പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം വൈക്കം മുഹമ്മദ് ബഷീറിനെ ഉദ്ധരിച്ച് ചൊറിച്ചിലിനെ കുറിച്ച് പറഞ്ഞു. ഇന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ചപ്പോള്‍ ചൊറിഞ്ഞു കൊണ്ടാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി മറുപടി ആരംഭിച്ചത്. ലോക കേരളസഭ ബഹിഷ്ക്കരിച്ച പ്രതിപക്ഷം ലോക കേരളസഭയില്‍ വച്ച ഡോക്യുമെന്റുമായി വന്നിരിക്കുകയാണെന്നാണ് മന്ത്രി പറയുന്നത്. നോര്‍ക്ക റൂട്ട്സിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ ഡോക്യുമെന്റിലെ പ്രധാനപ്പെട്ട വിഷയം ചര്‍ച്ചയ്ക്ക് കൊണ്ടു വന്ന പ്രതിപക്ഷത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ ഉണ്ടാക്കിയ ഡോക്യുമെന്റാണിത്.
എല്ലാ വിദേശരാജ്യങ്ങളിലേക്കും പോകുന്നത് ഇപ്പോള്‍ വലിയ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. റോഡിന്റെ ഇരുവശത്തുമുള്ള പരസ്യ ബോര്‍ഡുകള്‍ പോലും റിക്രൂട്ടിങ് ഏജന്‍സികളുടേതാണ്. ജവഹര്‍ലാല്‍ നെഹ്റു ഓക്സ്ഫോര്‍ഡിലും കേംബ്രിഡ്ജിലും പഠിച്ചതു പോലുള്ള ട്രെന്ഡാണോ ഇപ്പോള്‍ കേരളത്തിലുള്ളത്. എത്ര ലാഘവത്തോടെയാണ് സാമൂഹിക പ്രശ്നത്തെ ഉന്നത വിദ്യാഭ്യാസമന്ത്രി കൈകാര്യം ചെയ്തത്.
പണ്ടു കാലത്ത് ഗള്‍ഫിലേക്ക് മൈഗ്രേഷന്‍ നടന്നപ്പോള്‍ ആരും ഉത്കണ്ഠ പറഞ്ഞിരുന്നില്ല. അതിനു കാരണം അവിടേക്ക് ആളുകള്‍ ജോലിക്ക് പോയതാണ്. അവിടെ നിന്നും വരുമാനം നാട്ടിലേക്ക് എത്തും. കുറേക്കാലം കഴിയുമ്പോള്‍ മടങ്ങിയെത്തുന്നവര്‍ ഏറ്റവും കുറഞ്ഞത് ഒരു ബേക്കറിയെങ്കിലും തുടങ്ങും. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ തന്നെ നട്ടെല്ലായിരുന്നു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മൈഗ്രേഷന്‍. എന്നാല്‍ ഇപ്പോഴത്തെ ട്രെന്‍ഡിനെ അങ്ങനെയാണോ കാണേണ്ടത്?
മന്ത്രി പറയുന്നത് കേട്ടാല്‍ തോന്നും കേരളത്തിലെ പ്രതിപക്ഷം കുട്ടികള്‍ വിദേശത്ത് പോയി പഠിക്കുന്നതിന് എതിരാണെന്ന്. നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവസരം കിട്ടിയാല്‍ അവര്‍ പോയി പഠിക്കട്ടെ. അതിനൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷെ അതാണോ ഇപ്പോള്‍ കാണുന്നതെന്ന് നിങ്ങള്‍ നെഞ്ചില്‍ കൈ വച്ച് ചോദിക്ക്. വീട് പണയപ്പെടുത്തി 45 ലക്ഷം വാങ്ങി, ഏത് സ്ഥാപനങ്ങളിലേക്കാണ് പോകുന്നതെന്നു പോലും ആ പാവങ്ങള്‍ക്ക് അറിയില്ല. കാനഡയിലെ യൂണിവേഴ്സിറ്റിയില്‍ പോയി പഠിച്ചാല്‍ നല്ലതാണ്. പക്ഷെ നമ്മുടെ നാട്ടിലെ ഏറ്റവും നിലവാരം കുറഞ്ഞ സ്ഥാപനങ്ങളേക്കാള്‍ നിലവാരം കുറഞ്ഞ സ്ഥാപനങ്ങളിലേക്കാണ് ഈ കുട്ടികളില്‍ പലരും പോകുന്നത്. അവിടെ പോയി പഠിച്ച് ജോലി കിട്ടാതെ മലയാളി അസോസിയേഷനുകളോട് റക്കമെന്‍ഡ് ചെയ്യണമെന്ന് പറയുന്ന മാതാപിതാക്കളുണ്ട്. 34 മുതല്‍ 45 ലക്ഷം വരെയാണ് എല്ലാ വീടുകളില്‍ നിന്നും നഷ്ടമാകുന്നത്. ഇത്തരത്തില്‍ 2000, 3000 കോടി രൂപയാണ് കേരളത്തില്‍ നിന്നും നഷ്ടപ്പെടുന്നത്. അടുത്ത വര്‍ഷമാകുമ്പോള്‍ അത് 5000 കോടിയാകും.
ഇന്ന് ലോക ജനസംഖ്യാദിനമാണ്. 1.44 ബില്യന്‍ ജനസംഖ്യയുള്ള ഇന്ത്യ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ പോപ്പുലേഷനുള്ള രാജ്യങ്ങള്‍ക്ക് ഒരു ഡിമോഗ്രാഫിക് ഡിവിഡന്റുണ്ടെന്നതാണ് ലോകം ഇന്ന് കരുതുന്നത്. ആശ്രിതരായ ആളുകളേക്കാള്‍ ജോലി ചെയ്യുന്നവരുടെ എണ്ണം കൂടുന്നതാണ് ഒരു രാജ്യത്തിന്റെ മഹത്വം. ഈ സാഹചര്യത്തിലാണ് ഒരു നിയന്ത്രണവുമില്ലാത്ത മൈഗ്രേഷന്‍. ക്രീം ആയ കുട്ടികളെ നഷ്ടപ്പെടുന്നതിലൂടെ നമ്മുടെ ഡിമോഗ്രാഫിക് ഡിവിഡന്റ് ഇല്ലാതാക്കുകയും ചെയ്യും. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയാല്‍ തിരിച്ച് വരുകയും റമിറ്റന്‍സ് ഉണ്ടാകുകയും ചെയ്യും. എന്നാലിപ്പോള്‍ അങ്ങോട്ട് പണം പോകുന്നതല്ലാതെ അവിടെ നിന്നും പണം ഇങ്ങോട്ട് വരുന്നില്ല. ജോലി ആയിക്കഴിഞ്ഞാല്‍ അവര്‍ അവിടെ വീട് വാങ്ങി സെറ്റില്‍ ആകും.
കുട്ടികള്‍ അമേരിക്കയിലോ യൂറോപ്പിലോ പോയി പഠിച്ച് സെറ്റില്‍ ആകുന്നതല്ല ഇവിടുത്തെ പ്രശ്നം. ഇവര്‍ എങ്ങോട്ടാണ് പോകുന്നത്? ഏത് രീതിയിലാണ് പോകുന്നത്? എന്തുകൊണ്ടാണ് വല്ലാത്ത രീതിയിലുള്ള മൈഗ്രേഷന്‍ ഉണ്ടാകുന്നത്? ഒരു ഏജന്‍സി മാത്രം 7000 പേരെയാണ് കഴിഞ്ഞ വര്‍ഷം വിട്ടത്. മിക്കവാറും കുട്ടികള്‍ക്ക് കെയര്‍ ഹോംസിലാണ് ജോലി. അത് മോശമാണെന്നല്ല പറയുന്നത്. എന്നാല്‍ അങ്ങോട്ട് പോയാല്‍ സര്വസുഖമാണെന്ന തെറ്റിദ്ധാരണയുണ്ട്.
