സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണത്തില്‍ ഹേമ കമ്മിറ്റി എന്നൊരു വാക്ക് പോലുമില്ല; വീണ്ടും മൊഴി നല്‍കണമെന്ന് പറയുന്നത് ഇരകളെ വീണ്ടും അപമാനിക്കാന്‍ : പ്രതിപക്ഷ നേതാവ്

Spread the love

സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണത്തില്‍ ഹേമ കമ്മിറ്റി എന്നൊരു വാക്ക് പോലുമില്ല; വീണ്ടും മൊഴി നല്‍കണമെന്ന് പറയുന്നത് ഇരകളെ വീണ്ടും അപമാനിക്കാന്‍; അന്വേഷണ സംഘത്തിലെ വനിത ഐ.പി.എസുകാര്‍ക്ക് മുകളില്‍ പുരുഷ ഉദ്യോഗസ്ഥരെ നിയമിച്ചത് എന്തിന്? സജി ചെറിയാന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല; രഞ്ജിത്തിനെ പോലെ മുകേഷും രാജി വയ്ക്കുമെന്നാണ് കരുതുന്നത്.


പ്രതിപക്ഷ നേതാവ് പറവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനം. (26/08/2024).

കൊച്ചി (പറവൂര്‍) : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇരകള്‍ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തില്‍ സീനിയര്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇറക്കിയ പത്രക്കുറിപ്പില്‍ ഹേമ കമ്മിറ്റി എന്നൊരു വാക്ക് പോലുമില്ല. സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില വനിതകള്‍ സമീപകാലത്ത് അവര്‍ക്കുണ്ടായ

ദുരനുഭവങ്ങളെ കുറിച്ച് ചില അഭിമുഖങ്ങളും പ്രസ്താവനകളും നടത്തിയതിനെ കുറിച്ച് അന്വേഷിക്കാനുള്ള സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നതെന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്. അപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ഈ അന്വേഷണത്തിന് ഒരു ബന്ധവുമില്ല. സര്‍ക്കാര്‍ നിയോഗിച്ച് കമ്മിറ്റിക്ക് മുന്‍പാകെ ഇരകള്‍ കൊടുത്തിരിക്കുന്ന ആധികാരിക മൊഴികളും തെളിവുകളും സംബന്ധിച്ച് ഒരു കാരണവശാലും അന്വേഷിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ ആ നിലപാട് സ്വീകാര്യമല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താന്‍ എന്താണ് തടസമെന്നാണ് കേടതിയും ചോദിച്ചിരിക്കുന്നത്. ഇരകള്‍ മൊഴിയില്‍ ഉറച്ചു നിന്നാല്‍ അന്വേഷിക്കാമെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഏത് ലൈംഗിക പീഡന കേസിലാണ് ഇരകള്‍ മൊഴിയില്‍ ഉറച്ചു നില്‍ക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുന്നത്? വേട്ടക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇരകള്‍ വീണ്ടും മൊഴി നല്‍കണമെന്ന് പറയുന്നതും അവരെ അപമാനിക്കലാണ്. ഇരകളെ അപമാനിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ആദ്യ ദിവസം മുതല്‍ക്കെ സാംസ്‌കാരിക മന്ത്രി വ്യത്യസ്ത അഭിപ്രായങ്ങളാണ് ഈ വിഷയത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇരകളായവര്‍ക്ക് നീതി നല്‍കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അന്വേഷണത്തിന് നിയോഗിച്ച വനിത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് മുകളില്‍ എന്തിനാണ് പുരുഷ ഉദ്യോഗസ്ഥരെ വച്ചിരിക്കുന്നത്? തിരുവനന്തപുരം കമ്മിഷണറുടെ ഭാരിച്ച ചുമതലയുള്ള സ്പര്‍ജന്‍ കുമാറിനെ എന്തിനാണ് അന്വേഷണ സംഘത്തിന്റെ തലപ്പത്ത് വച്ചിരിക്കുന്നത്? നിലവില്‍ വച്ചിരിക്കുന്ന ചില ഉദ്യോഗസ്ഥര്‍ക്കെതിരെ സ്ത്രീപീഡന കേസുകള്‍ അന്വേഷിച്ചതുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്രയും ഗുരുതര ആരോപണം ഉണ്ടായിട്ടും പ്രതികളായി വരേണ്ടവരെ എന്തുവില കൊടുത്തും രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നാണമുണ്ടോ സര്‍ക്കാരിന്? റിപ്പോര്‍ട്ടില്‍ പോലും സര്‍ക്കാര്‍ കൃത്രിമത്വം കാട്ടി. സോളാര്‍ കേസിലുണ്ടായിരുന്ന കത്തിന്റെ പേജ് എല്ലാ ദിവസവും വര്‍ധിച്ചു കൊണ്ടിരുന്നു. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പേജുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 199 അനുസരിച്ച് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അറിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെങ്കില്‍ കുറ്റകരമാണ്. ആ കുറ്റകൃത്യമാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ഇരകളെ അപമാനിക്കുകയും ചെയ്തതിലൂടെ ഗുരുതര സത്യപ്രതിജ്ഞാ ലംഘന നടത്തിയ സജി ചെറിയാന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. രാജി വയ്ക്കാന്‍ തയാറായില്ലെങ്കില്‍ മുഖ്യമന്ത്രി രാജി ചോദിച്ച് വാങ്ങണം.

ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ ഒരു സ്ഥാനത്തും ഇരിക്കാന്‍ യോഗ്യരല്ല. രാജി വയ്ക്കുന്നതാണ് നല്ലത്. രഞ്ജിത്തും സിദ്ധിഖും രാജി വച്ചത് മറ്റുള്ളവരും പിന്തുടരുന്നതാണ് നല്ലത്. മുകേഷും രാജി വയ്ക്കുമെന്നാണ് കരുതുന്നത്.

കുറ്റകൃത്യങ്ങളുടെ പരമ്പര ഉണ്ടായെന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ വ്യക്തമായിരിക്കുകയാണ്. അത് ശരിയാണോയെന്ന് അന്വേഷിച്ച് തെറ്റുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അത് സര്‍ക്കാരിന്റെ നിയമപരമായ ബാധ്യതയാണ്. എന്നിട്ടാണ് കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നുവെന്ന വിവരം സര്‍ക്കാര്‍ നാലര വര്‍ഷം മറച്ചുവച്ചത്. ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തവര്‍ വീണ്ടും പൊലീസിന് പിന്നാലെ നടക്കണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. കോവിഡ് ആയതു കൊണ്ടാണ് റിപ്പോര്‍ട്ടില്‍ നടപടി എടുക്കാതിരുന്നതെന്നാണ് മുന്‍ സാംസ്‌കാരിക മന്ത്രി പറഞ്ഞത്. വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനുള്ള വിചിത്ര വാദങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നതു കൊണ്ടാണ് സാംസ്‌കാരിക മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്.

നടിക്കെതിരെ ആരോപണം വന്നതിനെ തുടര്‍ന്ന് സിനിമ രംഗത്തെ വനിത സംഘടന ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാരിന് ഹേമ കമ്മിറ്റിയെ നിയോഗിക്കേണ്ടി വന്നത്. എന്നിട്ടാണ് പുറംലോകം കാണാതെ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചത്. കുറ്റകൃത്യങ്ങള്‍ ഒളിപ്പിച്ചുവച്ച സര്‍ക്കാര്‍ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നെങ്കില്‍ പ്രതിപക്ഷം അഭിനന്ദിച്ചേനെ.

മാധ്യമ പ്രവര്‍ത്തകയെ വ്യക്തിപരമായി അവഹേളിച്ച ധര്‍മ്മജന്റെ നിലപാട് തെറ്റാണ്. തെറ്റ് ചെയ്താല്‍ സി.പി.എമ്മിനെ പോലെ ന്യായീകരിക്കില്ല. തെറ്റ് ചെയ്യുന്നവരെ ന്യായീകരിക്കില്ലെന്നത് ഞങ്ങളുടെ നിലപാടാണ്.

കേരളത്തിന് അഭിമാനമായി മാറിയ ശ്രീജേഷിനെയാണ് സര്‍ക്കാര്‍ അപമാനിച്ചത്. വിദ്യാഭ്യാസ വകുപ്പും സ്‌പോര്‍ട് വകുപ്പും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സ്വീകരണം മാറ്റിയത്. കുടുംബവുമായി ശ്രീജേഷ് തിരുവനന്തപുരത്തേക്ക് എത്തുന്നതിനിടെയാണ് പരിപാടി മാറ്റിയെന്ന് അറിയിച്ചത്. ഒളിമ്പിക് മെഡല്‍ നേടിയ താരത്തെ ഇങ്ങെ അപമാനിക്കരുത്.

Author

Leave a Reply

Your email address will not be published. Required fields are marked *