കാർഷിക സ്വയംപര്യാപ്തത ഓരോ പൗരന്റെയും ഉത്തരവാദിത്തം : മുഖ്യമന്ത്രി

Spread the love

കർഷക അവാർഡുകൾ വിതരണം ചെയ്തു.

* കതിർ ആപ്പ് ലോഞ്ചിംഗ് മുഖ്യമന്ത്രി നിർവഹിച്ചു.

* വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ചടങ്ങിൽ ആദരാഞ്ജലി.

 

കാർഷിക സ്വയംപര്യാപ്തത എന്നത് ഓരോ പൗരനും സ്വന്തം ഉത്തരവാദിത്തമായി കൂടി ഏറ്റെടുത്താൽ മാത്രമേ നമ്മൾ വിഭാവനം ചെയ്യുന്ന തരത്തിലുള്ള

കാർഷിക മുന്നേറ്റം കൈവരിക്കാനാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിങ്ങം ഒന്നിന് കർഷകദിനാചരണത്തോടനുബന്ധിച്ച് നടത്തിയ കർഷക അവാർഡ് വിതരണവും കതിർ ആപ്പ് ലോഞ്ചിംഗും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാർഷിക സ്വയംപര്യാപ്തത നമ്മുടെ സമ്പദ്ഘടനയുടെ സുസ്ഥിരമായ നിലനിൽപ്പിന് എത്രത്തോളം അനിവാര്യമാണെന്ന് നമ്മുടെ അയൽ രാജ്യങ്ങളുടെ അവസ്ഥ ഓർമ്മിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാർഷിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉത്തരവാദിത്വപൂർണ്ണമായി ഏറ്റെടുക്കാൻ കൂടി ഈ കർഷകദിനാചരണം ഉപകരിക്കട്ടെ എന്നാശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ചിങ്ങം ഓണത്തിന്റെ മാത്രമല്ല വിളവെടുപ്പിന്റെ കൂടി മാസമാണ്. കാർഷിക സംസ്‌കൃതിയുമായി നമ്മുടെ ആഘോഷങ്ങൾക്കുള്ള അഭേദ്യമായ ബന്ധമാണ് ഇതു സൂചിപ്പിക്കുന്നത്. സാധാരണയായി ചിങ്ങമാസം സന്തോഷത്തിന്റെ കൂടി മാസമാണ്. കാരണം, മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ഈ മാസമാണ്. നാടെങ്ങും ഓണാഘോഷങ്ങളും ഒത്തുചേരലുകളും ഒക്കെയായി സന്തോഷം നിറയുന്ന കാലമാണത്. എന്നാൽ ഇത്തവണ മനസ്സുതുറന്ന് സന്തോഷിക്കാവുന്ന ഒരു അവസ്ഥയിലല്ല നമ്മൾ. വയനാട്ടിലെ മുണ്ടക്കൈയിൽ ഉണ്ടായ ദുരന്തം നമ്മളെ ഏവരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കുറച്ചുനാൾകൊണ്ടോ ചെറിയ ഇടപെടലുകൾകൊണ്ടോ തിരിച്ചുപിടിക്കാവുന്ന ഒന്നല്ല അവിടുത്തെ സാധാരണ ജീവിതം. അതിന് വളരെ വലിയ പരിശ്രമം തന്നെ വേണ്ടിവരും. അതിനായി ഒരുമിച്ചു നിൽക്കും എന്ന പ്രതിജ്ഞയാണ് ഈ മലയാള വർഷാരംഭത്തിൽ നാം എടുക്കേണ്ടത്.

2023 ലെ സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ് ഇടുക്കി വണ്ടൻമേട് ചെമ്പകശ്ശേരിൽ സി ഡി രവീന്ദ്രൻ നായരും കർഷകതിലകം അവാർഡിന് കണ്ണൂർ പട്ടുവം സ്വദേശി ബിന്ദു കെയും ഏറ്റുവാങ്ങി. ഈ വർഷം പുതുതായി ഏർപ്പെടുത്തിയ സി. അച്യുതമേനോൻ അവാർഡ് വൈക്കം ബ്ലോക്ക് പഞ്ചായത്തും എം എസ് സ്വാമിനാഥൻ അവാർഡ് ഡോ. എ ലതയും കൃഷി ഭവനുകൾക്കുള്ള അവാർഡ് പുതൂർ കൃഷി ഭവനും മികച്ച ട്രാൻസ് ജൻഡർ കർഷകക്കുള്ള അവാർഡ് ശ്രാവന്തിക എസ് പിയും ഏറ്റുവാക്കി. വി വി രാഘവൻ സ്മാരക അവാർഡ് കൃഷി ഭവൻ മീനങ്ങാടിയും പത്മശ്രീ കെ വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ്

മാതകോട് നെല്ലുൽപാദക പാടശേഖര സമിതിയും ഏറ്റുവാങ്ങി. ജൈവകൃഷി നടത്തുന്ന ആദിവാസി ക്ലസ്റ്ററിനുള്ള ഒന്നാം സ്ഥാനത്തിനുള്ള അവാർഡ് ചേകോടി ഊരിനും രണ്ടാംസ്ഥാനത്തിനുള്ള പുരസ്‌കാരം മേമാരി ഊരിനും സമ്മാനിച്ചു. കേര കേസരി അവാർഡ് മലപ്പുറം താനാളൂർ സ്വദേശി സുഷമ പി ടിയും പൈതൃക കൃഷി നടത്തുന്ന ആദിവാസി ഊരിനും വ്യക്തിക്കുമുള്ള അവാർഡ് വയനാട് നെല്ലാറ പട്ടികവർഗ കർഷക സംഘവും ജൈവകർഷക അവാർഡ് കോട്ടയം മരങ്ങാട്ടുപള്ളി രശ്മി മാത്യുവും യുവകർഷക അവാർഡ് പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ ഹരിവരതരാജ് ജിയും ഹരിതമിത്ര അവാർഡ് ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി സുജിത്ത് എസ് പിയും ഹൈടെക് കർഷകനുള്ള അവാർഡ് തിരുവനന്തപുരം സ്വദേശി തൻവീർ അഹമ്മദ് ജെയും ചടങ്ങിൽ ഏറ്റുവാങ്ങി.

കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ, എം എൽ എ മാരായ ആന്റണി രാജു, കെ ആൻസലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, മുതിർന്ന കർഷകനായ പി ഗംഗാധരൻ, കർഷക തൊഴിലാളി പി നെൽസൻ, കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്, കൃഷി വകുപ്പ് ഡയറക്ടർ അദീല അബ്ദുള്ള എന്നിവർ സംബന്ധിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *