നൂറേ നൂറ് ഗ്രാമിൻ്റെ പേരിൽ ഒളിമ്പിക്സിൽ വിനേഷ് ഫോഗട്ട് അയോഗ്യയാകുമ്പോൾ രാജ്യത്തിന് അവൾ അത്രമേൽ യോഗ്യയാകുകയാണ്.
ശൂന്യതയിൽ നിന്ന് ഉയർന്ന് വന്ന് മക്കൾക്ക് വേണ്ടി പോരാടിയ ഒരമ്മയുടെ ഒത്തുതീർപ്പുകളില്ലാത്ത പോരാട്ടവീര്യം കണ്ട ബാല്യമാണ് വിനേഷ് ഫോഗട്ടിൻ്റേത്. ആ പോരാട്ട വീര്യത്തിൻ്റെ തണൽ പറ്റിയാണ് വിനേഷ് ഫോഗട്ട് ലോകത്തിൻ്റെ നെറുകയിൽ എത്തിയതും.
എഴുത്തും വായനയും അറിയാത്ത, അർബുദത്തെ ഒറ്റയ്ക്ക് നേരിട്ട, 32ാം വയസിൽ വിധവയായ ഒരു സ്ത്രീയാണ് വിനേഷിൻ്റെ ഹീറോ. അവരാണ് ജീവിതത്തിലെ
ധൈര്യവും പ്രചോദനവും. അതുകൊണ്ട് എക്കാലവും എന്ന പോലെ ഈ കടുത്ത നിരാശയേയും ഫോഗട്ട് അതിജീവിക്കും.
ഇന്ന് വാഴ്ത്തിപ്പാടുന്നവരുടെയും ആശ്വസിപ്പിക്കുന്നവരുടേയും മൗനാനുവാദത്തോടെ വിനേഷ് ഫോഗട്ടിനെ ഡൽഹിയിലെ തെരുവുകളിൽ ഭരണകൂടം വലിച്ചിഴച്ചതാണ്. ബ്രിജ് ഭൂഷൺ ശരൺ സിങെന്ന BJP എം.പിയുടെ ക്രിമിനൽ നടപടികൾ ചോദ്യം ചെയ്തതാണ് കാരണം. അന്ന് കണ്ണടച്ചവർ ഇന്ന് വാക്ക് കൊണ്ടെങ്കിലും ചേർത്തു പിടിക്കുന്നു. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ല.
പ്രിയ സുഹൃത്തേ ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് നിങ്ങൾക്ക് സ്നേഹം നൽകുക….
നിങ്ങളോട് ഐക്യപ്പെടുക….
സ്വർണ്ണവും വെള്ളിയും വെങ്കലവും ഇല്ലായിരിക്കും. പക്ഷേ രാജ്യത്തിൻ്റ എഴുതപ്പെട്ട ചരിത്രത്തിൽ നിങ്ങൾ വജ്രശോഭയോടെ തിളങ്ങി നിൽക്കും. എത്രയോ പേർക്ക് പോരാടി ജയിക്കാനുള്ള ഊർജ്ജ പ്രവാഹമാണ് വിനേഷ് ഫോഗട്ട് എന്ന സ്ത്രീയും അവരുടെ നേട്ടങ്ങളും നിലപാടുകളും.