വയനാട് ഉരുൾപൊട്ടൽ നടന്ന മേഖലകൾ ഇന്ന് സന്ദർശിച്ചിരുന്നു. കൽപറ്റയിൽ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു കൊണ്ട് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി അവലോകനയോഗം ചേർന്നു. സ്വീകരിച്ച നടപടികളെ കുറിച്ച് ചോദിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അതിനു ശേഷം സർവ്വകക്ഷിയോഗം യോഗം ചേരുകയും ഒത്തൊരുമിച്ചു ഈ ദുരന്തത്തെ നേരിടുന്നതിനായുള്ള പ്രവർത്തനങ്ങൾ ആലോചിക്കുകയും ചെയ്തു. തുടർന്ന് ദുരന്തം നടന്ന ചൂരൽമലയിലെ പ്രദേശം സന്ദർശിക്കുകയും ബെയ്‌ലി പാലത്തിന്റെ നിർമ്മാണ പുരോഗതിയെ കുറിച്ചും നിലവിലെ രക്ഷാപ്രവർത്തനത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ചും അന്വേഷിക്കുകയുണ്ടായി. ദുരന്തബാധിതരെ താമസിപ്പിച്ചിരിക്കുന്ന ക്യാമ്പിലെത്തി അവരോടൊപ്പം ഉണ്ടാകും എന്നുള്ള ഉറപ്പു നൽകിയാണ് മടങ്ങിയത്.