ടോറന്റോ : ജനപങ്കാളിത്തം കൊണ്ടും ആത്മ സാന്നിധ്യം കൊണ്ടും അതിശക്തമായ വചന ശുശ്രൂഷ കൊണ്ടും ശ്രദ്ധേയമായ ഒന്നാമത് പിസിഐസി കോൺഫറൻസ് അനുഗ്രഹമായി സമാപിച്ചു. മൂന്നു ദിവസത്തെ കോൺഫറൻസിന് പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ ഫിന്നി ശാമുവേൽ, പാസ്റ്റർ വിത്സൺ കടവിൽ എന്നിവർ നേതൃത്വം നൽകി.
അമ്പതിലധികം വർഷങ്ങളായി കാനഡയിൽ പാർക്കുന്ന മലയാളി പെന്തകോസ്ത് ദൈവമക്കളുടെ പ്രാർത്ഥനയുടെ മറുപടിയാണ് ഈ കോൺഫറൻസിന്റെ വിജയം. പതിനെട്ടു പേർ സുവിശേഷവേലയ്ക്ക് സമർപ്പിച്ച ഈ കോൺഫറൻസ് ദൈവ മക്കളുടെ ഐക്യത്തിനും ദൈവദാസന്മാരുടെ ശാക്തീകരണത്തിനും കാരണമായി. ത്രീയേക ദൈവത്തിന്റെ സ്വർഗീയ ഏകത്വത്തിലൂടെ ദൈവ സഭയിലേക്ക് ഒഴുകുന്ന ആത്മീയ ഐക്യതയെ ഊന്നിപ്പറഞ്ഞുകൊണ്ടുള്ള ദൈവീക
ദൂതുകൾ മുഴങ്ങിക്കേട്ടു. ദൈവസഭകളുടെ ഐക്യത അനിവാര്യമാണ്. ഒന്നാകുക എന്നത് ദൈവീക കല്പനയാണ്. ഒന്നാകാതെ ദൈവീക പ്രവർത്തി സഭകളിൽ നടക്കുകയില്ല. ഐക്യതയുടെ ദൈവശാസ്ത്രം വളരെ വ്യക്തമായി പാസ്റ്റർ ഷാജി എം പോളും റെജി ശാസ്‌താംകോട്ടയും വിവിധ സെക്ഷനുകളിലായി വിശദമായി വിവരിച്ചു. അമേരിക്കൻ മിഷനറിയായ പാസ്റ്റർ ഗ്ലെൻ ബെഡോസ്‌കിയും തന്റേതായ ശൈലിയിൽ നമ്മുടെ സംസ്കാരത്തെ ഉൾക്കൊണ്ടുകൊണ്ട് ഐക്യതയുടെ പ്രാധാന്യത്തെക്കുറിച്ചു വിനിമയം ചെയ്തു. കുട്ടികളുടെ ഇടയിലെ ശുശ്രൂഷ നാല് സെക്ഷനുകളിയായി പാസ്റ്റർ ജോബിൻ പി മത്തായിയുടെ നേതൃത്വത്തിൽ ടിം കിഡ്സ് ഭംഗിയായി ചെയ്തു.
വിവിധ സെക്ഷനുകളിൽ പാസ്റ്റർമാരായ ഫിന്നി സാമുവേൽ, ബിനു ജേക്കബ്, സാം ഡാനിയേൽ, എബ്രഹാം തോമസ്, വിൽസൺ ചെറിയാൻ, സജി മാത്തൻ. സിസ്റ്റർ വത്സമ്മ എബ്രഹാം എന്നിവരും അവസാനത്തെ സെക്ഷൻ പാസ്റ്റർ ബാബു ജോർജ് കിച്ചനെർ നേതൃത്വം നൽകുകയും, ആത്മനിറവിൽ പാസ്റ്റർ ജോൺ തോമസിനോട് ചേർന്ന് കാനഡയിലെ ദൈവദാസന്മാർ ഒരുമിച്ചു കർതൃമേശ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു.
2026 ൽ കാൽഗറിയിൽ നടക്കുന്ന രണ്ടാമത് കോൺഫറൻസിന് പാസ്റ്റർ വിത്സൺ കടവിൽ നേതൃത്വം നൽകും.