പ്രതിപക്ഷ നേതാവ് വയനാട് മുണ്ടക്കൈയില്‍ മാധ്യമങ്ങളോട് പറഞ്ഞത് (09/08/2024)

Spread the love

പ്രതിപക്ഷ നേതാവ് വയനാട് മുണ്ടക്കൈയില്‍ മാധ്യമങ്ങളോട് പറഞ്ഞത് (09/08/2024).

വയനാട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം; വികസനത്തിലുള്‍പ്പെടെ കാലാവസ്ഥാ മാറ്റം പരിഗണിച്ചുള്ള നയരൂപീകരണമുണ്ടാകണം; പുനരധിവാസത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും സര്‍ക്കാരിനൊപ്പം നില്‍ക്കും; വീടുകള്‍ നഷ്ടമായവര്‍ക്ക് ടൗണ്‍ഷിപ്പ് ഉണ്ടാക്കി കമ്മ്യൂണിറ്റി ലിവിംഗ് സാധ്യമാക്കണം.


പ്രതിപക്ഷ നേതാവ് വയനാട് മുണ്ടക്കൈയില്‍ മാധ്യമങ്ങളോട് പറഞ്ഞത് (09/08/2024)
ദുരന്തത്തിന് ഇരയായവരുടെ കണക്ക് പോലും ഇതുവരെ കൃത്യമായിട്ടില്ല. എന്നാല്‍ അത് സര്‍ക്കാരിന്റെ കുഴപ്പം കൊണ്ടല്ല. കണാതായവരുടെ എണ്ണത്തില്‍ പഞ്ചായത്തിന്റെ കണക്കും ഔദ്യോഗിക കണക്കും തമ്മില്‍ പോലും വ്യത്യാസമുണ്ട്. അതിനേക്കാള്‍ കൂടുതലാണ് കാണാതായവരുടെ എണം. അന്യസംസ്ഥാനക്കാരുടെയും ലയങ്ങളില്‍ വാടകയ്ക്ക് താമസിച്ചവരുടെയവരുടെ വിവരങ്ങള്‍ ലഭ്യമല്ല. വീട് നഷ്ടമായവും സ്ഥലം ഒന്നാകെ നഷ്ടപ്പെട്ടവരുമുണ്ട്. ക്യാമ്പില്‍ നിന്നും എങ്ങോട്ടേക്കാണ് മാറേണ്ടതെന്നതു സംബന്ധിച്ചും വ്യക്തതയില്ല. മറ്റു സ്ഥലങ്ങളിലേതു പോലെ വാടക വീടുകള്‍ ലഭിക്കാത്ത സ്ഥലമാണിത്. ഈ സാഹചര്യത്തില്‍ ഒരു മുറിയും ടോയ്‌ലറ്റും അടുക്കളയുമുള്ള ടെമ്പററി ഷെല്‍ട്ടറിനെ കുറിച്ച് ആലോചിക്കണം. അതിന് വേണ്ട എല്ലാ സഹായവും സര്‍ക്കാരിന് നല്‍കാം.

നിയമപരമായി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല. ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ അനുസരിച്ച് L0 മുതല്‍ L4 വരെയാണ്. L3 മുതല്‍ L4 വരെയുള്ള ദുരന്തമാണ് വയനാട്ടിലുണ്ടായത്. L4 അനുസരിച്ചുള്ള പ്രത്യേക ഫിനാന്‍ഷ്യല്‍ പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കണം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തത്തിന്റെ ആഴം മനസിലാക്കി മറ്റു സംസ്ഥാനങ്ങളില്‍ ചെയ്യുന്നതു പോലുള്ള സഹായമാണ് വേണ്ടത്.

