മാധ്യമ പ്രവർത്തനത്തിൽ ബാലസൗഹൃദ നയം അനിവാര്യം : മന്ത്രി വീണ ജോർജ്

Spread the love

തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിയുകയോ ചിന്തിക്കുകയോ ചെയ്യാത്ത വിഭാഗങ്ങളാണ് കുഞ്ഞുങ്ങളെന്നും അതിനാൽത്തന്നെ മാധ്യമ പ്രവർത്തനത്തിൽ ബാലസൗഹൃദ നയം അനിവാര്യമാണെന്നും ആരോഗ്യ, വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. കേരള മീഡിയ അക്കാദമി യുനിസെഫിന്റെ സഹകരണത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശിശു സൗഹൃദമാധ്യമ പ്രവർത്തനം സംബന്ധിച്ച വട്ടമേശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാർഗരേഖ പ്രകാശനവും വീണ ജോർജ്ജ് നിർവ്വഹിച്ചു.
കുട്ടികളുടെ നേട്ടങ്ങൾ, പ്രശ്‌നങ്ങൾ എന്നിങ്ങനെ അവരുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾ രണ്ടു വിധത്തിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിയമപരമായ തർക്കങ്ങളിലേർപ്പെടേണ്ടി വരുന്ന വിഷയങ്ങളിൽപ്പെട്ട കുഞ്ഞുങ്ങളുടെ ഒരു തരത്തിലുള്ള വിവരവും ഒരു കാരണവശാലും പ്രസിദ്ധപ്പെടുത്താൻ പാടില്ല. ആ കുഞ്ഞിനെ തിരിച്ചറിയാനിടയാക്കുന്ന ഒരു കാര്യവും രക്ഷകർത്താക്കളെ സംബന്ധിച്ച വിവരം പോലും പ്രസിദ്ധപ്പെടുത്താൻ പാടില്ല. പക്ഷേ, കുഞ്ഞിന്റെ മുഖം മറച്ചും മറ്റു സൂചനകൾ നൽകിയുമാണ് മാധ്യമങ്ങൾ പലപ്പോഴും വാർത്തകൾ നൽകുന്നത്. ഇക്കാര്യത്തിൽ വ്യക്തമായ ഒരു നയം ഉണ്ടാവേണ്ടതുണ്ടെന്നും മന്ത്രി വീണ ജോർജ്ജ് പറഞ്ഞു.
കുഞ്ഞുങ്ങളുമായി അഭിമുഖം നടത്തുന്നതും ചിത്രീകരിക്കുന്നതും കുഞ്ഞുങ്ങളുടെ താല്പര്യം പരിഗണിച്ചായിരിക്കണം. ദ്വയാർത്ഥ പ്രയോഗങ്ങളോ മാനസിക സംഘർഷങ്ങളുണ്ടാക്കുന്ന സംസാരങ്ങളോ അഭിമുഖങ്ങളിലുണ്ടാവരുത്. പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് അഭിമുഖത്തിന്റെ പൂർണ വിവരങ്ങൾ കുഞ്ഞിനെയും രക്ഷകർത്താക്കളെയും ബോധ്യപ്പെടുത്തിയിരിക്കണം എന്നീ കാര്യങ്ങളിൽ മാധ്യമപ്രവർത്തകരുടെ നിതാന്ത ജാഗ്രതയുണ്ടായിരിക്കണമെന്നും മന്ത്രി പറഞ്ഞു.
കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ ഭാസ്‌കർ സ്വാഗതം പറഞ്ഞു. മുൻ ഡിജിപി ജേക്കബ് പുന്നൂസ്, മുൻ ജില്ലാ ജഡ്ജി എസ് എച്ച് പഞ്ചാപകേശൻ, ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ കെ കുഞ്ഞികൃഷ്ണൻ മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, യുനിസെഫ് സൗത്ത് ഇന്ത്യ പ്രോഗ്രാം ഹെഡ് ശ്യാം സുധീർ ബണ്ടി തുടങ്ങിയവർ പങ്കെടുത്തു. ഏഷ്യാനെറ്റ് എക്‌സിക്യൂട്ടിവ് ന്യൂസ് എഡിറ്റർ എസ് ബിജു മോഡറേറ്ററായിരുന്നു. അക്കാദമി വൈസ് ചെയർമാൻ ഇ.എസ് സുഭാഷ് നന്ദി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *