ഷിക്കാഗോ : ഫോമയുടെ നാഷ്ണല്‍ കണ്‍വന്‍ഷനില്‍ വച്ച് ആഗസ്റ്റ് 9ന് നടക്കുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്റെ സൂക്ഷ്മ പരിശോധനയ്ക്കുശേഷം ജൂലൈ 24-ന് സ്ഥാനാര്‍ത്ഥികളുടെയും ഡെലിഗേറ്റുകളുടേയും സമ്പൂര്‍ണ്ണ ലിസ്റ്റ് ഇലക്ഷന്‍ കമ്മീഷന്‍ പരസ്യപ്പെടുത്തുകയുണ്ടായി. എന്നാല്‍ തിരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെ എല്ലാവരും ഫോമ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷനും യാത്രാ ടിക്കറ്റുകളും മറ്റു ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചു കഴിഞ്ഞപ്പോള്‍ ജോഷിയുള്‍പ്പെടെ 53 പേരുടെ പേരുകള്‍ ഫോമയുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ നിന്നും ഡെലിഗേറ്റ് ലിസ്റ്റില്‍ നിന്നും മാറ്റിയത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അപക്വമായ നിലപാടാണ്. ഇത് ഫോമയ്ക്ക് വലിയ നിയമബാദ്ധ്യതയും സാമ്പത്തിക ബാദ്ധ്യതയും(രജിസ്‌ട്രേഷന്‍ ഫീസ്, യാത്രാടിക്കറ്റ് ചാര്‍ജ്ജ്, മറ്റ് ചിലവുകള്‍) വരുത്തി തീര്‍ക്കും എന്ന് വിസ്മരിക്കരുത്.
ഫൊക്കാനയുടെ ഡെലിഗേറ്റ് ലിസ്റ്റില്‍ ഷിക്കാഗോയില്‍ നിന്നും ഫോമ ആര്‍.വി.പി. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോഷി വള്ളിക്കളത്തിന്റെ പേര് ആരോ ആസൂത്രിതമായി ചേര്‍ത്തതോ മറ്റോ ആണ്. ഇക്കാരണം പറഞ്ഞാണ് ജോഷിയുടെ സ്ഥാനാര്‍ത്ഥിത്വം എടുത്തുകളയുന്നതിന് ഇലക്ഷന്‍ കമ്മീഷ്ണര്‍മാരായ ബേബി ഊരാളില്‍, മാത്യു ചെരുവില്‍, അനു സക്കറിയ എന്നിവര്‍ ശ്രമിക്കുന്നത്. കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടും അതിനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് നടത്തുന്ന നടപടികള്‍ അവരുടെ അവിവേകവും കഴിവില്ലായ്മയുമാണ് എടുത്തു കാണിക്കുന്നത്.
1.ഫൊക്കാന ഡെലിഗേറ്റ് ലിസ്റ്റില്‍ ജോഷി വള്ളിക്കളത്തിന്റെ പേര് വന്നിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെയാണ്.
2. ജോഷി വള്ളിക്കളം ഫൊക്കാനയുടെ കണ്‍വന്‍ഷനിലോ അവരുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലോ പങ്കെടുത്തിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തിയതാണ്.
3.ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റായ ജോഷി വള്ളിക്കളം ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഫൊക്കാനയില്‍ സമര്‍പ്പിച്ച പത്ത് ഡെലിഗേറ്റുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് സിഎംഎയുടെ നിലവിലുള്ള പ്രസിഡന്റ് ജസി റിന്‍സിയും സെക്രട്ടറി ആല്‍വിന്‍ ഷിക്കോറും കോപ്പി സഹിതം ഫോമയുടെ തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് സമര്‍പ്പിക്കുകയും സാക്ഷ്യപത്രം നല്‍കുകയും ചെയ്തതാണ്.
ഇങ്ങിനെ എല്ലാ തരത്തിലുമുള്ള തെളിവുകളും ഫോമ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടും അവരത് നിഷ്‌കരുണം തള്ളിക്കളയുകയാണുണ്ടായത്.
കഴിഞ്ഞ ദിവസം ലഭിച്ച ഒരു വാര്‍ത്തയുമായി ബന്ധപ്പെടുത്തി നോക്കിയാല്‍ ചില കാര്യങ്ങള്‍ മനസ്സിലാവുന്നതേയുള്ളൂ. ചിലരുടെ വ്യക്തി താല്‍പര്യങ്ങള്‍ക്ക് കൂട്ട് നില്‍ക്കാത്തതിനാല്‍ ഇലക്ഷന്‍ കമ്മീഷനുമായി ചേര്‍ന്ന് ജോഷി വള്ളിക്കളത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എങ്ങനെയും തള്ളിക്കളയുന്നതിനായി ശ്രമിക്കുകയാണ്. താന്‍ നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥി പരാജയപ്പെടുമെന്ന് ഉറപ്പായപ്പോള്‍ വിഭാഗീയ ചിന്തകളും തെറ്റായ നടപടികളുമായി ഇലക്ഷന്‍ കമ്മീഷനെ വശീകരിച്ചിരിക്കുന്നത് തികച്ചും അപലനീയമാണ്.
തന്റെ വിവേചനാധികാരം ദുര്‍വിനിയോഗം ചെയ്യുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെ സംഘടനയില്‍ നിന്നും മാറ്റി നിര്‍ത്തി പുതിയ തിരഞ്ഞെടുപ്പ് കമ്മീഷനെ ചുമതല ഏല്‍പ്പിച്ച് തിരഞ്ഞെടുപ്പ് സുഗമമായി നടത്തേണ്ടിയിരിക്കുന്നു. ജോഷി വള്ളിക്കളത്തിന്റെ സ്ഥാനാര്‍ത്ഥിമുള്‍പ്പെടെ 53 പേരുടെയും ഡെലിഗേറ്റ് സ്ഥാനം അംഗീകരിച്ച് മുമ്പോട്ട് പോകണമെന്ന് ഫോമയെ സ്‌നേഹിക്കുന്ന, ഫോമയുടെ വളര്‍ച്ചയില്‍ തല്‍പരരായിട്ടുള്ള അംഗങ്ങള്‍ ശക്തിയുക്തം ആവശ്യപ്പെടുന്നു.