കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ മൾട്ടി-ഫാമിലി ഓഫീസായ ക്ലയൻ്റ് അസോസിയേറ്റ്‌സ് (സിഎ), കൊച്ചിയിൽ പുതിയ ബ്രാഞ്ച് ആരംഭിക്കും. ഇതോടെ കേരളത്തിലെ സിഎ സാന്നിധ്യം വിപുലീകരിക്കും. കൂടാതെ, ഇന്ത്യയിലുടനീളമുള്ള ഒൻപത് ശാഖകളിലേക്ക് സിഎ യുടെ ദേശീയ സാന്നിധ്യവുമാകും. കൊച്ചിയിൽ പരിചയസമ്പന്നരായ വെൽത്ത് മാനേജ്‌മെൻ്റ് പ്രൊഫഷണലുകളുടെ ടീമിനെ നിയോഗിക്കാനാണ് ക്ലയൻ്റ് അസോസിയേറ്റ്‌സ് ലക്ഷ്യമിടുന്നത്.
ക്ലയൻ്റുകൾക്ക് ഫാമിലി ഓഫീസ്, എസ്റ്റേറ്റ് പ്ലാനിംഗ്, ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ് അഡ്വൈസറി, ലെൻഡിംഗ് സൊല്യൂഷനുകൾ എന്നിവയുൾപ്പെടെ സ്ഥാപനത്തിൻ്റെ സമഗ്രമായ സേവനങ്ങളും ഉറപ്പാക്കും. അതിവേഗം വളർച്ച കൈവരിക്കുന്ന ദക്ഷിണേന്ത്യൻ വെൽത്ത് മാനേജ്‌മെൻ്റ് മാർക്കറ്റ് പ്രത്യേകിച്ച് കൊച്ചി, സമീപഭാവിയിൽ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ചയും, വൈവിധ്യമാർന്ന നിക്ഷേപ അവസരങ്ങളും എൻആർഐകളെ ഇവിടെ തന്നെ നിക്ഷേപിക്കാൻ ആകർഷിക്കുന്നു. എൻആർഐകളുടെ സമ്പത്ത് ഇന്ത്യയിലേക്ക് തിരിച്ചുവിടുന്ന പ്രവണത വർധിക്കുകയാണ്. കേരളത്തിലെ എൻആർഐ ജനസംഖ്യയുടെ ആധിക്യമാണ് ഇവിടേക്ക് ശ്രദ്ധ ചെലുത്താൻ കാരണം. 6.1 ബില്യൺ ഡോളർ ആസ്തി കൈകാര്യം ചെയ്യുന്ന 2002ൽ സ്ഥാപിതമായ ക്ലയൻ്റ് അസോസിയേറ്റ്‌സിനു 250-ലധികം പ്രൊഫഷണലുകളടങ്ങിയ ടീമിൻ്റെ പിന്തുണയും ഉണ്ട്.
സംരംഭകത്വ മനോഭാവവും സാമ്പത്തിക ചടുലതയും നിറഞ്ഞ നഗരമായ കൊച്ചിയിൽ സാന്നിധ്യം ഉറപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ക്ലയൻ്റ് അസോസിയേറ്റ്‌സ് സഹസ്ഥാപകൻ രോഹിത് സരിൻ പറഞ്ഞു. എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോസഫ് മാത്യു, അസോസിയേറ്റ് ഡയറക്ടർ മധുകുമാർ പി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Akshay