ഒരുമയും ഐക്യവും ഊട്ടിയുറപ്പിച്ച് നവകേരള നിർമ്മിതിയിൽ മുന്നേറാനാവണം: മുഖ്യമന്ത്രി

Spread the love

ജനാധിപത്യത്തെ സംരക്ഷിക്കാൻ ജാഗ്രത്തായ ഇടപെടലുകൾ വേണം.

—————————————————–

നമ്മുടെ ഒരുമയും ഐക്യവും ഊട്ടിയുറപ്പിച്ചുകൊണ്ട് നവകേരള നിർമ്മിതിയിൽ തുടർന്നും മുന്നേറാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിനുള്ള പ്രചോദനമാകണം വ്യത്യസ്ത ധാരകളിൽപ്പെട്ട സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണ. അവർ സ്വപ്നംകണ്ട ഇന്ത്യ യാഥാർത്ഥ്യമാക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നമുക്ക് അന്വർത്ഥമാക്കാം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 78-ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദുഃഖത്തിന്റേതായ അന്തരീക്ഷത്തിലാണ് ഇത്തവണ നാം സ്വാതന്ത്യദിനം ആഘോഷിക്കുന്നത്. കേരളം മാത്രമല്ല, ഇന്ത്യയാകെ ആ ദുഃഖത്തിലാഴ്ന്നിരിക്കുന്ന ഘട്ടമാണിത്. എന്നാൽ വിഷമിച്ചിരുന്നാൽ മതിയാവില്ല. നമുക്ക് അതിജീവിക്കേണ്ടതുണ്ട്. നാടിന്റെ പൊതുവായ അതിജീവനത്തിനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതാവണം ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ.

സ്വാതന്ത്ര്യലബ്ധിയുടെ ദശാബ്ദത്തോളമാകുന്ന ഈ ഘട്ടം ഒരു തിരിഞ്ഞുനോട്ടത്തിന്റേത് ആകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വതന്ത്ര ഇന്ത്യക്കായുള്ള പോരാട്ടത്തിന്റെ ഘട്ടത്തിൽ എന്തൊക്കെയായിരുന്നു നമ്മുടെ സ്വപ്നങ്ങൾ, അവയിൽ എന്തൊക്കെ സാക്ഷാത്ക്കരിക്കാൻ നമുക്കു കഴിഞ്ഞു, ഇനിയും നേടിയെടുക്കാനുള്ളവ എന്തൊക്കെയാണ്, അതിനായി ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ എന്തൊക്കെയാണ് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഈ ഘട്ടത്തിൽ ഏറ്റവും പ്രസക്തമാകുന്നത്.

വൈദേശിക ആധിപത്യത്തിനെതിരായ ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്ന ത്യാഗധനരായ ധീരദേശാഭിമാനികളെയും സ്വാതന്ത്യ സമരത്തിന്റെ ഭാഗമായി ജീവൻ വെടിഞ്ഞ രക്തസാക്ഷികളെയും ഓർമ്മിക്കേണ്ടതുണ്ട്. അവരുടെ സ്മരണകൾക്ക് അഭിവാദ്യം അർപ്പിക്കേണ്ടതുണ്ട്. അതിനപ്പുറം അവരുടെ സ്വപ്നങ്ങൾ എന്തായിരുന്നു എന്ന് ചിന്തിക്കേണ്ടതുമുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

ജനകീയ പങ്കാളിത്തത്തോടെ വികസന-ക്ഷേമ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിലും അധികാര വികേന്ദ്രീകരണം ഉറപ്പുവരുത്തുന്നതിലുമെല്ലാം രാജ്യത്തിനു തന്നെ മാതൃകയായിട്ടുള്ള സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമായി ഏകീകരിക്കപ്പെടുന്നത് ഇന്ത്യ സ്വാതന്ത്ര്യം നേടി ഏതാണ്ട് ഒരു ദശാബ്ദത്തോളം കഴിഞ്ഞ ഘട്ടത്തിലാണ്. ആ കേരളം ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, ഭരണനിർവ്വഹണം, ക്രമസമാധാനം, സാമൂഹ്യസുരക്ഷിതത്വം തുടങ്ങിയ വിവിധ മേഖലകളിൽ ഇന്ന് രാജ്യത്തിന്റെ മുൻപന്തിയിലാണ് എന്നത് കേരളീയർക്കാകെ അഭിമാനം പകരുന്ന വസ്തുതയാണ്. ഐക്യരാഷ്ട്രസഭയുടെയും നിതി ആയോഗിന്റെയും സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ മുൻപന്തിയിലാണ് കേരളം. പബ്ലിക് അഫയേഴ്സ് ഇൻഡക്സിൽ ഏറ്റവും മികച്ച ഭരണനിർവ്വഹണമുള്ള സംസ്ഥാനമായി തുടർച്ചയായി വിലയിരുത്തപ്പെട്ടിട്ടുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി സെന്റർ ഫോർ മീഡിയ സ്റ്റഡീസ് വിലയിരുത്തിയിട്ടുള്ളത് കേരളത്തെയാണ്. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഏറ്റവും മികച്ച ക്രമസമാധാനനിലയുള്ളതും ഒരൊറ്റ വർഗ്ഗീയസംഘർഷം പോലും ഇല്ലാത്തതുമായ നാടാണ് കേരളം. ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കും മാതൃമരണനിരക്കുമുള്ള സംസ്ഥാനവുമാണ് കേരളം.

