സംസ്ഥാനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് അർഹമായ സാമ്പത്തിക വിതരണം അനിവാര്യം – ധന മന്ത്രിമാരുടെ കോൺക്ലേവ്

Spread the love

സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതത്തിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കി ഫെഡറൽ സംവിധാനത്തെ അംഗീകരിക്കാൻ കേന്ദ്രഗവൺമെന്റ് തയാറാകണമെന്ന് തിരുവനന്തപുരത്ത് നടന്ന വിവിധ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ കോൺക്ലേവ് ആവശ്യപ്പെട്ടു. ഇതിനായി യോജിച്ച പ്രവർത്തനങ്ങൾ നടത്താനും കേന്ദ്ര ധനകാര്യ കമ്മീഷനുമായി ചർച്ചകൾ തുടരുകയും ചെയ്യും.

വിഭവ വിതരണത്തിലെ പുരോഗതിയിൽ സന്തുലിതാവസ്ഥ ഉണ്ടാകണമെന്ന് തെലങ്കാന ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളുടെ മികച്ച പ്രകടനങ്ങൾക്ക് പ്രോത്സാഹനം നൽകാതെയുള്ള വിഭവ കൈമാറ്റം അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കും.

അസമത്വം കുറയ്ക്കാനുള്ള ഭരണഘടനയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി സംസ്ഥാനങ്ങൾ തമ്മിലുള്ള സാമ്പത്തിക അന്തരം കുറക്കുന്നതിനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനങ്ങൾക്ക് ധനവിഹിതം കുറക്കുന്നതിലൂടെ പുരോഗതിയും കാര്യക്ഷമതയും കുറയുന്ന സാഹചര്യമുണ്ട്. പുനർവിതരണത്തിന് പരിധി നിശ്ചയിക്കാനും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളെ അംഗീകരിക്കാനും കേന്ദ്രം തയാറാകണം.

സാമൂഹിക നീതിക്കുവേണ്ടിയും തുല്യതക്കായുള്ള അന്വേഷണത്തിന്റെ ഭാഗവുമായാണ് കേരള സർക്കാർ സംഘടിപ്പിച്ച കോൺക്ലേവിനെ കാണുന്നതെന്ന് കർണാടക റവന്യൂ വകുപ്പ് മന്ത്രി കൃഷ്ണ ബേരെ ഗൗഡ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ജിഡിപി, നികുതി വരുമാനം, അഭിവൃദ്ധി എന്നിവയിൽ ഗണ്യമായ സംഭാവന നൽകുന്ന സംസ്ഥാനമാണ് കർണാടക. കേന്ദ്ര സർക്കാരിന് സംഭാവന ചെയ്യുന്ന ഓരോ 100 രൂപയ്ക്കും, സംസ്ഥാനത്തിന് തിരികെ ലഭിക്കുന്നത് 40 രൂപയാണ്. അതേസമയം ചില സംസ്ഥാനങ്ങൾക്ക് കൂടുതൽ ധനവിഹിതം ലഭിക്കുന്ന സാഹചര്യവുമുണ്ട്. തുല്യമായ നികുതി വിഹിതമല്ല മറിച്ച് ന്യായമായ പ്രതിഫലമാണ് സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്. ജിഎസ്ടി നടപ്പാക്കൽ കർണാടക പോലുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക അസമത്വം കൂടുതൽ വഷളാക്കി. ജിഎസ്ടിക്ക് മുമ്പുള്ള വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിവർഷം ഏകദേശം 22,000 കോടി രൂപ നഷ്ടപ്പെടുന്നു. കേന്ദ്ര ഗവൺമെന്റ് സെസും സർചാർജുകളും ഉപയോഗിക്കുന്നത് സംസ്ഥാനങ്ങളെ സാരമായി ബാധിക്കുന്ന സാഹചര്യവുമുണ്ട്. ഇത് പുനർവിതരണത്തിന് ലഭ്യമായ തുക കുറയ്ക്കുന്നു. സെസും സർചാർജുകളും 5 ശതമാനമായി നിജപ്പെടുത്തണമെന്നും അതിനപ്പുറമുള്ള എന്തും ന്യായം ഉറപ്പാക്കാൻ വിഭജിക്കാവുന്ന പൂളിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് സംസ്ഥാനങ്ങളെ തുല്യമായി പരിഗണിക്കുന്ന സാഹചര്യമുണ്ടാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *