മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ: പൂര്‍ണപിന്തുണയുമായി സര്‍വകക്ഷിയോഗം

Spread the love

2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനിൽക്കുന്ന വിപുലമായ ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് സര്‍വ്വകക്ഷിയോഗം പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ മുന്നോടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചത്.
മാലിന്യ സംസ്കരണ പ്രവത്തനങ്ങളിൽ സംസ്ഥാന, ജില്ലാ, പ്രദേശിക തലങ്ങളിൽസൃഷ്ടിച്ച മാതൃകകൾ ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് കാംപെയിൻ ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനം ചെയ്യേണ്ട മാതൃകാ സ്ഥലങ്ങൾ‌ ഏതൊക്കെയെന്ന് സെപ്റ്റംബർ 20നകം പ്രസിദ്ധപ്പെടുത്തും. ഉദ്ഘാടനത്തിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ സെപ്റ്റംബർ 30 നകം പൂർത്തിയാക്കും. 2025 മാര്‍ച്ച് 30ന് സമ്പൂര്‍ണ്ണ ശുചിത്വകേരളമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.
ഇതിന് മുന്നോടിയായി അയല്‍ക്കൂട്ടങ്ങള്‍, ഗ്രാമങ്ങള്‍, നഗരങ്ങള്‍, സര്‍ക്കാര്‍, പൊതുമേഖലാ ഓഫീസുകള്‍, വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവ ഹരിതമായി മാറണം.
മാലിന്യത്തിന്റെ അളവ് കുറക്കൽ, കൃത്യമായി തരംതിരിക്കൽ, ജൈവ മാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടത്തിൽ സംസ്കരിക്കൽ, അജൈവ പാഴ് വ സ്തുക്കൾ ഹരിതകർമസേനകൾ വഴി കൈമാറൽ മുതലായ പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ നടത്തും. കക്കൂസ് മാലിന്യ സംസ്ക്കരണത്തിന് ആവശ്യമായ പ്ലാന്‍റുകള്‍ സ്ഥാപിക്കണം. ജലസ്രോതസും നീര്‍ച്ചാലുകളും ശുദ്ധീകരിക്കണം. ശാസ്ത്രീയമായ രീതിയില്‍ ലാന്‍റ് ഫില്ലുകള്‍ ആരംഭിക്കാനാകണം. കൂട്ടായ ഇടപെടലിലൂടെ പൊതുബോധം ഉണ്ടാക്കാനാകണം.

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അച്യുത്ശങ്കർ എസ്. നായർ (കോണ്‍ഗ്രസ് – ഐ), ഇ ചന്ദ്രശേഖരന്‍ എംഎല്‍എ (സിപിഐ), അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ (ഐയുഎംഎല്‍), കെ അനന്ദകുമാര്‍ ( കേരള കോണ്‍ഗ്രസ് – എം), പിജെ ജോസഫ് (കേരള കോണ്‍ഗ്രസ്), മാത്യു ടി തോമസ് (ജനതാദള്‍ – സെക്കുലര്‍), പി എം സുരേഷ് ബാബു ( എന്‍ സി പി), കെ ജി പ്രേംജിത്ത് ( കേരള കോണ്‍ഗ്രസ് – ബി), അഡ്വ. ഷാജ ജി എസ് പണിക്കര്‍ ( ആര്‍എസ്പി – ലെനിനിസ്റ്റ്), കെ ആര്‍ ഗിരിജന്‍ ( കേരള കോണ്‍ഗ്രസ് – ജേക്കബ്), സി കൃഷ്ണകുമാര്‍ ( ബിജെപി), ഡോ വര്‍ഗീസ് ജോര്‍ജ് (രാഷ്ട്രീയ ജനതാദള്‍), ബാബു ദിവാകരന്‍ ( ആര്‍എസ്പി), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), പി സി ജോസഫ് ( ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവരും മന്ത്രിമാരായ എംബി രാജേഷ്, കെ രാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ഡോ. വേണു വി, അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ എന്നിവരും സംസാരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *