മനുഷ്യനെ പൂര്‍ണ്ണതയിലേക്ക് നയിക്കാന്‍ വായനയ്ക്ക് മാത്രമേ സാധിക്കൂ എന്ന് സംസ്ഥാന കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്. വായനയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന സർക്കാർ എക്കാലത്തും പിന്തുടരുന്നതെന്നും മന്ത്രി പറഞ്ഞു.
വായനാപക്ഷാചരണ പരിപാടികളുടെ ജില്ലാതല സമാപനം തിരൂര്‍ തുഞ്ചന്‍ പറമ്പിലെ തുഞ്ചൻ സ്മാരക ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മനുഷ്യരെയും സമൂഹത്തെയും ശരിയായി മനസ്സിലാക്കാനുള്ള കഴിവ് വായനയിലൂടെ മാത്രമേ ആര്‍ജിക്കാനാവൂ. വായനയുടെ പ്രാധാന്യം മനസ്സിലാക്കി ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയുടെ പുസ്തകങ്ങളാണ് എംഎൽഎ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലെ സ്കൂളുകളിലും ലൈബ്രറികളിലുമായി വിതരണം ചെയ്യപ്പെടുന്നത്. പുതു തലമുറയെ വായനയുടെ ലഹരിയിലേക്ക് കൊണ്ട് വരാനുള്ള പരിശ്രമങ്ങളാണ് വായനാപക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിലും ലൈബ്രറികളിലും നടക്കുന്നത്. വിദ്യാലയങ്ങളിലും നാട്ടിന്പുറങ്ങളിലുമെല്ലാമുള്ള ലൈബ്രറികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ നമുക്കാവണം. സാമൂഹികാവബോധവും രാഷ്ട്രീയാവബോധവും വളര്‍ത്തി മനുഷ്യനെ പൂര്‍ണതയിലേക്ക് നയിക്കാന്‍ വായനയ്ക്ക് മാത്രമേ കഴിയൂ. കേരളത്തില്‍ ഗ്രന്ഥശാലകൾ സ്ഥാപിക്കാനും അവയെ കോർത്തിണക്കാനും പരിശ്രമം നടത്തിയ പി.എന്‍ പണിക്കരുടെ അനുസ്മരണ ദിനം ദേശീയ വായനാ ദിനമായി അംഗീകരിക്കപ്പെട്ടത് മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒന്നാണ്. പി.എന്‍ പണിക്കര്‍ തുടങ്ങിവച്ച വായനാവിപ്ലവം നാട്ടിന്‍പുറങ്ങളെ സാംസ്കാരികമായി ഉയര്‍ത്തി. കേരളാ മോഡലിലെ ശ്രദ്ധിക്കപ്പെടേണ്ട ഒരു പഴയ കാല മാതൃക കൂടിയാണിത്. വായന ഒരിക്കലും മരിക്കില്ല. മനുഷ്യന് നിലനില്‍ക്കുന്നിടത്തോളം വായനയും നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായന എന്നത് ഒരു സംസ്കാരമാണെന്നും വായനയുടെ ലോകത്തെ നാം വിശാലമാക്കേണ്ടതുണ്ടെന്നും ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ പറഞ്ഞു. ജീവിതത്തിനൊപ്പം മനുഷ്യൻറെ ചിന്തകളെ സംസ്കരിച്ചെടുത്ത് അവനെ ശ്രേഷ്ഠമായ തലത്തിലേക്ക് ഉയർത്തുന്നതാണ് ഓരോ വായനയും. വായനയെ ലഹരിയാക്കിയ ഒരു പുതുതലമുറയെയാണ് നമുക്കാവശ്യമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, പൊതുവിദ്യാഭ്യാസ വകുപ്പുകളുടെയും സാക്ഷരതാ മിഷൻ, ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിദ്യാരംഗം, പി എൻ പണിക്കർ ഫൗണ്ടേഷൻ തുടങ്ങിയവയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങില്‍ കുറുക്കോളി മൊയ്തീന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര് വിനോദ് മുഖ്യാതിഥിയായിരുന്നു. സാക്ഷരതാമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ഷബീറലി നെടുംപറമ്പില്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ് കുമാര്‍, തിരൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എ ഷറഫുദ്ദീന്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് പ്രതിനിധി ജാഫര്‍ കക്കൂത്ത്, വിദ്യാരംഗം ജില്ലാ കണ്‍വീനര്‍ പി ഇന്ദിരാദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് സ്വാഗതവും സാക്ഷരതാമിഷന്‍ തിരൂര്‍ നഗരസഭാ പ്രേരക് സതീരത്നം നന്ദിയും പറഞ്ഞു. വായന പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാവേദിയും ജില്ലാ സാക്ഷരതാ മിഷനും നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള ഉപഹാര വിതരണവും ചടങ്ങിൽ മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു.