സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; പരിഹരിക്കാൻ നടപടിയില്ല; സി.പി.എമ്മിൻ്റെ പി.ആർ പരിപാടി കൊണ്ട് വിശപ്പ് മാറില്ല – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞത് (11/04/24).

വയനാട് ദുരന്തത്തിൽ സംസ്ഥാനത്തിൻ്റെ നിവേദനം അനുസരിച്ച് കേന്ദ്രം സഹായധനം പ്രഖ്യാപിക്കണം.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമാകുകയാണ്. പദ്ധതി ചിലവുകൾ നിയന്ത്രിക്കുന്നു. ബജറ്റിൽ അനുവദിച്ച പദ്ധതികൾ അതിൻ്റെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഭരണാനുമതി കൊടുക്കേണ്ട ഘട്ടത്തിൽ പ്രത്യേക ഉത്തരവിലൂടെ ഭരണാനുമതി കൊടുക്കണ്ട എന്ന് ധനവകുപ്പ് തീരുമാനിക്കുന്നു.

പ്ലാൻ എ ഇല്ലെങ്കിൽ പ്ലാൻ ബി എന്നാണ് നേരത്തെ പറഞ്ഞത്. എന്താണ് പ്ലാൻ ബി എന്ന് മനസിലാകുന്നില്ല. സർവീസ് ചാർജുകൾ വർധിപ്പിക്കാനാണ് നീക്കമെങ്കിൽ അതിനെ എതിർക്കും. ഇനി ഒരു തരത്തിലുള്ള നികുതി വർധനവും അംഗീകരിക്കില്ല. ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഒരു മാർഗവുമില്ല. സി.പി.എമ്മിൻ്റെ പി.ആർ പരിപാടി കൊണ്ട് ഭക്ഷണം കഴിക്കാൻ പറ്റില്ല. ക്യാപ്സ്യൂൾ വിതരണം കൊണ്ട് മാവേലി സ്റ്റോറിൽ സാധനം എത്തില്ല. ആശുപത്രിയിൽ മരുന്ന് വരില്ല. കെ.എസ്.ആർ.ടി.സി ബസ് ഓടുകയുമില്ല. ഈ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

ഓണം സീസൺ വരികയാണ്. സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ട സമയമാണ്. വിലക്കയറ്റം ഇല്ലാതാക്കാൻ നടപടി സ്വീകരിക്കേണ്ട സമയത്ത് അഞ്ച് നയാ പൈസ കയ്യിലില്ല. നികുതി വരുമാനം വർധിപ്പിക്കാനും നടപടിയില്ല. പ്രശ്നങ്ങൾ അതി രൂക്ഷമാണ്.

വയനാട് ദുരന്തത്തിൻ സർക്കാർ കൊടുക്കുന്ന നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ ആശ്വാസ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത്. സർക്കാർ ഇന്നലെ തന്നെ നിവേദനം കൊടുത്തോ എന്നറിയില്ല ? പ്രധാനമന്ത്രി വരുമ്പോൾ പുനരധിവാസ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് നൽകേണ്ടതാണ്.
ഇതുവരെ കൊടുത്തിട്ടില്ല എന്നാണ് മനസിലാക്കുന്നത്. ഇന്നോ നാളയോ അത് കൊടുക്കട്ടെ. സംസ്ഥാനത്തിൻ്റെ ആവശ്യം അനുസരിച്ച് കേന്ദ്ര സർക്കാർ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *