‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ കാമ്പയിൻ’ ഗോശ്രീ ദ്വീപുകളിലേയ്ക്ക്

Spread the love

പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തു നടപ്പാക്കി വരുന്ന ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ കാമ്പയിൻ കൊച്ചി ഗോശ്രീ ദ്വീപുകളിലും വ്യാപിപ്പിക്കുന്നു. ഗോശ്രീ ഐലൻഡ്സ് ഡവലപ്പ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ദ്വീപുകളിലെ എട്ടു ഗ്രാമപഞ്ചായത്തുകളിലും കാമ്പയിൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കാമ്പയിൻ പ്രവർത്തനങ്ങൾ പ്രായോഗിക തലത്തിൽ നടപ്പാക്കുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമന തോതും കാർബൺ സംഭരണതോതും സംതുലിതമാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇതിൽ പ്രധാനം. ഇതിനുപുറമേ ഹരിതകേരളം മിഷൻ നടപ്പാക്കി വരുന്ന തരിശുരഹിത ഗ്രാമം, ഹരിത സമൃദ്ധി വാർഡ്, പച്ചത്തുരുത്തുകൾ, ശാസ്ത്രീയ മാലിന്യ സംസ്‌കരണം, ജലസംരക്ഷണം തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഗോശ്രീ ദ്വീപുകളിൽ നടപ്പാക്കും.
കാമ്പയിന്റെ ഭാഗമായി കോർഗ്രൂപ്പ് അംഗങ്ങൾക്കും ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുതല ജനപ്രതിനിധികൾക്കുമായി ജൂലൈ 27ന് ശിൽപശാലകൾ സംഘടിപ്പിക്കും. എറണാകുളം, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഹാൾ-1 ൽ കോർഗ്രൂപ്പ് അംഗങ്ങളെയും കുഴിപ്പള്ളി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഹാൾ-2 ൽ ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുതല പ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് ശിൽപശാല.
കാമ്പയിൻ പ്രവർത്തനങ്ങൾ, സാധ്യതകൾ, GIDA യുടെ പങ്കാളിത്തം, അനുബന്ധ സാങ്കേതിക നിർവഹണ രീതികൾ തുടങ്ങിയവ ശിൽപശാലയിൽ വിഷയമാകും. GIDA സെക്രട്ടറി രഘുറാം, കുഫോസ് ഡയറക്ടർ ഡോ. മുഹമ്മദ് ഹാത്ത, ഹരിതകേരളം മിഷൻ കൃഷി ഉപമിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ എസ്.യു. സഞ്ജീവ്, പ്രോഗ്രാം ഓഫീസർമാരായ രാജേന്ദ്രൻ നായർ വി., സുരേഷ് യു., പ്രോജക്ട് കോർഡിനേറ്റർ ലിജി ജോർജ്, യംഗ് പ്രൊഫഷണൽ സൂര്യ എസ്.ബി, നവകേരളം കർമപദ്ധതി എറണാകുളം ജില്ലാ കോർഡിനേറ്റർ രഞ്ജിനി എസ്. തുടങ്ങിയവർ ശിൽപശാലയിൽ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സുകൾ നയിക്കും. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ മുഖ്യാതിഥിയായി പങ്കെടുക്കും. കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഹരിതഗൃഹ വാതകങ്ങളുടെ അളവ് ക്രമേണ കുറച്ച് നെറ്റ് സീറോ കാർബൺ എന്ന അവസ്ഥയിലേക്ക് എത്തിച്ചേരാൻ ലോകമെമ്പാടും ശ്രമങ്ങൾ നടത്തിവരികയാണ്. 2050 ആകുമ്പോൾ ഈ ലക്ഷ്യം നേടാനാവുംവിധം കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷന്റെ കാമ്പയിൻ പുരോഗമിക്കുകയാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *