ഓരോ വർഷവും കേരളത്തിൽ നിന്നുള്ള സിവിൽ സർവീസ് പരീക്ഷ വിജയികളുടെ എണ്ണം വർധിക്കുന്നുവെന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി സംഘടിപ്പിച്ച സിവിൽ സർവീസ് വിജയികൾക്കുള്ള അനുമോദന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ആകെ 54 പേരാണ് കേരളത്തിൽ നിന്നും സിവിൽ സർവീസ് പരീക്ഷ ഇത്തവണ വിജയിച്ചത് ‘കഴിഞ്ഞവർഷം ഇത് 37 ആയിരുന്നു.
2005 ൽ സിവിൽ സർവീസ് അക്കാദമി സ്ഥാപിക്കപ്പെട്ടതിനുശേഷം ഏറ്റവും അധികം വിജയികൾ ഉണ്ടായ വർഷമാണ് 2024. വിജയികളുടെ എണ്ണത്തിൽ മാത്രമല്ല, സിവിൽ സർവീസ് ലക്ഷ്യമായി കാണുന്ന യുവതീയുവാക്കളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരിക്കുന്നുവെന്നതും സന്തോഷകരമാണ്. 2005ലെ നമ്മുടെ നാട്ടിൽ നിന്നുള്ള സിവിൽ സർവീസ് പരീക്ഷ വിജയികളുടെ എണ്ണം എട്ട് ആയിരുന്നെങ്കിൽ അക്കാദമിയുടെ വരവോടുകൂടി ഈ അവസ്ഥയ്ക്ക് മാറ്റം വന്നു തുടങ്ങി. ഇന്ന് സിവിൽസർവീസ് അക്കാദമിക്ക് വിശാല സൗകര്യമുള്ള ഒരു കെട്ടിടം പണിതീർത്തിട്ടുണ്ട്. വിവിധ ആധുനിക സൗകര്യങ്ങൾ, വിപുലമായ ലൈബ്രറി അധ്യാപകർ എന്നിവ പ്രത്യേകതകളാണ്.
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വ്യക്തികൾ കൈകാര്യം ചെയ്യുന്ന ക്ലാസുകൾ മാതൃകാ അഭിമുഖങ്ങൾ എന്നിവയും അക്കാദമി നടത്തിവരുന്നു. വിദ്യാർഥികൾക്ക് മികച്ച പരിശീലനവും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇതിന്റെ ഫലമാണ് വിദ്യാർഥികൾ നേടിയ തിളക്കമാർന്ന വിജയം. സിവിൽ സർവീസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പരിശീലനം ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.