ടിയിണക്കിക്കൊണ്ട് 2022ലെ സംഗീതദിനത്തോടനുബന്ധിച്ച് ഫെഡറല്‍ ബാങ്ക് പുറത്തിറക്കിയ മ്യൂസിക്കല്‍ ലോഗോ സംഗീതാസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ജീവനക്കാര്‍ ഒരുക്കിയ സംഗീതം ആസ്വദിക്കുന്നതിനായി സന്ദര്‍ശിക്കുക: https://m.youtube.com/watch?feature=shared&v=X6jYCy-usHE
Athulya K R