സമഗ്ര സാമ്പത്തിക വിദ്യാഭ്യാസ പദ്ധതിയുമായി ഇസാഫ് ബാലജ്യോതിയും ഐഐഎമ്മും

Spread the love

കോഴിക്കോട് : കുട്ടികളിൽ സാമ്പത്തിക പരിജ്ഞാനം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും ഇസാഫ് ബാലജ്യോതിയും ചേർന്ന് സമഗ്ര സാമ്പത്തിക വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നു. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്. പദ്ധതിയുടെ ഉദ്ഘാടനം സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളിൽ ബാങ്കിന്റെ എംഡിയും സിഇഒയുമായ കെ പോൾ തോമസ് നിർവഹിച്ചു. ചെറിയ ക്ലാസുകൾ മുതൽക്കേ വിദ്യാർത്ഥികൾക്ക് സാമ്പത്തിക കാര്യങ്ങളിൽ അവബോധം നൽകുന്നത് സാമ്പത്തിക ഉത്തരവാദിത്തമുള്ള ഭാവി തലമുറയെ രൂപപ്പെടുത്താൻ സഹായിക്കുമെന്ന് കെ പോൾ തോമസ് പറഞ്ഞു. സാമ്പത്തിക കാര്യങ്ങളിൽ ശരിയായ തീരുമാനമെടുക്കാനും അതുവഴി വളരുന്ന സമ്പദ്‌വ്യവസ്ഥക്ക് ശക്തിസ്രോതസ്സായി മാറാനും യുവ മനസുകളെ സജ്ജരാകുക എന്നതാണ് ഐഐഎം കോഴിക്കോടുമായി ചേർന്ന് നടത്തുന്ന ഈ സാമ്പത്തിക വിദ്യാഭ്യാസ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഐഐഎം ഇക്കണോമിക്സ് വകുപ്പ് തയ്യാറാക്കിയ ഈ പാഠ്യ പദ്ധതിയിൽ വ്യക്തിഗത വരുമാനം, ധന വിനിയോഗത്തിലെ ഉത്തരവാദിത്തം, സമ്പാദ്യശീലം, ഡിജിറ്റൽ ഇടപാടുകളിലെ സുരക്ഷ എന്നീ മേഖലകളെ മുൻനിർത്തിയാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. കൂടാതെ, വിദ്യാർത്ഥികൾക്ക് കൃത്യമായ അറിവും ബോധവൽക്കരണം നൽകി സാമ്പത്തിക കാര്യങ്ങളിൽ ശാസ്ത്രീയമായ സ്വയം പര്യാപ്തത കൈവരുത്താനും പദ്ധതി ലക്ഷ്യമിടുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തെരെഞ്ഞെടുത്ത 45 സ്കൂളുകളിലെ പത്ത് മുതൽ പന്ത്രണ്ട് വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പാഠ്യപദ്ധതിയുടെ ദൃശ്യാവിഷ്‌കാരം പ്രശസ്ത തിയേറ്റർ ആർട്ടിസ്റ്റ് വിജേഷിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ നടക്കും. ചടങ്ങിൽ ഐഐഎം കോഴിക്കോട് പ്രൊഫസർ അശോക് തോമസ്, അസിസ്റ്റന്റ് പ്രൊഫസർ ചിത്വാൻ ലാൽജി, സിൽവർ ഹിൽസ് സിഎംഐ സ്കൂൾ പ്രിൻസിപ്പൽ ഫാ ജോൺ മണ്ണാറത്തറ, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് ജോർജ് തോമസ്, ഇസാഫ് ബാങ്ക് സസ്റ്റൈനെബിൾ ബാങ്കിംഗ് മേധാവി റെജി കോശി ഡാനിയേൽ, കോഴിക്കോട് സർവകലാശാല പ്രൊഫസർ ഡോ ബിജു മാത്യൂ എന്നിവർ പ്രസംഗിച്ചു.

Sneha Sudarsan.

 

Author

Leave a Reply

Your email address will not be published. Required fields are marked *