ആശുപത്രിയെന്ന ജനകീയ ലക്ഷ്യം യാഥാർത്ഥ്യമാവുകയാണ്. കോഴിക്കോട് കേന്ദ്രമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് സ്ഥാപിക്കാന്‍ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ഈ ആശുപത്രി സ്ഥാപിക്കുക. ഹൈറ്റ്സാണ് നിര്‍വ്വഹണ ഏജന്‍സി. ഇവര്‍ സമര്‍പ്പിച്ച 558.68 കോടി രൂപയുടെ പദ്ധതി കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്നതിന് ഇന്നലെ സർക്കാർ ഭരണാനുമതി നല്കി. അവയവമാറ്റ ശസ്ത്രക്രിയ കാത്തു കഴിയുന്ന നിരവധി പേര്‍ക്ക് ആശ്വാസമാകുന്ന മുൻകൈയാണിത്.
അവയവമാറ്റ ശസ്ത്രക്രിയകൾ ഇന്ന് ലോകമെമ്പാടും പ്രചാരത്തിലുണ്ട്. അവയവങ്ങളുടെ മാറ്റിവെക്കലിനും പരിചരണത്തിനും നൂതന സാങ്കേതികവിദ്യ അത്യന്താപേക്ഷിതമായതിനാൽ അവയവമാറ്റ ശസ്ത്രക്രിയകൾക്ക് ഭീമമായ തുക ചെലവഴിക്കേണ്ടി വരുന്നു. പ്രിയപ്പെട്ടവർക്കും ബന്ധുക്കൾക്കും ഇത്തരം ചികിത്സ ലഭ്യമാക്കാനാവാതെ ഉഴലുന്ന ധാരാളം പേർ ഇന്ന് നമുക്ക് ചുറ്റുമുണ്ട്.
രോഗികളെയും അവരുടെ ബന്ധുക്കളെയും ചൂഷണം ചെയ്യുന്ന ലാഭക്കൊതി പൂണ്ട ആരോഗ്യ സംസ്കാരമാണ് ഇന്ന് ലോകത്തെ മുന്നോട്ടുനയിക്കുന്നത്. നമ്മുടെ സമൂഹത്തിൽ മേൽക്കോയ്മയുള്ള ഈ രീതിക്കെതിരെ ഒരു ജനകീയ ബദൽ ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. പൊതുജനാരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ബദലിനുള്ള സാധ്യതകൾ തുറന്നിടുന്നു. ലോക ശ്രദ്ധയാകർഷിച്ച കേരളത്തിന്റെ മുന്നേറ്റത്തെ കൂടുതൽ കരുത്തോടെ നയിക്കാൻ പ്രതിജ്ഞാബദ്ധമാണ് എൽഡിഎഫ് സർക്കാർ. ഈ പരിശ്രമങ്ങളുടെ വലിയ ദൃഷ്ടാന്തമാണ് കോഴിക്കോട് നിലവിൽ വരാൻ പോകുന്ന സർക്കാർ അവയവമാറ്റ ആശുപത്രി.