ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇരകള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണം : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് ആലുവയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇരകള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണം. എന്നാല്‍ അന്വേഷിക്കില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ച് ലൈംഗിക ചൂഷണം ഉള്‍പ്പെടെ കുറ്റകൃത്യങ്ങളുടെ പരമ്പര തന്നെ നടന്നിട്ടുണ്ട്. അതിന്‍ മേല്‍ അന്വേഷണം നടത്തി കേസെടുക്കണമെന്നതാണ് പ്രതിപക്ഷ നിലപാട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല.

ഇരകളുടെ മൊഴി അനുസരിച്ച് റിപ്പോര്‍ട്ടില്‍ പേര് വന്നിരിക്കുന്ന വമ്പന്‍മാരെയും വന്‍ സ്രാവുകളെയും രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊലീസിന് മുന്നില്‍ വീണ്ടും മൊഴി നല്‍കണമെന്നും മൊഴികളില്‍ ഉറച്ചു നില്‍ക്കണമെന്നും പറഞ്ഞ് ഇരകളെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗൗരവകരമായ മൊഴികളില്‍ അന്വേഷണം നടത്തിയേ പറ്റൂ.

കോണ്‍ഗ്രസ് പോഷക സംഘടനാ നേതാവിന് എതിരായ ആരോപണത്തില്‍ നടപടി എടുക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉചിതമായ നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ഒരാളെയും കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ഒരു സംഘടനകളിലും വെച്ചുപൊറുപ്പിക്കാന്‍ പാടില്ലെന്നതാണ് നിലപാട്.

മാധ്യമങ്ങളില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച വര്‍ത്ത നല്‍കേണ്ടെന്നാണോ കേന്ദ്ര മന്ത്രി പറയുന്നത്. അദ്ദേഹവും ആ രംഗത്ത് നിന്നും വന്ന ആളല്ലേ. അദ്ദേഹത്തിന്റെ സഹോദരി തുല്യരായ ആളുകളല്ലേ പരാതിയുമായി വരുന്നത്. ആ വാര്‍ത്തകളൊന്നും മാധ്യമങ്ങള്‍ കൊടുക്കരുതെന്നും പ്രതിപക്ഷം മിണ്ടരുതെന്നുമാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് നിങ്ങളും കണ്ടുകൊണ്ടിരിക്കുകയല്ലേ? തെറ്റുകള്‍ തിരുത്തി ശുദ്ധീകരിക്കേണ്ട സമയമാണിത്. അത് ഏത് രംഗത്തായാലും നവീകരണ പ്രക്രിയ നടക്കും.

മുകേഷ് രാജി വയ്ക്കണമോയെന്ന് അദ്ദേഹവും പാര്‍ട്ടിയുമാണ് തീരുമാനിക്കേണ്ടത്. മുകേഷും പാര്‍ട്ടിയും ഉചിതമായ തീരുമാനം എടുക്കട്ടെ. ഒന്നിലധികം ആരോപണങ്ങളാണ് മുകേഷിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇത്തരം വിഷയങ്ങളോട് ഉത്തരവാദിത്തപ്പെട്ടവര്‍ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് കേരളീയ സമൂഹം ഉറ്റുനേക്കിക്കൊണ്ടിരിക്കുകയാണ്. രഞ്ജിത്തിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ പിണറായി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണെന്ന് പറഞ്ഞു. അങ്ങനെയെങ്കില്‍ അതേക്കുറിച്ച് അന്വേഷിക്കണം. സി.പി.എം സഹയാത്രികയായ ബംഗാളിലെ നടി ബംഗാളിലെ സി.പി.എമ്മിന്റെ സഹായത്തോടെ പിണറായി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചെന്നു പറയേണ്ടി വരും.

യഥാര്‍ത്ഥ കുറ്റവാളികളെ സര്‍ക്കാര്‍ നിയമത്തിന് മുന്നില്‍ കൊണ്ടു വന്നിരുന്നെങ്കില്‍ സിനിമരംഗത്തെ നിരപരാധികള്‍ക്ക് ആക്രമണം ഏറ്റു വാങ്ങേണ്ടി വരില്ലായിരുന്നു. കേസ് എടുക്കാന്‍ എന്താണ് തടസമെന്ന് ഹൈക്കോടതി വരെ ചോദിച്ചു.

വാളയാര്‍ കേസിലെ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപണം ഉന്നയിച്ചതാണ്. ഇടുക്കിയിലെ പീഡനക്കേസും ഇത്തരത്തില്‍ അട്ടിമറിച്ചു. സി.പി.എമ്മുമായി ബന്ധമുള്ള പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ രണ്ടു കേസുകളും അട്ടിമറിച്ചത്.

 

Author

Leave a Reply

Your email address will not be published. Required fields are marked *