ഇരകളെ പുനരധിവസിപ്പിക്കല്‍ മാത്രമല്ല ദുരന്തമേഖലയില്‍ താമസിക്കുന്നവരെ കൂടി മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും. മൂന്നാംഘട്ടത്തില്‍ കുട്ടികള്‍ അനാഥരാക്കപ്പെട്ടവരും പ്രായമയവരും വരുമാനം നഷ്ടപ്പെട്ടതുമായ കുടുംബങ്ങളെ പ്രത്യേകമായി പരിഗണിച്ച് ഫാമിലി പാക്കേജ് നടപ്പാക്കണമെന്നതാണ് ഞങ്ങളുടെ നിര്‍ദ്ദേശം. കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന നൂറു വീടുകള്‍ ടൗണ്‍ഷിപ്പ് ഉണ്ടാക്കി കമ്മ്യൂണിറ്റി ലിവിംഗ് ഉണ്ടാക്കുന്ന നിലയിലാണ് ഉദ്ദേശിക്കുന്നത്. ഈ നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ട്. ഓരോ വീടിനും എട്ട് ലക്ഷം രൂപ വീതമാണ് നീക്കിവച്ചിരിക്കുന്നത്. വൃത്തിയുള്ള വീടുണ്ടാക്കി ജീവിക്കേണ്ട സാഹചര്യം ഉണ്ടാക്കിക്കൊടുക്കണം. ഒരു കുട്ടിയുടെ പഠിത്തം പോലും മുടങ്ങിപ്പോകരുത്. സര്‍ക്കാര്‍ സഹായം കിട്ടാത്തവരെ ഞങ്ങള്‍ സഹായിക്കും. എല്ലാവരുടെയും പട്ടിക തയാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പെട്ടിമലയും കവളപ്പാറയും പുത്തുമലയും വയനാടും പോലുള്ള ദുരന്തങ്ങള്‍ ഇനിയും കേരളത്തില്‍ ആവര്‍ത്തിക്കപ്പെടരുത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും വിവിധ സ്ഥാപനങ്ങളും ഡിപ്പാര്‍ട്ട്‌മെന്റുകളും ഏകോപിപ്പിച്ച് കൊണ്ടുള്ള വാണിങ് സിസ്റ്റം ഡെവലപ് ചെയ്യണം. മലയിടിച്ചിലും ഉരുള്‍ പൊട്ടലും മാത്രമല്ല ചക്രവാതച്ചുഴിയും മേഖവിസ്‌ഫോടനവും കള്ളക്കടലും അതിതീവ്ര മഴയുമൊക്കെ കേരളത്തില്‍ ഉണ്ടാകുമെന്നത് സംബന്ധിച്ച ഐ.പി.സി.സി റിപ്പോര്‍ട്ട് 2021-ല്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയമായി അവതരിപ്പിച്ചതാണ്. ഐ.പി.സി.സി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ഏക നിയമനിര്‍മ്മാണ സഭയാണ് കേരളത്തിലെ നിയമസഭ. എന്നാല്‍ അന്ന് ഞങ്ങളെ പരിഹസിച്ചു. കാലാവസ്ഥാ മാറ്റം കാണാതെ പോകരുത്. അപകടകരമായ നിലയിലാണ് കേരളം. കാലാവസ്ഥാ മാറ്റം പരിഗണിച്ചു മാത്രമെ വികസന പദ്ധതികളുണ്ടാക്കാവൂ. വയനാട് ദുരന്തത്തിനും രണ്ടാഴ്ച മുന്‍പ് ചേര്‍ന്ന നിയമസഭ സമ്മേളനത്തിലും കാലാവസ്ഥാ മാറ്റത്തെ ലാഘവത്തോടെ കാണരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. അതുകൊണ്ടാണ് കെ റെയിലിനെ എതിര്‍ത്തത്. കേരളത്തില്‍ 300 കിലോ മീറ്റര്‍ 30 അടി ഉയരത്തില്‍ എംബാങ്‌മെന്റ് കെട്ടി ബാക്കി 200 കിലോ മീറ്റര്‍ റെയിലിന്റെ രണ്ടുവശത്തും പത്തടി മതില്‍ കെട്ടിയുള്ള കെ റെയില്‍ വന്നാല്‍ എന്താകുമായിരുന്നു കേരളത്തിന്റെ സ്ഥിതി. അതുകൊണ്ടാണ് അങ്ങനെ ചെയ്യരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനൊപ്പം നിന്ന് പരമാവധി സഹായം ചെയ്തു കൊടുക്കാനാണ് യു.ഡി.എഫും കോണ്‍ഗ്രസും തീരുമാനിച്ചത്.

പശ്ചിമഘട്ടം അപകടത്തിലാണെന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചിലര്‍ മറ്റൊരു തരത്തിലേക്ക് മാറ്റുകയായിരുന്നു. പാവങ്ങളായ കൃഷിക്കാരെയും കയ്യേറ്റക്കാരാക്കി. കയ്യേറ്റവും കുടിയേറ്റവും രണ്ടാണ്. സര്‍ക്കാരിന്റെ അനുമതിയോട് കൂടിയാണ് കര്‍ഷകര്‍ കുടിയേറ്റം നടത്തിയത്.

Author

Leave a Reply

Your email address will not be published. Required fields are marked *