ആന്ധ്രപ്രദേശ് നിയമസഭയിൽ പ്രവേശിക്കാനും റിപ്പോർട്ട് ചെയ്യാനും ദൃശ്യമാധ്യമങ്ങൾക്ക് ഉണ്ടായിരുന്ന വിലക്ക് പുതിയ സ്പീക്കർ നീക്കിയതായ വാർത്ത – കെ. സി .ജോസഫ്

Spread the love

ആന്ധ്രപ്രദേശ് നിയമസഭയിൽ പ്രവേശിക്കാനും റിപ്പോർട്ട് ചെയ്യാനും ദൃശ്യമാധ്യമങ്ങൾക്ക് ഉണ്ടായിരുന്ന വിലക്ക് പുതിയ സ്പീക്കർ നീക്കിയതായ വാർത്ത.

കേരള നിയമസഭയിൽ ?

ആന്ധ്രപ്രദേശ് നിയമസഭയിൽ പ്രവേശിക്കാനും റിപ്പോർട്ട് ചെയ്യാനും ദൃശ്യമാധ്യമങ്ങൾക്ക് ഉണ്ടായിരുന്ന വിലക്ക് പുതിയ സ്പീക്കർ നീക്കിയതായ വാർത്ത ഇന്ന് രാവിലെ ചാനലുകളിൽ കാണാനിടയായി. നിയമസഭ ജനാഭിലാഷത്തിന്റെ കണ്ണാടിയാണ്. സഭയിൽ നടക്കുന്ന കാര്യങ്ങൾ ഒരു പരിധിവരെയെങ്കിലും ജനങ്ങൾ കാണുന്നതും അറിയുന്നതും നല്ല കാര്യമാണ്.സഭയിൽ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറാൻ എം എൽ എമാരെ ഇത് പ്രേരിപ്പിക്കും
ഒന്നാം പിണറായി വിജയൻ സർക്കാറിന്റെ കാലത്തു വരെ കേരള നിയമസഭയിലും ചോദ്യോത്തരവേള കഴിയുന്നതുവരെ ദൃശ്യമാധ്യമങ്ങൾക്ക് സഭാ ഗ്യാലറിയിൽ പ്രവേശനം അനുവദിച്ചിരുന്നു. നിയമസഭയിലെ പ്രസ്സ് ഗാലറിയിൽ നിന്നും എല്ലാ ദൃശ്യമാധ്യമങ്ങളും സഭയിലെ ചോദ്യോത്തരവേള കൃത്യമായി റിപ്പോർട്ട് ചെയ്യാറുണ്ടായിരുന്നു. തന്മൂലം സെൻസർ ചെയ്യപ്പെടാതെ തന്നെ സഭയിലെ കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കാനും അവസരം ലഭിച്ചു. ദൃശ്യമാധ്യമങ്ങൾക്ക് വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ അവസരമുണ്ടായതു കൊണ്ടാണ് ശ്രീ കെ എം മാണിയുടെ ബജറ്റ് അവതരണ വേളയിൽ സഭയിൽ ഉണ്ടായ ദൃശ്യങ്ങൾ അതുപോലെ ലോകത്തെ കാണിക്കാൻ സാധിച്ചതും. എന്താണ് സഭയിൽ നടന്നതെന്ന് ജനങ്ങൾക്ക് നേരിട്ട് കാണുവാൻ തന്മൂലം അവസരം ഉണ്ടായി.
ഒരു പക്ഷെ അതൊക്കെ മുൻനിർത്തിയാവാം ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു കോവിഡിന്റെ പേരിൽ സഭയിലേക്ക് ദൃശ്യമാധ്യമങ്ങൾക്ക് പ്രവേശിക്കുന്നതിന് അനുവാദം നിഷേധിച്ചു. കോവിഡ് കഴിഞ്ഞിട്ടും ആ നിയന്ത്രണം നീക്കിയില്ല . ഇപ്പോൾ നിയമസഭയിൽ ചോദ്യോത്തരവേള പോലും നേരിട്ട് റിപ്പോർട്ട് ചെയ്യുവാൻ ദൃശ്യമാധ്യമങ്ങൾക്ക് അനുവാദമില്ല. നിയമ സഭാ സ്പീക്കറുടെ നിയന്ത്രണത്തിലാണെന്നു പറയുന്ന “സഭാ ടി വി” മുഖേന ജനങ്ങൾ കാണണമെന്ന് സർക്കാർ ആഗ്രഹിക്കുന്ന ദൃശ്യങ്ങൾ മാത്രമാണ് റിലീസായി മറ്റു ചാനലുകൾക്ക് കൊടുക്കുന്നത്. സഭയിൽ നടക്കുന്ന കാര്യങ്ങളിൽ എന്തൊക്കെയാണോ ജനങ്ങൾ കാണണമെന്ന് സർക്കാർ ആഗ്രഹിക്കുന്നത് , അതു മാത്രമാണ് ജനങ്ങളെ കാണിക്കുന്നത്. ഇതൊരു തെറ്റായ നടപടിയാണ്. എന്തിനാണ് ജനങ്ങളെ ഭയപ്പെടുന്നത്? സഭയിൽ നടക്കുന്ന കാര്യങ്ങൾ ജനങ്ങൾ കാണുന്നതിൽ എന്തിനാണ് ഈ അസഹിഷ്ണുത ? ഇപ്പോൾ സെലക്റ്റഡ് ന്യൂസ് ഐറ്റംസ് മാത്രമാണ് ദൃശ്യമാധ്യമങ്ങളിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്.ഈ രീതി അവസാനിപ്പിക്കാനാണ് ആന്ധ്രപ്രദേശ് നിയമസഭ തീരുമാനിച്ചിരിക്കുന്നത്. ഇത് കേരളത്തിനും ഒരു മാതൃകയാണ് . കോവിഡിന് മുമ്പുണ്ടായിരുന്നതുപോലെ ചോദ്യോത്തരവേള വരെയെങ്കിലും ദൃശ്യമാധ്യമങ്ങൾക്ക് സഭാനടപടികൾ നേരിട്ട് റിപ്പോർട്ട് ചെയ്യുന്നതിന് അവസരം നൽകുവാൻ സ്പീക്കർ നടപടി സ്വീകരിക്കണം. അദ്ദേഹത്തിന് മുഖ്യമന്ത്രി അനുവദിക്കാതെ ഇത് ചെയ്യാൻ കഴിയില്ലെന്ന നല്ല ബോധ്യം എനിക്കുണ്ട്. എങ്കിലും അദ്ദേഹം ഒരു ശ്രമം നടത്തുമെന്ന് വിശ്വസിക്കട്ടേ ?

നിയമസഭയിൽ നടക്കുന്ന കാര്യങ്ങൾ ഒരു പരിധിവരെയെങ്കിലും ജനങ്ങൾ കാണുന്നതും അറിയുന്നതും നല്ല കാര്യമാണ്.സഭയിൽ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറാൻ എം എൽ എമാരെ ഇത് പ്രേരിപ്പിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *