കേരളത്തിന്റെ ചരിത്രത്തിൽ സംഭവിച്ചിട്ടുള്ളതിൽ സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് ജില്ലയിലെ – രമേശ് ചെന്നിത്തല

Spread the love

കേരളത്തിന്റെ ചരിത്രത്തിൽ സംഭവിച്ചിട്ടുള്ളതിൽ സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഇന്നു പുലർച്ചെ സംഭവിച്ചത്. ദുരന്തം നടന്ന് 12 മണിക്കൂർ പിന്നിടുമ്പോഴും അതിന്റെ വ്യാപ്തിയെക്കുറിച്ചു വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ല. ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ പരിശോധിക്കുമ്പോൾ ചരിത്രത്തിലെ ഏറ്റവും ബൃഹത്തും ഭയാനകവും വേദനാജനകവുമായ പ്രകൃതി ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ഈ ദുരന്തത്തിനിരയായ സഹോദരങ്ങൾക്കു സാധ്യമായ മുഴുവൻ സഹായങ്ങളും എത്തിച്ചുകൊടുക്കാൻ നമ്മളെല്ലാവരും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങേണ്ട സമയമാണിത്. 2018ലെയും 19ലെയും പ്രളയ ദുരന്തങ്ങളിൽ കൈമെയ് മറന്ന് ഏകമനസോടെ നമ്മളെല്ലാവരും പ്രവർത്തിച്ചതിന്റെ ഫലമാണ് ഇന്നു കാണുന്ന കേരളം. സമാന രീതിയിൽ ലോകം മുഴുവനുള്ള മലയാളികൾ ഒന്നിച്ചുനിന്ന് തകർന്ന വയനാടിനെ വീണ്ടെടുക്കണമെന്ന് അഭ്യർഥിക്കുന്നു.
ദുരന്തത്തിന്റെ ദൃശ്യങ്ങളും വാർത്തകളും അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും കരളലിയിക്കുന്നതുമാണ്.
വയനാട്ടിൽ സംഭവിച്ച ദുരന്തം ദേശീയ ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണം. സംസ്ഥാനത്തിനു മാത്രമായി പരിഹരിക്കാൻ കഴിയുന്നതല്ല ദുരിതം. അതു നേരിട്ടു മനസിലാക്കാനും ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ വളരെ വേ​ഗത്തിൽ ലഭ്യമാക്കാനും അഭ്യർഥിക്കുന്നു.
ഏതുതരത്തിലുള്ള ഭിന്നതകളും മാറ്റിവച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സാധ്യമായ സഹായങ്ങൾ നൽകണം. സ്വത്തിനും ജീവനും മാത്രമല്ല, പിന്നാക്ക ജില്ലയായ വയനാടിന്റെ അടിസ്ഥാന സൗകര്യങ്ങളെല്ലാം താറുമാറായി തകർന്നു പോയ റോഡുകളുടെയും വാർത്താ വിനിമയ സൗകര്യങ്ങളുടെയും വൈദ്യുത വിതരണത്തിന്റെയും വീണ്ടെടുക്കലിന് സൈനിക സഹായം ലഭ്യമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *