രണ്ടുദിവസമായി കൊച്ചിയിൽ നടന്ന ഇന്ത്യയിലെ ആദ്യത്തെ രാജ്യാന്തര ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ( ജെൻ എ. ഐ) കോൺക്ലേവ് വൻ വിജയമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു.
കേരളത്തിന് കൂടുതൽ ആത്മവിശ്വാസം പകരുന്നതായിരുന്നു കോൺക്ലേവ്. ലോകത്തെ എല്ലാ മേഖലകളിൽ നിന്നുള്ള എ.ഐ വിദഗ്ധരെ കോൺക്ലേവിൽ കൊണ്ടുവരാൻ നമ്മുക്ക് കഴിഞ്ഞു.മികച്ച പ്രതികരണമാണ് വന്നവരിൽ നിന്നുണ്ടായതെന്നും മന്ത്രി പറഞ്ഞു.
യുവാക്കളെ കൂടുതലായി ആകർഷിക്കാൻ കഴിഞ്ഞു. കോൺക്ലേവിൽ പങ്കെടുത്തവരുടെ ശരാശരി പ്രായം 26 വയസ് ആണ്. കോൺക്ലേവിന് മുന്നോടിയായി നടത്തിയ ഹാക്കത്തൺ വിദ്യാർത്ഥികൾക്ക് മികച്ച അനുഭവമായി. അവരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ഭാവി കേരളത്തിന് ഈ യുവാക്കൾ മുതൽകൂട്ടാകും.
കോൺക്ലേവിലൂടെ കേരളത്തിൻ്റെ ശക്തി ലോകത്തെ അറിയിക്കാൻ കഴിഞ്ഞു. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താൻ നമ്മൾക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെ ഒരു കോൺക്ലേവ് നടത്താൻ സർക്കാരിനൊപ്പം നിന്ന ഐബിഎമ്മിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.