അതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിക്കും. രജിസ്റ്റർ ചെയ്യുന്നവർക്ക് ആധാർ അധിഷ്ഠിതമായ യുണീക്ക് നമ്പർ നൽകി വിവിധ ഏജൻസികൾക്ക് വിവരങ്ങൾ ലഭ്യമാക്കും. രജിസ്ട്രേഷൻറെ ഉത്തരവാദിത്വം തൊഴിൽദാതാവിൽ നിക്ഷിപ്തമാക്കും. സ്ഥിരമായ തൊഴിൽദാതാവില്ലാത്ത വഴിയോരങ്ങളിലും മറ്റും തൊഴിൽ തേടുന്നവരുടെ രജിസ്ട്രേഷൻ തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥനിൽ നിക്ഷിപ്തമാക്കും. ജോലിയിൽ നിന്നോ താമസസ്ഥലത്ത് നിന്നോ വിട്ട് പോകുന്ന പക്ഷം തൊഴിൽദാതാവ് / താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥൻ തൻറെ
രജിസ്ട്രേഷൻ അക്കൗണ്ടിൽ നിന്നും ഇവരെ ഒഴിവാക്കണം. പുതിയ സ്ഥലത്ത് ജോലിക്കോ താമസത്തിനോ ചെല്ലുമ്പോൾ തൊഴിലാളിയുടെ യൂണീക് നമ്പർ ഉപയോഗിച്ച് പുതിയ ഉടമയുടെ കീഴിൽ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തും.
തൊഴിൽദാതാവ്, ലേബർ കോൺട്രാക്ടർമാർ, അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ എന്നിവർ ലേബർ ഓഫീസിൽ തങ്ങളുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്ത് ലോഗിൻ ഐഡിയും പാസ്വേർഡും കരസ്ഥമാക്കണം. ഇവ ഉപയോഗിച്ച് തങ്ങളുടെ കീഴിൽ ജോലിചെയ്യുന്ന/താമസിപ്പി ക്കുന്ന അതിഥി തൊഴിലാളികളെ നിർബന്ധമായും രജിസ്റ്റർ ചെയ്യപ്പിക്കണം.
തൊഴിൽ, വ്യവസായ, തദ്ദേശ സ്വയംഭരണ, പോലീസ് വകുപ്പുകൾ നിർവ്വഹിക്കേണ്ട ചുമതലകളും നടപടികളും സംബന്ധിച്ച് വിശദമായ മാർഗരേഖ പുറപ്പെടുവിക്കുന്നതിന് തൊഴിൽ വകുപ്പിനെ ചുമതലപ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന, ജില്ലാ, താലൂക്ക് തലങ്ങളിൽ കോർഡിനേഷൻ സമിതികൾ രൂപികരിക്കും. ഓരോ വകുപ്പിലും നോഡൽ ഓഫീസറെ ചുമതലപ്പെടുത്തും. ലേബർ കോൺട്രാക്ടർമാർ, സ്ഥാപന ഉടമകൾ, താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ എന്നിവർക്ക് തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്നതോ താമസിക്കുന്നതോ ആയ അതിഥി തൊഴിലാളികളെ രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകത മനസിലാക്കിക്കുന്നതിന് ബോധവർക്കരണ പരിപാടികളും ക്ലാസുകളും നടത്തും.