നിതി ആയോഗ് പ്രസിദ്ധീകരിച്ച സ്‌കൂൾ എജ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്‌സിൽ ഒന്നാം സ്ഥാനത്താണ് കേരളം. രാജ്യത്ത് ഏറ്റവും കൂടുതൽ പി.എസ്.സി. നിയമനങ്ങൾ നടക്കുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്തെ വ്യവസായ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസാണ് നമ്മുടെ സംരംഭകത്വവർഷം പദ്ധതി. പച്ചക്കറികൾക്കും പഴവർഗ്ഗങ്ങൾക്കും താങ്ങുവിലയുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. അതിദാരിദ്ര്യനിർമ്മാർജ്ജനത്തിനായുള്ള പ്രത്യേക പദ്ധതി നടപ്പാക്കുന്ന ഏകസംസ്ഥാനവുമാണ് കേരളം. ഭൂരഹിതരും ഭവനരഹിതരുമില്ലാത്ത ഏക സംസ്ഥാനമായി കേരളം മാറുകയാണ്- മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരത്തിൽ വ്യത്യസ്ത മേഖലകളിൽ നമ്മൾ കൈവരിച്ചിട്ടുള്ള നേട്ടങ്ങളെ കൂടുതൽ സമാഹരിച്ച് ശക്തിപ്പെടുത്താനും പുതിയ കാലത്തിന് അനുയോജ്യ വിധത്തിൽ കേരളത്തെ നവകേരളമാക്കി പരിവർത്തിപ്പിക്കാനുമാണ് നമ്മൾ ശ്രമിക്കുന്നത്. വിജ്ഞാന സമ്പദ്ഘടനയും നൂതനത്വ സമൂഹവുമായ ആ നവകേരളം എല്ലാവരെയും ഉൾക്കൊള്ളുന്നതും ഉൾച്ചേർക്കുന്നതും ആയിരിക്കും. അതുകൊണ്ടുതന്നെ നവകേരള നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഒപ്പം കേരളത്തിലെ ഓരോ വ്യക്തിക്കും സന്നദ്ധ സംഘടനകൾക്കുമെല്ലാം വലിയ പങ്ക് വഹിക്കാനുണ്ട്. ജീവകാരുണ്യപരവും അതേസമയം വികസനോന്മുഖവുമായ പങ്ക്. ദുരിതത്തിൽപ്പെട്ടവരുടെ കണ്ണീരു തുടച്ചുകൊണ്ട് അവരെ കൈപിടിച്ചുയർത്തുകയും നാടിന്റെ ഭാവിക്ക് അനുയോജ്യവും പുതിയ തലമുറ ആഗ്രഹിക്കുന്നതുമായ പദ്ധതികൾ നടപ്പാക്കുകയും വേണം. ആ നിലയ്ക്കുള്ള സമൂഹത്തിന്റെയാകെ ഉത്തരവാദിത്വപൂർണ്ണമായ ഇടപെടലാണ് വയനാട്ടിൽ നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലുള്ളവർ മാത്രമല്ല, കേരളത്തിനു പുറത്തുള്ളവരും മറ്റു സംസ്ഥാനങ്ങൾ വരെയും ഈ ദുരന്തഘട്ടത്തിൽ നമ്മെ സഹായിക്കുന്നുണ്ട്. അവരോടെല്ലാമുള്ള നന്ദി ഈയവസരത്തിൽ രേഖപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *