കെ.എസ്.ആര്‍.ടി.സിയുടെ ആഭിമുഖ്യത്തിൽ മിതമായ നിരക്കിൽ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നൽകുന്നതിനായി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. ഒരു പ്രധാന പൊതുമേഖലാ സ്ഥാപനം തികച്ചും പ്രൊഫഷണൽ മാനദണ്ഡങ്ങളോടെ ഇത്തരമൊരു പരിശീലന കേന്ദ്രത്തിന് തുടക്കമിടുക എന്നത് മാതൃകാപരമായ കാര്യമാണ്.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിഷ്ക്കര്‍ഷിക്കുന്ന അക്രഡിറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളുടെ രീതിയാണ് കെ.എസ്.ആര്‍.ടി.സിയും സ്വീകരിച്ചിട്ടുള്ളത്. കൃത്യമായ ഷെഡ്യൂള്‍ അനുസരിച്ചാണ് പരിശീലനം ലഭ്യമാക്കുക. കെ.എസ്.ആര്‍.ടി.സിയുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടുകൾ ഇതിനായി ഉപയോഗിക്കും. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നൽകിയിരുന്നവരെയാണ് ഈ സ്കൂളുകളിൽ പരിശീലകരായി നിയോഗിച്ചിട്ടുള്ളത്. സ്ത്രീകള്‍ക്കായി വനിതാ പരിശീലകരെയും നിയോഗിച്ചിട്ടുണ്ട്.
പ്രാക്ടിക്കൽ ക്ലാസുകള്‍ക്കൊപ്പം വാഹനങ്ങളുടെ യന്ത്രഭാഗങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്ന തിയറി ക്ലാസുകളും ഉണ്ടാകും. ഹെവി വാഹന പരിശീലനത്തിനൊഴികെ മറ്റെല്ലാ പരിശീലനങ്ങള്‍ക്കും പുതിയ വാഹനങ്ങൾ ഉപയോഗിക്കും. ഹെവി വാഹനങ്ങള്‍ക്കുള്ള ഡ്രൈവിംഗ് പരിശീലനത്തിന് 9,000 രൂപയും,ലൈറ്റ് മോട്ടോർ വെഹിക്കിൾ പരിശീലനത്തിന് 9,000 രൂപയും, ഇരുചക്ര വാഹന പരിശീലനത്തിന് 3,500 രൂപയും,ലൈറ്റ് മോട്ടോർ വെഹിക്കിളും ഇരുചക്ര വാഹനവും ചേർത്ത് 11,000 രൂപയുമാണ് ഫീസ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിൽപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കിൽ പരിശീലനം ലഭ്യമാണ്. ഈ വിഭാഗത്തിൽപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യനിരക്കിൽ പരിശീലനം നൽകുന്നതിനും ആലോചിക്കുന്നു. അതിനായി ഇതു സംബന്ധിച്ച പദ്ധതി സമര്‍പ്പിക്കാന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പുകളുടെ ഡയറ്കടര്‍മാര്‍ക്ക് നിര്‍ദ്ദേശം നൽകി. ശാസ്ത്രീയമായ മാർഗങ്ങൾ അവലംബിച്ച് മികച്ച രീതിയിൽ ഡ്രൈവിംഗ് പരിശീലനം നൽകാൻ സാധിക്കുന്ന ഈ സ്കൂളുകൾ റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും പുതിയ ഗതാഗത സംസ്കാരം രൂപപ്പെടുത്താനുമുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് ഊർജ്ജം പകരും.