തിരുവനന്തപുരം : ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനായി സംസ്ഥാനത്ത് രൂപീകരിച്ച ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ (കാര്‍സാപ്പ്) പ്രവര്‍ത്തക സമിതി വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുമ്പ് നിലവിലുണ്ടായിരുന്ന 12 അംഗ പ്രവര്‍ത്തക സമിതി 15 അംഗങ്ങളാക്കിയാണ് വിപുലീകരിച്ചത്. ദന്തല്‍ വിഭാഗം, എ.എം.ആര്. (ആന്റി മൈക്രോബ്രിയല്‍ റസിസ്റ്റന്‍സ്) സര്‍വൈലന്‍സിനായുള്ള ലാബ് സിസ്റ്റം, ആന്റിബയോട്ടിക്കുകളുടെ പ്രിസ്ക്രിപ്ഷന് ഓഡിറ്റ് എന്നീ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് വിപുലീകരിച്ചിരിക്കുന്നത്. പ്രവര്‍ത്തക സമിതിയുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത് കാര്‍സാപ്പ് നോഡല്‍ ഓഫീസര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വിഭാഗം മേധാവിയാണ്. ജില്ലകളില്‍ നടക്കുന്ന എഎംആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ആരോഗ്യ വകുപ്പ് (മെഡിക്കല്‍) അഡീഷണല്‍ ഡയറക്ടറായിരിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം മേധാവിയാണ് പ്രവര്‍ത്തക സമിതിയുടെ കണ്‍വീനര്‍. ആന്റിബയോട്ടിക് പ്രതിരോധത്തിന് സംസ്ഥാനത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ ഈ വിപുലീകരണത്തോടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആന്റിബയോട്ടിക് സാക്ഷര കേരളം ആക്ഷന്‍ പ്ലാന്‍, ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സര്‍വൈലന്‍സ്, എല്ലാ ജില്ലകളിലേയും ഹബ്ബ് ആന്റ് സ്പോക്ക് മോഡല്‍ എഎംആര്‍ സര്‍വൈലന്‍സ്, മൃഗസംരക്ഷണം, എന്‍വെയന്‍മെന്റല്‍ സര്‍വൈലന്‍സ്, ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍, തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള അവബോധം, സ്കൂള്‍ കുട്ടികള്‍ക്കുള്ള അവബോധം, എഎംആര്‍ പരിശീലനം, സ്വകാര്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, ആശുപത്രികളിലെ പ്രവര്‍ത്തനങ്ങള്‍, ഗവേഷണം, എ.എം.ആര്. സര്‍വൈലന്‍സിനായുള്ള ലാബ് സിസ്റ്റം, ദന്തല്‍ വിഭാഗം, ആന്റിബയോട്ടിക്കുകളുടെ പ്രിസ്ക്രിപ്ഷന് ഓഡിറ്റ് എന്നീ വിഭാഗങ്ങളിലായാണ് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചത്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ മെഡിക്കല്‍, പബ്ലിക് ഹെല്‍ത്ത് എന്നിവരും സമിതിയുടെ ഭാഗമായിരിക്കും. അസോസിയേഷന് ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ, ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍, ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന് എന്നിവയുടെ പ്രതിനിധികളും സമിതിയിലുണ്ട്.
ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ഇതുള്‍ക്കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. രാജ്യത്ത് ആദ്യമായി സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കി. രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും എഎംആര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. കൂടുതല്‍ ആശുപത്രികളെ കാര്‍സ്നെറ്റ് ശൃംഖലയിലേക്കും ആന്റിബയോട്ടിക് സ്മാര്‍ട്ടിലേക്കും മാറ്റിയിട്ടുണ്ട്. മുമ്പ് ബ്ലോക്ക്തല, ജില്ലാതല എ.എം.ആര്. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കി.
ലോകത്ത് ആദ്യമായി ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിച്ച അവയര്‍ മെട്രിക്സ് പ്രകാരം കള്‍ച്ചര്‍ റിപ്പോര്‍ട്ടിംഗ് ഫോര്‍മാറ്റ് വികസിപ്പിച്ച് നടപ്പിലാക്കിയത് കേരളത്തിലാണ്. (തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍) ഇത് ഒരു അന്താരാഷ്ട്ര ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആന്റിബയോട്ടിക്കുകളുടെ ശരിയായ ഉപയോഗം ഉറപ്പ് വരുത്താനായി കെ ഡിസ്കിന്റെ സഹായത്തോടെ ആദ്യമായി മൊബൈല്‍ ആപ്പ് പുറത്തിറക്കി. സംസ്ഥാനത്ത് ഇതുവരെ 52 ആശുപത്രികളാണ് കാര്‍സ്നെറ്റ് ശൃംഖലയില്‍ വന്നിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ഈ ശൃംഖലയുടെ ഭാഗമാക്കി മാറ്റുക എന്നുള്ളതാണ് ആരോഗ്യ വകുപ്പ് ലക്ഷ്യം വെച്ചിരിക്കുന്നത്. എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കാനും ലക്ഷ്യം വയ്ക്കുന്നു.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ല്‍ പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള കഠിന പ്രയത്നത്തിലാണ് ആരോഗ്യ വകുപ്പ്. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാര്‍മസികള്‍ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വിവരം നല്‍കാവുന്നതാണ്. (പൊതുജനങ്ങള്‍ക്ക് വിവരം കൈമാറാനുള്ള ടോള്‍ ഫ്രീ നമ്പര്‍: 18004253182). ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയുന്നതിന് നീല കവറില്‍ നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.