രാജ്യത്ത് തൊഴിലില്ലായ്മയില്‍ കേരളം ഒന്നാം സ്ഥാനത്താണ്. ദേശീയ ശരാശരി 17 ശതമാനമായിരിക്കുമ്പോള്‍ കേരളത്തില്‍ 31.8 ശതമാനമാണ് തൊഴിലില്ലായ്മ. ദേശീയ ശരാശരി തന്നെ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ്. ഇത്രയും വലിയ തൊഴിലില്ലായ്മ കേരളത്തിലുണ്ടെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. കേരളത്തിലെ പത്ത് സര്‍വകലാശാലകളില്‍ വി.സിമാരില്ല. സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല. പ്രധാനപ്പെട്ട കേളജുകളില്‍ ഫിസിക്സ്, കെമിസ്ട്രി ബിരുദ, ബിരുദാനന്തര സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഓരോ വര്‍ഷവും എന്‍ജിനീയറിങ് കോളജുകള്‍ പൂട്ടുകയാണ്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്നത്തില്‍ വിദ്യാര്‍ത്ഥികളെയും സര്‍വകലാശാലകളെയുമാണ് നിങ്ങള്‍ ബലിയാടാക്കുന്നത്. പ്രോ ചാന്‍സലര്‍ എന്ന നിലയില്‍ വി.സി നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമവിരുദ്ധമായി ഇടപെട്ടു. അനാവശ്യ ഇടപെടലാണ് നടത്തിയതെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. അന്ന് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണയിലായിരുന്നു. അത്തരത്തില്‍ നിയമിച്ച വി.സിമാരെ കോടതി ഇടപെട്ടാണ് പുറത്താക്കിയത്. നിയമം ലംഘിച്ച് സര്‍ക്കാരും ഗവര്‍ണറും ഒന്നിച്ച് നിന്ന് ഇഷ്ടപ്പെട്ടവരെ പിന്‍വാതിലിലൂടെ നിയമിക്കാന്‍ ശ്രമിച്ചതാണ് ഉന്നതവിദ്യാഭ്യാസ രംഗം പരിതാപകരമായതിന്റെ പ്രധാന കാരണം.
ലോകത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് കരിക്കുലം മാറ്റി പുതിയ കോഴ്സുകള്‍ കൊണ്ടു വരേണ്ടേ? നിങ്ങളല്ലേ വിദേശ സര്‍വകലാശാലകള്‍ കൊണ്ടു വരാന്‍ യു.ഡി.എഫ് ആലോചിച്ചപ്പോള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ടി.പി ശ്രീനിവാസന്റെ കരണക്കുറ്റിക്കല്ലേ നിങ്ങള്‍ അടിച്ചത്? അടിച്ചവന്റെ അപ്പൂപ്പനാകാന്‍ പ്രായമുള്ള ആളാണ് ടി.പി ശ്രീനിവാസന്. അന്ന് എതിര്‍ത്ത നിങ്ങളാണ് വിദേശ സര്‍വകലാശാലകളെ കൊണ്ടു വരാന്‍ പോകുന്നത്. നല്ല കാര്യം. നേരത്തെ വിദേശ സര്‍വകലാശാലകള്‍ വന്നിരുന്നുവെങ്കില്‍ ഈ മൈഗ്രേഷന്‍ നിയന്ത്രിക്കാമായിരുന്നു.
ഉന്നത വിദ്യാഭ്യാസമന്ത്രി പറയുന്നതു പോലെ ഇതൊരു സാധാരണഗതിയില്‍ കുട്ടികള്‍ പഠിക്കാന്‍ പോകുന്ന ട്രെന്‍ഡല്ല. ഇത് കേരളത്തില്‍ സമൂഹിക സാമ്പത്തിക പ്രത്യാഘാതം ഉണ്ടാക്കുകയും കേരളം വയസായവരുടെ സ്ഥലമായി മാറാന്‍ സാധ്യതയുള്ള ട്രെന്‍ഡാണ്. ഇത് പഠന വിധേയമാക്കി എന്താണ് സംഭവിക്കുന്നതെന്ന് വിലയിരുത്തണം. കുട്ടികള്‍ നല്ല സര്‍വകലാശാലയിലാണോ പഠിക്കുന്നതെന്നും അവര്‍ സുരക്ഷിതരാണോയെന്നും പരിശോധിക്കാനും അന്വേഷിക്കാനുമുള്ള സംവിധാനം ഉണ്ടാക്കാതെ കേരളത്തിലെ സര്‍വകലാശാലകളൊക്കെ നല്ലഗംഭീരമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്യുന്നു.