വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി നയ രൂപീകരണത്തിനായി കെ പി സി സി വിജ്ഞാന സമൂഹത്തിന് രൂപം നല്‍കുമെന്ന് പ്രസിഡന്റ് കെ സുധാകരന് എംപി. പൊതുസമൂഹത്തിന്റെ അറിവും അനുഭവങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷയും സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ പ്രതിഫലിക്കുന്നതായാലേ ജനായത്തം അര്‍ത്ഥവത്താകൂ എന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി പൊതുനയകാര്യ ഗവേഷണ വിഭാഗം സംഘടിപ്പിച്ച ഏകദിന ശില്പശാല ഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഇന്ത്യ എന്ന ആശയം തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനങ്ങളിലൂടെ പരിവര്‍ത്തിപ്പിച്ചതാണ്.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം കോണ്‍ഗ്രസ് അവതരിപ്പിച്ച സാമൂഹികകാഴ്ചപ്പാടിനും നയത്തിനും ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി നയകാര്യ ഗവേഷണ വിഭാഗം തയ്യാറാക്കിയ പോളിസി ബ്രീഫ് രണ്ട് ലക്കങ്ങള്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പ്രകാശനം ചെയ്തു.
കെപിസിസി നയകാര്യ ഗവേഷണ വിഭാഗം ചെയര്‍പേഴ്സണ്‍ ജെ എസ് അടൂര്‍ അദ്ധ്യക്ഷനായിരുന്നു. എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, കെപിസിസി ഭാരവാഹികളായ എം ലിജു, വി റ്റി ബലറാം, കെ.ജയന്ത്,വി പി സജീന്ദ്രന്,ജി. സുബോധന്‍,ചെറിയാന് ഫിലിപ് തുടങ്ങിയവരും എബി കുര്യാക്കോസ്, നിസാം സയ്ദ്,
ഡോ ജെ ബി രാജന്,അച്ചുത് ശങ്കര്‍,കേശവ്മോഹന്‍, ബാബുരാജ്, ഡോ പി കൃഷ്ണകുമാര്‍, അമല്‍ ചന്ദ്ര എന്നിവരും വിവിധ വിഷയങ്ങളില്‍ സംസാരിച്ചു .കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം എല്‍ എ സമാപന പ്രഭാഷണം നടത്തി.