ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് ജെപിസി അന്വേഷണം വേണം; ഇല്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധമെന്ന് കെ.സി.വേണുഗോപാല്‍ എംപി

Spread the love

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി തിരുവനന്തപുരത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം:
12.8.24

സെബി ചെയര്‍പെഴ്‌സണനെതിരായ ഹിന്‍ഡന്‍ബെര്‍ഗിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും അതിന് തയ്യാറാകുന്നില്ലെങ്കില്‍ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു.

ഹിന്‍ഡന്‍ബെര്‍ഗിന്റെ റിപ്പോര്‍ട്ട് രാജ്യത്തെ ഞെട്ടിക്കുന്നത്. ഓഹരിവിപണിയെ നിയന്ത്രിക്കുകയും അതിന് വിശ്വാസ്യത നല്‍കുകയും, തട്ടിപ്പുകളില്‍ നടപടി സ്വീകരിക്കുകയും ചെയ്യേണ്ട സെബി ചെയര്‍പെഴ്‌സണ് തന്നെ ഇത്തരം ഷെല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന വാര്‍ത്തയെ സര്‍ക്കാര്‍ എങ്ങനെയാണ് കാണുന്നത്? ഇത്ര വലിയ ആരോപണമുണ്ടായിട്ടും മാധബിപുരി ബൂച്ചി അതേ പദവിയില്‍ തുടരുന്നതില്‍ അത്ഭുതമാണ്.
സുപ്രീം കോടതി ഈ വിഷയത്തിലെടുത്ത കേസിന് തീര്‍പ്പ് കല്‍പ്പിച്ചത് സെബിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ്. എന്നാല്‍ സെബിയുടെ ചെയര്‍പെഴ്‌സണും ഭര്‍ത്താവിനും നിക്ഷേപമുണ്ടായിരുന്നു എന്ന വസ്തുത സുപ്രീം കോടതിയില്‍ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്. സുപ്രീം കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചു.സുപ്രീം കോടതി സ്വമേധയാ കേസെടുക്കേണ്ടതാണ്. സുപ്രീം കോടതിയെ സമീപിക്കുന്നതിനുള്ള നിയമവശങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യം കണ്ട ഏറ്റവും വലിയ ഓഹരി കുംഭകോണമായ ഈ ക്രമക്കേട് ഉന്നയിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.സര്‍ക്കാര്‍ അപ്പോള്‍ ആര്‍ക്കൊപ്പമാണ്?
ഈ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് രാഹുല്‍ ഗാന്ധിക്കെതിരെ ഇഡി നോട്ടീസ് അയച്ചിട്ടുള്ളത്. വിഷയം മാറ്റാനുള്ള ശ്രമങ്ങളില്‍ പ്രതിപക്ഷം വീഴില്ല. മോദിയാണ് അദാനിയെ ഏറ്റവുമധികം ന്യായീകരിക്കുന്നത്. പതിനായിരക്കണക്കിന് ആളുകളുടെ ഓഹരിയാണ് പ്രതിസന്ധിയിലായത്.ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയെ സര്‍ക്കാര്‍ എന്തിനാണ് ഭയപ്പെടുന്നത്? ഒളിച്ചുവെക്കാനും ഭയപ്പെടാനും എന്തോ ഉണ്ടെന്നല്ലേ അര്‍ത്ഥം? ജെപിസിക്ക് കേസ് കൈമാറാന്‍ വിസമ്മതിക്കുന്ന പക്ഷം കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും രാജ്യവ്യാപകമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *