ടി.പി വധക്കേസ് പ്രതികള്‍ ഗൂഡാലോചനയെക്കുറിച്ച് വെളിപ്പെടുത്തുമെന്ന് സി.പി.എമ്മും സര്‍ക്കാരും ഭയക്കുന്നു – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാക്കാള്‍ നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനം (25/06/2024).

ടി.പി വധക്കേസ് പ്രതികള്‍ ഗൂഡാലോചനയെക്കുറിച്ച് വെളിപ്പെടുത്തുമെന്ന് സി.പി.എമ്മും സര്‍ക്കാരും ഭയക്കുന്നു; ശിക്ഷാ ഇളവ് തീരുമാനവുമായി മുന്നോട്ട് പോയാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പുറത്തിറങ്ങി നടക്കില്ല; അടിയന്തിര പ്രമേയത്തിന് സ്പീക്കറല്ല, മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന മൂന്നു പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം നിയമസഭ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് അടിയന്തിര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ അത് അവതരിപ്പിക്കാന്‍ കെ.കെ രമയ്ക്ക് സ്പീക്കര്‍ അനുമതി നല്‍കിയില്ല. ഇങ്ങനെ ഒരു നടപടിയുമായി സര്‍ക്കാര്‍ പോകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചത്. സര്‍ക്കാരും മുഖ്യമന്ത്രിയും നിയമസഭയില്‍ പറയേണ്ട മറുപടിയാണ് സ്പീക്കര്‍ പറഞ്ഞത്. അതിലെ അനൗചിത്യം പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് 13-06-2024ല്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് അയച്ച കത്തില്‍ ശിക്ഷായിളവ് നല്‍കേണ്ട പ്രതികളുടെ ലിസ്റ്റ് ഉള്‍പ്പെടെയാണ് നല്‍കിയിരിക്കുന്നത്. ടി.പി വധക്കേസിലെ പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരാണ് ഈ പട്ടികയിലുള്ളത്. പ്രതികളുടെ ശിക്ഷ ഇരട്ടജീവപര്യന്തമാക്കിയ ഹൈക്കോടതി ഇവര്‍ക്ക് 20 വര്‍ഷത്തേക്ക് ശിക്ഷായിളവ് നല്‍കരുതെന്നും പറഞ്ഞിട്ടുണ്ട്. ശിക്ഷായിളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് 2018-ലെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 23-11-2018 ലെ സര്‍ക്കാര്‍ ഉത്തരവില്‍, രാഷ്ട്രീയ കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് 14 വര്‍ഷം

കഴിയാതെ ശിക്ഷായിളവ് നല്‍കരുതെന്നാണ് പറയുന്നത്. 2022-ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ രാഷ്ട്രീയ കൊലപാതകം സംബന്ധിച്ച പരാമര്‍ശം പൂര്‍ണമായും ഒഴിവാക്കി. രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികള്‍ക്ക് എത്ര വേണമെങ്കിലും പരോള്‍ അനുവദിക്കുന്നതിന് വേണ്ടി കേരള പ്രിസണ്‍സ് ആക്ട് അവര്‍ക്ക് ബാധകമല്ലെന്നും ഈ ഉത്തരവില്‍ പറയുന്നു. 2018 ലെ സര്‍ക്കാര്‍ ഉത്തരവ് തിരുത്തിക്കൊണ്ടുള്ള 2022 ലെ ഉത്തരവിന്റെ ഉദ്ദേശ്യം തന്നെ ടി.പി വധക്കേസിലെ പ്രതികള്‍ക്ക് ഉള്‍പ്പെടെ ശിക്ഷായിളവ് നല്‍കുകയെന്നതാണ്. അതുകൊണ്ടാണ് ജയില്‍ സൂപ്രണ്ട് എഴുതിയ കത്തില്‍ 2022 ലെ ഉത്തരവ് സൂചനയായി വച്ചിരിക്കുന്നത്. പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിനുള്ള ഗൂഡാലോചന 2022 ല്‍ തന്നെ ആരംഭിച്ചെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ശിക്ഷായിളവ് നല്‍കുമ്പോള്‍ ഇരകളായവരുടെ ബന്ധുക്കളില്‍ നിന്നു കൂടി റിപ്പോര്‍ട്ട് വാങ്ങണമെന്നുണ്ട്. അതിന്റെ ഭാഗമായി കെ.കെ രമയില്‍ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുകയാണെന്നതാണ് ഇത് വ്യക്തമാക്കുന്നത്. എന്നിട്ടും ഒരു നടപടിയും ഇല്ലെന്ന് സ്പീക്കര്‍ പറയുന്നത് എങ്ങനെയാണ്?

ക്രൂരമായ കൊലപാതകം ചെയ്ത പ്രതികള്‍ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ജയിലില്‍ വാഴുന്നത്. ഇഷ്ടപ്പെട്ട ഭക്ഷണവും ഇഷ്ടമുള്ള മദ്യവും മയക്കുമരുന്നും മൊബൈല്‍ ഫോണും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ജയിലിലുണ്ട്. ജയിലില്‍ പ്രതികള്‍ അഴിഞ്ഞാടുകയാണ്. പ്രതികളുടെ പരോളിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് കെ.കെ രമ നിയമസഭയില്‍ നല്‍കിയ ചോദ്യത്തിന് അഞ്ച് മാസമായി മറുപടിയില്ല. ഒരു പ്രതികള്‍ക്കും നല്‍കാന്‍ പറ്റാത്തതിനേക്കാള്‍ കൂടുതല്‍ പരോള്‍ ടി.പി വധക്കേസില്‍ പ്രതികള്‍ക്ക് നല്‍കിക്കഴിഞ്ഞു. പരോളില്‍ ഇറങ്ങിയ കിര്‍മ്മാണി മനോജ് മയക്കുമരുന്ന് കേസിലും ടി.കെ രജീഷിനെ തോക്ക് കേസില്‍ കര്‍ണാടക പൊലീസും അറസ്റ്റു ചെയ്തു. കൊടി സുനിയെ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി. മുഹമ്മദ് ഷാഫിക്കെതിരെയും സമാനമായ കേസ് വന്നു. ജയിലിലേക്ക് മയക്കു മരുന്ന് കടത്തിയതിന് എം.സി അനൂപിനെതിരെയും കേസെടുത്തു. പ്രതികള്‍ക്ക് ജയിലില്‍ ഇരുന്ന് വരുമാനം ഉണ്ടാക്കാനുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തിരിക്കുന്നത്. പ്രതികളെ സി.പി.എമ്മിന് ഭയമാണ്. അവരെ ഭയന്നാണ് സര്‍ക്കാരും സി.പി.എമ്മും ജീവിക്കുന്നത്. ഗൂഡാലോചന സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ സി.പി.എമ്മിനെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്. ഇത് ഭയന്നാണ് ശിക്ഷായില്‍ ഉള്‍പ്പെടെ ഇളവ് നല്‍കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ക്രൂരമായ കൊലപാതകം നടത്തിയ പ്രതികളെ സി.പി.എം പോലുള്ള പാര്‍ട്ടി എത്രമാത്രം ചേര്‍ത്തുപിടിക്കുന്നു എന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്. പ്രതികള്‍ക്ക് ശിക്ഷാ ഇളവ് കൊടുക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത തരത്തില്‍ ഇതുവരെ കാണാത്ത പ്രക്ഷോഭങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് വിനീതമായി മുന്നറിയിപ്പ് നല്‍കുകയാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.

പദവിയില്‍ ഇരുന്ന് പറയാന്‍ പാടില്ലാത്ത കാര്യമാണ് സ്പീക്കര്‍ പറഞ്ഞത്. സര്‍ക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ലെന്ന് സ്പീക്കര്‍ക്ക് എങ്ങനെ അറിയാം? അതുകൊണ്ടാണ് നടപടി തുടങ്ങിയതു സംബന്ധിച്ച് രേഖകള്‍ ഉണ്ടെന്ന് പ്രതിപക്ഷം പറഞ്ഞത്. സ്പീക്കര്‍ അല്ല, ആഭ്യന്തര വകുപ്പിന്റെയും ജയില്‍ വകുപ്പിന്റെയും ചുമതലയുള്ള മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. പ്രതികളെ ആശ്വസിപ്പിക്കാനും തലോടാനും നേതാക്കളാണ് ജയിലില്‍ പോകുന്നത്. അവരൊക്കെ ചേര്‍ന്നാണ് പ്രതികളെ പുറത്തിറക്കാന്‍ ശ്രമിക്കുന്നത്.

പ്രതികളെ കാണാന്‍ സ്പീക്കര്‍ പോയതിന്റെ തെളിവുകളും അതേക്കുറിച്ച് അദ്ദേഹം നടത്തിയ പ്രതികരണങ്ങളുമൊക്കെ ഞങ്ങളുടെ കയ്യിലുണ്ട്. പക്ഷെ അദ്ദേഹം സ്പീക്കര്‍ ആയതുകൊണ്ടും ആ പദവിയെ അവഹേളിക്കാന്‍ ഉദ്ദേശ്യമില്ലാത്തതുകൊണ്ടുമാണ് അതേക്കുറിച്ച് സൂചിപ്പിക്കാതിരുന്നത്.

 

Author

Leave a Reply

Your email address will not be published. Required fields are marked *