പുലര്‍ച്ചെ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ആക്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം

Spread the love

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് (10/08/2024)

പുലര്‍ച്ചെ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ആക്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം; സി.പി.എം ഗുണ്ടാ സംഘമായി മാറിയ പൊലീസിലെ ക്രിമിനലുകളെ നിലയ്ക്കു നിര്‍ത്തണം.

—————————————————————————–

തിരുവനന്തപുരം : ദേശീയപാതയില്‍ കായംകുളത്ത് ഉയരപ്പാത നിര്‍മിക്കണമെന്ന ജനകീയ ആവശ്യം ഉന്നയിച്ച് സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വീട് ആക്രമിച്ച പൊലീസ് നടപടി അംഗീകരിക്കാനാകില്ല.

പുലര്‍ച്ചെ രണ്ടു മണിക്കാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഗുണ്ടാ- കൊട്ടേഷന്‍ സംഘങ്ങളെ പോലെ പൊലീസ് അതിക്രമിച്ച് കയറിയത്. കായംകുളം നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് റിയാസ് മുണ്ടകത്തില്‍, ഹാഷിം സേട്ട് ഉള്‍പ്പെടെയുള്ള നേതാക്കളുടെ വീടുകളിലാണ് ഈ ഗുണ്ടാ സംഘം എത്തിയത്. സിവില്‍ വേഷത്തിലെത്തിയ പൊലീസുകാര്‍ വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് ഹാഷിം സേട്ടിനെ അറസ്റ്റു ചെയ്ത ശേഷം പൊലീസ് വാഹനത്തില്‍ ഒരു മണിക്കൂറോളം നഗരം ചുറ്റി മര്‍ദിച്ചു. ജനകീയ ആവശ്യത്തിന് വേണ്ടി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സമരപ്പന്തലിലെത്തി മര്‍ദ്ദിച്ചതിനു പിന്നാലെ പൊലീസിനെ ആക്രമിച്ചെന്ന കള്ളക്കേസ് ചുമത്തിയാണ് വീട് കയറിയുള്ള ആക്രമണവും അറസ്റ്റും.

ജനാധിപത്യ രാജ്യത്ത് സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. രാഷ്ട്രീയ സമരങ്ങളെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിടാമെന്ന് പൊലീസിലെ ക്രിമിനലുകള്‍ ഇനിയും കരുതരുത്. പൊലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തരവകുപ്പും വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയും നോക്കുകുത്തികളായി മാറിയതാണ് പൊലീസിലെ ക്രിമിനലുകള്‍ക്ക് തലപൊക്കാന്‍ അവസരം നല്‍കുന്നത്. ഏത് സി.പി.എം നേതാവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ ഗുണ്ടാപ്പണി ചെയ്തതെന്ന് പൊലീസും വ്യക്തമാക്കണം. സി.പി.എം നേതാക്കളുടെ ഗുണ്ടാസംഘമായി കേരളത്തിലെ പൊലീസ് അധഃപതിക്കരുത്.

ക്രിമിനലുകളായ പൊലീസുകാരെ നിലയ്ക്ക് നിര്‍ത്താന്‍ സംസ്ഥാന പൊലീസ് മേധാവി ഇനിയെങ്കിലും തയാറാകണം. എക്കാലവും ഭരണകൂടത്തിന്റെ സംരക്ഷണയില്‍ കഴിയാമെന്ന് ക്രിമിനലുകളായ പൊലീസുകാരും കരുതരുത്.

Author

Leave a Reply

Your email address will not be published. Required fields are marked *